കഥകളിലേതുപോലെ നിഗൂഢത പേറുന്ന ചില വനങ്ങള്‍, അവയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍; കാണാം ചിത്രങ്ങള്‍
ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ സ്ഥലങ്ങളും സംഭവങ്ങളുമെല്ലാം കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. എന്നാല്‍, നിഗൂഢമായ സൗന്ദര്യം അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ കാണില്ലേ? അതിനെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍? കാടുകള്‍ അല്ലെങ്കിലേ നിഗൂഢമാണ്. നമുക്കറിയാത്ത വഴികള്‍, വഴി തെറ്റിപ്പോകാവുന്ന പച്ചത്തുരുത്തുകള്‍. നാമറിയാത്ത സസ്യങ്ങളും ജീവികളും ജീവിക്കുന്നയിടം. ലോകത്തിലെ തന്നെ വ്യത്യസ്‍തവും നിഗൂഢസൗന്ദര്യം പേറുന്നവയുമായ കുറച്ചു വനങ്ങളാണിത്.
ബ്ലാക്ക് ഫോറസ്റ്റ്, ജര്‍മ്മനി: പേരില്‍ തന്നെ ഒരല്‍പം വ്യത്യസ്‍തത തോന്നുന്നില്ലേ? ഒരുപാട് മിത്തുകളും വിശ്വാസങ്ങളും ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരിടമാണ് ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ്. അതില്‍ പ്രേതകഥകളും പെടുന്നു. ഭയപ്പെടുത്തുന്ന പ്രേതകഥകള്‍ മാത്രമല്ല, നിരവധി അല്ലാത്ത കഥകളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. എന്നാല്‍, റൈന്‍ നദീതീരത്ത് ദീര്‍ഘചതുരാകൃതിയിലായി കിടക്കുന്ന ഈ സ്ഥലത്തിന് ബ്ലാക്ക് ഫോറസ്റ്റ് അഥവാ ഇരുണ്ട വനം എന്ന് പേര് വരാന്‍ കാരണം ഇതൊന്നുമല്ല. നിബിഡമായ വനങ്ങളായതുകാരണം സൂര്യപ്രകാശം അകത്തേക്കെത്താന്‍ വിഷമമാണ്. അതിനാല്‍ത്തന്നെ എപ്പോഴും ഇരുട്ടാണിവിടെ. അതിനാലാണ് ഈ പേര് വന്നത്. ഏതായാലും ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഈ വനത്തിന്‍റെ ഭാഗമായി നിരവധി ഗ്രാമങ്ങളും കാല്‍നടയാത്രക്ക് പറ്റിയ സൗകര്യങ്ങളുമുണ്ട്.
സ്റ്റാന്‍ടണ്‍ മൂര്‍, യുകെ: നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ സ്റ്റാന്‍ടണ്‍ മൂര്‍ മെഗാലിത്തിക് ശിലകള്‍ കൊണ്ട് അറിയപ്പെടുന്ന സ്ഥലമാണ്. പ്രത്യേകിച്ച് നൈന്‍ ലേഡീസ് സ്റ്റോണ്‍ സര്‍ക്കിള്‍.
ഓഗിഹാര അഥവാ ആത്മഹത്യാവനം, ജപ്പാന്‍: ജപ്പാനിലെ ഈ വനത്തിന്‍റെ ചിത്രങ്ങള്‍ തന്നെ നിഗൂഢവും ഭയപ്പെടുത്തുന്നതുമാണ്. ഈ നിബിഡവനത്തില്‍ ആര്‍ക്കും എളുപ്പം വഴി നഷ്‍ടപ്പെടാം. ആത്മഹത്യ ചെയ്യാനായും പലരും ഈ വനം തെരഞ്ഞെടുക്കാന്‍ തുടങ്ങിയതോടെ അധികൃതരും ജനങ്ങളും പരിഭ്രാന്തരായി. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ചില മുന്‍കരുതലുകളുമെടുത്തു. എന്തിരുന്നാലും സ്വന്തം റിസ്‍കിലാവും ഇവിടേക്ക് ആരെങ്കിലും പോകുന്നത്. ഫുജി പര്‍വതത്തിന്‍റെ അടിത്തട്ടിലുള്ള ഈ വനം മരങ്ങളുടെ കടല്‍ എന്നും അറിയപ്പെടുന്നുണ്ട്.
ഹോയ ബാഷ്യു ഫോറസ്റ്റ്, റൊമാനിയ: ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢവനങ്ങളിലൊന്നാണ് ഹോയ ബാഷ്യു ഫോറസ്റ്റ്. ഇവിടെ മരങ്ങള്‍ക്കിടയില്‍ പ്രേതങ്ങളെ കണ്ടുവെന്ന് പറയുന്നവര്‍ നിരവധിയാണ്. മരത്തിന്‍റെ നിഴലോ മറ്റോ ആവാം ഇതിനു കാരണമെങ്കില്‍ക്കൂടിയും ഇവിടെ പ്രേതമുണ്ടെന്നും അല്ലെങ്കില്‍ വേറെന്തോ നിഗൂഢത ഈ വനം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നവര്‍ അനവധിയാണ്.
ക്രൂക്ക് ഫോറസ്റ്റ്, പോളണ്ട്: പോളണ്ടിലുള്ള ക്രൂക്ക് ഫോറസ്റ്റ് അഥവാ കൂനന്‍ കാട് വിചിത്ര രൂപത്തിലുള്ള ചില മരങ്ങളുടെ ഒരു കൂട്ടമാണ്. ഇങ്ങനെയുള്ള 400 പൈന്‍ മരങ്ങളാണ് ഈ കൂനന്‍ കാട്ടിലുള്ളത്. എന്തുകൊണ്ടാണ് ഈ പൈന്‍ മരങ്ങള്‍ക്ക് ഇങ്ങനെ ഒരാകൃതി വന്നതെന്നത് കണ്ടെത്താനായിട്ടില്ല. 1930 -കളിലാണ് ഈ മരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്ന് കരുതുന്നു. അന്ന് ഈ സ്ഥലം ജര്‍മ്മനിയുടെ അധീനതയിലായിരുന്നു. ഏതായാലും ഇപ്പോഴും കൂനന്‍ കാട് ഒരത്ഭുതം പോലെ നിലനില്‍ക്കുന്നു.
ഹല്ലെർബോസ്, ബെല്‍ജിയം: ഓരോ വസന്തകാലത്തും അതിശയിപ്പിക്കും വിധം സൗന്ദര്യമുള്ള കാഴ്‍ചകളുമായി വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന സ്ഥലമാണ് ഹല്ലെര്‍ബോസ്. ബ്ലൂബെല്‍ പുഷ്‍പങ്ങളെങ്ങും നിറഞ്ഞിരിക്കുന്ന സമയത്ത് ഭൂമിയാകെ നീലയോ-വയലറ്റോ കലര്‍ന്ന കാര്‍പെറ്റ് വിരിച്ചപോലെ കാണപ്പെടുന്നു. ഈ മനോഹരമായ ദൃശ്യം കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. 1360 ഏക്കറുകളിലായിക്കിടക്കുകയാണ് ഹല്ലെര്‍ബോസ് വനം.