കൊവിഡിന് ശേഷം അമിതമായി വണ്ണം കൂടി; അനുഭവം പങ്കുവച്ച് നടി
നിരവധി പേരാണ് കൊവിഡ് പിടിപെട്ടതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പങ്കുവച്ചിട്ടുള്ളത്. സെലിബ്രിറ്റികള്‍ മാത്രമല്ല, സാധാരണക്കാരും ഇത്തരം അനുഭവങ്ങള്‍ ധാരാളമായി പങ്കുവയ്ക്കുന്നുണ്ട്
കൊവിഡ് 19 മഹാമാരിയോട് അനുബന്ധമായി പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ആളുകള്‍ നേരിടുന്നുണ്ട്. ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനൊപ്പം തന്നെ ശാരീരിക- മാനസികവ്യതിയാനങ്ങളും കൊവിഡാനന്തരം അനുഭവപ്പെട്ടേക്കാം.
വണ്ണം വര്‍ധിക്കുക, അമിതമായ ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം കൊവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. ഇത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് നടിയും ഹിന്ദി ബിഗ് ബോസ് 14 ജേതാവുമായ റുബീന ദിലൈക്.
കൊവിഡിനോട് അനുബന്ധമായി ഏഴ് കിലോയോളം തൂക്കം വര്‍ധിച്ചുവെന്നും ഇത് പഴയനിലയിലേക്ക് ആക്കിത്തീര്‍ക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നുമാണ് റുബീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. വണ്ണം കൂടിയപ്പോള്‍ അത് പെട്ടെന്ന് തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും റുബീന പറയുന്നു.
വണ്ണം കുറച്ച് അമ്പത് കിലോയിലേക്ക് തന്നെയെത്തിച്ച ശേഷമുള്ള ഫോട്ടോയും റുബീന പങ്കുവച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് മുപ്പത്തിനാലുകാരിയായ റുബീന.
നിരവധി പേരാണ് കൊവിഡ് പിടിപെട്ടതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പങ്കുവച്ചിട്ടുള്ളത്. സെലിബ്രിറ്റികള്‍ മാത്രമല്ല, സാധാരണക്കാരും ഇത്തരം അനുഭവങ്ങള്‍ ധാരാളമായി പങ്കുവയ്ക്കുന്നുണ്ട്.
ശാരീരികമായി വരുന്ന പ്രശ്‌നങ്ങള്‍ ക്രമേണ മാനസികമായി ബാധിക്കുകയും അത് ഉറക്കമില്ലായ്മയിലേക്കും വിഷാദത്തിലേക്കും നയിക്കുകയും ഇത് പിന്നീട് ജോലിയെയും കുടുംബജീവിതത്തെയും വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായും പലരും പരാതിപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ സ്വയം സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിഹരിക്കുന്നതിനായി ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യേണ്ടതുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona