'സ്വയം ചികിത്സിച്ച്' ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ ഡോക്ടർ
ക്യാൻസർ കോശങ്ങളെ ചെറുക്കാൻ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ചികിത്സയായ ഇമ്മ്യൂണോതെറാപ്പിയാണ് സംഘം ഉപയോഗിച്ചത്.
സ്വന്തം പരീക്ഷണാത്മക ചികിത്സയെ തുടര്‍ന്ന് ക്യാൻസർ വിമുക്തനായതിന്‍റെ ഒരു വർഷം ആഘോഷിക്കുകയാണ് ഓസ്‌ട്രേലിയൻ ഡോക്ടറായ പ്രൊഫസർ റിച്ചാർഡ് സ്‌കോളയർ. കഴിഞ്ഞ വർഷം പോളണ്ടിൽ വെച്ചാണ് അദ്ദേഹത്തിന് ഗ്ലിയോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന ഗ്രേഡ് 4 ബ്രെയിൻ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയത്. സ്കോളിയർ തന്‍റെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രൊഫസർ ജോർജിന ലോങ്ങിനൊപ്പം മെലനോമ ഇൻസ്റ്റിറ്റ്യൂട്ട് ഓസ്‌ട്രേലിയയുടെ സഹ- ഡയറക്ടറായി പ്രവർത്തിക്കുകയാണ്. സ്കോളിയർ ഓസ്‌ട്രേലിയൻ ഓഫ് ദ ഇയർ ആയി ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
തന്‍റെ ട്യൂമറിനെ നേരിടാന്‍ 57-ാം വയസില്‍, താന്‍ സ്കിൻ ക്യാൻസറായ മെലനോമയെ കുറിച്ച് പഠിക്കുമ്പോൾ വികസിപ്പിച്ചെടുത്ത ഒരു പരീക്ഷണാത്മക തെറാപ്പി പരീക്ഷിക്കാൻ സ്കോളിയർ തീരുമാനിക്കുകയായിരുന്നു. ക്യാൻസർ കോശങ്ങളെ ചെറുക്കാൻ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ചികിത്സയായ ഇമ്മ്യൂണോതെറാപ്പിയാണ് സംഘം ഉപയോഗിച്ചത്. ബിബിസി റിപ്പോർട്ടുകൾ പ്രകാരം, ട്യൂമർ നീക്കം ചെയ്യുന്നതിനായി ചില മരുന്നുകൾ സംയോജിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് മുമ്പ് നൽകുമ്പോൾ രോഗപ്രതിരോധ ചികിത്സ കൂടുതൽ ഫലപ്രദമാണെന്ന് പ്രൊഫസർ ജോർജിന ലോംഗും അവരുടെ സംഘവും കണ്ടെത്തി. കഴിഞ്ഞ വർഷം, ഈ പ്രീ-സർജറി കോമ്പിനേഷൻ ചികിത്സ ലഭിക്കുന്ന ആദ്യത്തെ മസ്തിഷ്ക ക്യാൻസർ രോഗിയായി സ്കോളിയർ മാറുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സമീപകാല എംആർഐ സ്കാനില്‍ ട്യൂമറിന്‍റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല എന്നാണ് സ്കോളിയർ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്. താൻ ആരോഗ്യവാനാണെന്നും സ്കോളിയർ പറയുന്നു.
ഈ പരീക്ഷണാത്മക ചികിത്സയുടെ ലക്ഷ്യം പ്രൊഫസറുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും മറ്റ് രോഗികൾക്ക് ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണെന്നും ബിബിസിയോട് സംഘം പറഞ്ഞു. എന്നാലും ഒരു അംഗീകൃത ചികിത്സ വികസിപ്പിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.