ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ...
മിക്കപ്പോഴും ഈ പ്രശ്നമുള്ളവര്‍ ആശുപത്രിയിലെത്തി ഇത് പരിശോധനാവിധേയമാക്കുകയോ, പരിഹാരം തേടുകയോ ഒന്നും ചെയ്യാറില്ല. പലരും ഇങ്ങനെയൊരു പ്രശ്നം തങ്ങള്‍ക്കുണ്ട് എന്ന് പോലും തിരിച്ചറിയില്ല.
ഏമ്പക്കം വിടുന്നത് വളരെ സ്വാഭാവികമായൊരു ശാരീരിക പ്രതികരണം ആണ്. അതിനാല്‍ തന്നെ ആരും ഇതെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയോ വലിയ ശ്രദ്ധ നല്‍കുകയോ ചെയ്യാറില്ല. ഇതിലൊക്കെ എന്താണിത്ര പറയാനും ചിന്തിക്കാനും, അല്ലേ?
എന്നാല്‍ പുതിയൊരു പഠനം പറയുന്നത് ഏമ്പക്കം വിടുന്ന കാര്യത്തില്‍ വരെ നാം ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നാണ്. 'Neurogastroenterology & Motility' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
ചിലര്‍ക്ക് ഏമ്പക്കം വിടാനുള്ള കഴിവുണ്ടായിരിക്കില്ലത്രേ. ഇതിനെ 'നോ ബര്‍പ് സിൻഡ്രോം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പ്രശ്നമുള്ളവരുടെ ജീവിതനിലവാരം ഇതിനാല്‍ ബാധിക്കപ്പെടാം എന്നാണ് പഠനം കണ്ടെത്തുന്നത്.
മിക്കപ്പോഴും ഈ പ്രശ്നമുള്ളവര്‍ ആശുപത്രിയിലെത്തി ഇത് പരിശോധനാവിധേയമാക്കുകയോ, പരിഹാരം തേടുകയോ ഒന്നും ചെയ്യാറില്ല. പലരും ഇങ്ങനെയൊരു പ്രശ്നം തങ്ങള്‍ക്കുണ്ട് എന്ന് പോലും തിരിച്ചറിയില്ല. ഇവര്‍ക്കെല്ലാം പതിവായി അസഹ്യമായ ഗ്യാസ്, വയറ്റിലും നെഞ്ചിലും അസ്വസ്ഥത, തൊണ്ടയ്ക്ക് താഴെ മുതല്‍ വയറില്‍ നിന്ന് വരെ ശബ്ദങ്ങള്‍ വരിക പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നാണ് പഠനം പറയുന്നത്.
ഇത്തരം പ്രശ്നങ്ങളോ അറിഞ്ഞോ അറിയാതെയോ വ്യക്തിയുടെ ജീവിതനിലവാരത്തെ ബാധിക്കാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തൊണ്ടയിലെ ഒരു പേശി അയയാതിരിക്കുന്ന അവസ്ഥയാണ് ഏമ്പക്കമില്ലാതാക്കുന്നതത്രേ. ഇതിന് ചികിത്സയിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ കാര്യം. പക്ഷേ മിക്കവര്‍ക്കും ഇതെക്കുറിച്ച് അറിയില്ല.
ഈ വിഷയത്തില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കലാണ് പഠനം നടത്തിയ ഗവേഷകരുടെ ലക്ഷ്യം. ഇതെക്കുറിച്ച് അറിയുന്നവര്‍ സ്വയം പരിശോധിക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടുകയും ചെയ്യുമല്ലോ. ഇതിലൂടെ നിരവധി പേരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
Also Read:-എല്ലുകളും പേശികളും 'സ്ട്രോംഗ്' ആക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-