ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത വിവാഹച്ചടങ്ങുകൾ: സുന്ദരം, അനന്യം..!
പാഴ്സിവിവാഹ ചടങ്ങുകൾ ഹിന്ദു വിവാഹങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തപ്പെടുന്നത് അഗിയറി അഥവാ ബാഗ് എന്നറിയപ്പെടുന്ന പാഴ്സി പവിത്രാഗ്നി ക്ഷേത്രത്തിനു മുന്നിലാണ്. രസകരമായ പല ആചാരങ്ങളുമുണ്ട്.
ഇന്ത്യയിൽ വിവാഹ സീസണ് തുടക്കമായിരിക്കുകയാണ്. ഒപ്പം വിവിധ ചടങ്ങുകളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സംസ്കാരങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ വൈവിധ്യമാർന്ന ചടങ്ങുകൾക്കും പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ, ഓരോ സംസ്ഥാനത്തും അതാതിന്റെ സംസ്കാരത്തിനൊപ്പിച്ചുള്ള വിവാഹച്ചടങ്ങുകളും ഉണ്ടാവുക സ്വാഭാവികം.
ഓരോ മതങ്ങൾക്കും ഓരോ തരത്തിലുള്ള ആചാരങ്ങളാകും. മൂന്നുമുതൽ അഞ്ചുനാൾ വരെ നീണ്ടുനിൽക്കുന്ന വിവാഹച്ചടങ്ങുകളാണ് ഇന്ത്യയിൽ പതിവുള്ളത്. മെഹന്ദി, സംഗീത്, മണ്ഡപ്, ഫേരെ, വിദായി തുടങ്ങിയ ചടങ്ങുകൾ പതിവാണ്. ഈ ചടങ്ങുകളിലൊക്കെ ഓരോ സംസ്ഥാനവും അതിന്റേതായ ഫ്ലേവർ കാത്തുസൂക്ഷിക്കാറുണ്ട്.
ഇന്ത്യയിലെ ഹിന്ദു മുസ്‌ലിം വിവാഹങ്ങളുടെ ചടങ്ങുകൾ നമുക്കൊക്കെ സുപരിചിതമാണ്. ഈ ചടങ്ങുകളുടെ സങ്കല്പവും, അത് നടത്തുന്ന രീതിയും ഏറെക്കുറെ ഒന്നുതന്നെയാണ്. ചില രസകരമായ ആചാരങ്ങളില്ലേക്ക്.
പാഴ്സി വിവാഹം അഥവാ ലഗാൻ
പാഴ്സിവിവാഹ ചടങ്ങുകൾ ഹിന്ദു വിവാഹങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തപ്പെടുന്നത് അഗിയറി അഥവാ ബാഗ് എന്നറിയപ്പെടുന്ന പാഴ്സി പവിത്രാഗ്നി ക്ഷേത്രത്തിനു മുന്നിലാണ്. രസകരമായ പല ആചാരങ്ങളുമുണ്ട്. ഉദാ. അച്ചുമിച്ചു എന്നൊരു ചടങ്ങുണ്ട്. അതിൽ വധുവിന്റെ അമ്മ മുട്ട, അരി, തേങ്ങ, ഈന്തപ്പഴം, അടക്ക തുടങ്ങിയവയുമായി വരനെ പ്രദക്ഷിണം വെച്ച ശേഷം അവ വരന്റെ തലയ്ക്കുമീതെക്കൂടി എറിഞ്ഞുകളയുന്നു. വധൂവരന്മാരുടെ വസ്‌ത്രങ്ങൾ മറ്റു മതങ്ങളെക്കാൾ ലളിതമായിരിക്കും പാഴ്സികളുടെ ഇടയിൽ. സമൃദ്ധമായ സദ്യയും, അകമ്പടി സേവിക്കുന്ന സംഗീതവുമാണ് പാഴ്സി വിവാഹങ്ങളുടെ മുഖമുദ്ര.
മലയാളി വിവാഹങ്ങൾ
മലയാളികളുടെ വിവാഹ ചടങ്ങുകൾ വളരെ ലളിതവും, ഹ്രസ്വവുമാണ്. ചടങ്ങിനെ വിളിക്കുന്ന പേര് വേളി എന്നാണ്. പകൽനേരത്താണ് സാധാരണയായി ചടങ്ങു നടത്താറുള്ളത്. വധുവിന്റെ കഴുത്തിൽ വരൻ താലികെട്ടുന്നതോടെ ചടങ്ങുകൾക്ക് അവസാനമാകുന്നു. ബന്ധുക്കൾ ഒത്തുചേരുന്ന അപൂർവവേളയാണ് വിവാഹങ്ങൾ എന്നതിനാൽ, അതിനു ശേഷവും അവർ ആഘോഷം തുടർന്നു പോകും.
ബുദ്ധിസ്റ്റ് വിവാഹങ്ങൾ
ബുദ്ധമതക്കാരുടെ വിവാഹങ്ങളാണ് ലോകത്തിൽ വെച്ചേറ്റവും ലളിതമായിട്ടുള്ളവ. അതിൽ പണത്തിനോ, ആഭരണങ്ങൾക്കോ, ആഡംബരങ്ങൾക്കോ ഇടമില്ല. ഏതെങ്കിലും മൊണാസ്ട്രിയിൽ വെച്ച് വിവാഹിതരാകുന്നു വരാന് വധുവും. അതുകഴിഞ്ഞ് നടക്കുന്ന സ്വീകരണച്ചടങ്ങിലും സദ്യയിലും ഒന്നും വിശേഷിച്ച് വേഷഭൂഷകൾക്ക് സ്ഥാനമില്ല. ഖചാങ്ങ്, നൻചാങ്ങ് എന്നിങ്ങനെ രണ്ടു ചടങ്ങുകളാണുള്ളത്. ഖചാങ്ങ് എന്നാൽ വരന്റെ കുടുംബം വിവാഹത്തിനുള്ള ആലോചനയുമായി വധുവിന്റെ വീട് സന്ദർശിക്കുമാണ് ചടങ്ങാണ്. നൻചാങ്ങ് എന്നത് ഔപചാരികമായ വിവാഹച്ചടങ്ങും. ബുദ്ധ ഭിക്ഷു അഥവാ റിംപോച്ചെ ആണ് ചടങ്ങിൽ കാർമികത്വം വഹിക്കുന്നത്.
ബംഗാളി വിവാഹങ്ങൾ
ഒരുപക്ഷേ, ഏറ്റവും വർണ്ണാഭവും ആവേശഭരിതവുമായ വിവാഹങ്ങൾ ബംഗാളി വിവാഹങ്ങളാകും. ദേവതാ രൂപങ്ങൾ വിവിധവർണങ്ങളിൽ പകർത്തിയ കളിമൺകുടങ്ങൾ, 'മംഗൾ ഘട്ട്' കൾ അലങ്കരിച്ചുവെക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. വിവാഹത്തലേന്ന് അർദ്ധരാത്രിയിൽ പ്രതിശ്രുതവധൂവരന്മാർക്ക് വിവാഹപൂർവമുള്ള അവരുടെ അവസാന അത്താഴം നൽകുന്ന ചടങ്ങാണ് ആയി ബുരോ ഭാത്. വിവാഹനാളിൽ വധുവിനെ, സ്വന്തം സഹോദരങ്ങൾ ഒരു കസേരയിലിരുത്തി എടുത്തുകൊണ്ട് മണ്ഡപത്തിൽ ഇരുത്തുമ്പോൾ, വധു രണ്ടു തളിർ വെറ്റിലകൾ കൊണ്ട് മുഖം മറച്ചുപിടിക്കും.
ഓരോ കുടുംബങ്ങളിലെയും വിവാഹ ചടങ്ങുകൾ വ്യത്യസ്തമായിരിക്കും. ജാതി-മത-സമുദായ ഭേദങ്ങൾക്ക് അതീതമായി വിവാഹങ്ങളെ വിശിഷ്ടമാക്കി മാറ്റുന്ന ഒരു ആവേശമുണ്ട്. ബന്ധുമിത്രാദികൾ നാളുകൾക്കുശേഷം അടുത്തുകാണുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദമുണ്ട്. ഒരുമയുടെ അലയൊലികൾ കുടുംബത്തിലും സമൂഹത്തിലും പടർത്തുന്ന അപൂർവാവസരങ്ങളായി മാറുന്നു നമ്മുടെ വിവാഹച്ചടങ്ങുകൾ.