പാപനാശത്ത് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു; ഒടുവില്‍, ജിഎസ്ഐയെ നോക്കുകുത്തിയാക്കി കുന്നിടിക്കല്‍, വിവാദം
2014 ല്‍ വര്‍ക്കല പാപനാശം ബീച്ചിന് സമീപം ബലിമണ്ഡപം നിര്‍മാണം തുടങ്ങിയപ്പോൾ തന്നെ, കുന്നിടിച്ചുള്ള നിര്‍മാണങ്ങള്‍ വന്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിതെളിയിക്കുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നു. പക്ഷേ, മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടു. ഒപ്പം അനധികൃത നിര്‍മ്മാണങ്ങളും തകൃതിയായി നടന്നു. ഓരോ അനധികൃത നിര്‍മ്മാണങ്ങളും ഉയരുമ്പോള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ കാലവര്‍ഷത്തില്‍ കുന്ന് ഇടിഞ്ഞപ്പോള്‍ ബാക്കി കൂടി ഇടിക്കാനായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവ് വിവാദമായപ്പോള്‍ ഉത്തരവ് തന്നെ റദ്ദാക്കപ്പെട്ടു. (റിപ്പോര്‍ട്ട്: സലാം പി ഹൈദ്രോസ്, ചിത്രങ്ങള്‍: പ്രദീപ് പാലവിളാകം)
പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാറില്ല. എന്നാല്‍, ഇത്തരം പ്രദേശങ്ങളില്‍ പലപ്പോഴും അനധികൃത നിര്‍മ്മാണങ്ങള്‍ തകൃതിയായി നടക്കുന്നു. ഒടുവില്‍ അപകടം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രാദേശിക ഭരണകൂടവും പരസ്പരം പഴി ചാരുന്നു.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ ജില്ലാ കലകടറാണ് കുന്നിടിക്കാന് അനുവാദം നല്കിയതെന്നും ഉദ്യോഗസ്ഥര്ക്ക് സഹായം നല്‍കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും വര്‍ക്കല നഗരസഭ ചെയര്‍മാന്‍ പറയുന്നു. തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയാണ് അതീവപ്രാധാന്യമുള്ള കുന്നിടിക്കാന്‍ നടപടിയെടുത്തതെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദം.
വര്‍ക്കല പാപനാശം ബീച്ച് മുതല്‍ ആറ് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടൽത്തീരം. മണ്ണിന്‍റ അപൂർമായ ഘടനാ സവിശേഷത കൊണ്ട് ദേശീയ ഭൂപൈതൃക പ്രദേശമായി പ്രഖ്യാപിച്ച കുന്നിന്‍ നിരകള്‍. ശക്തമായ മഴയില്‍ പാപനാശം കുന്ന് ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ മണ്ണ് ഇടിഞ്ഞു.
ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ സ്ഥലം സന്ദർശിച്ച് കലക്ടര്‍ക്ക് റിപ്പോർട്ട് നല്‍കി. തുടർന്നാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനെന്ന പേരിൽ സമീപ പ്രദേശങ്ങള്‍ ഇടിച്ചു നിരത്താന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.
ശാസ്ത്രീയമായി കുന്നിടിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങള്‍ പോലും അട്ടിമറിച്ചാണ് കരാറെടുത്തവർ ജെസിബിയുമായി എത്തി പണി തുടങ്ങിയത്. കൂടുതല്‍ മണ്ണിന് വേണ്ടി പരിധിക്കപ്പുറം ആഴത്തിലും നീളത്തിലും കുന്നിടിച്ച് തുടങ്ങി. ഇതോടെ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞു.
പക്ഷേ, വര്‍ക്കല നഗരസഭാ അധികൃതര്‍ കൈമലര്‍ത്തി. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ എടുത്ത തീരുമാനം ജില്ലാ കലകടറോട് തന്നെ ചോദിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ എം ലാജി പറയുന്നു. ഇതിനിടെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടപടിക്കെതിരെ രംഗത്തെത്തി.
മണ്ണിന്‍റെ ഘടനയെ ബാധിക്കുന്ന ഏത് കാര്യം ചെയ്യുമ്പോഴും ജിഎസ്ഐയുടെ അനുമതി ആവശ്യമാണ്. കുന്നിടിക്കലില്‍ തങ്ങളെ പൂർണ്ണമായും ഇരുട്ടില്‍ നിര്‍ത്തിയെന്ന് ജിഎസ്ഐ പറയുന്നു. ജിഎസ്ഐയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണവും.
2014 -ല്‍ ബീച്ചിന് സമീപം ബലിമണ്ഡപം നിര്‍മാണം തുടങ്ങിയപ്പോൾ തന്നെ, കുന്നിടിച്ചുള്ള നിര്‍മാണങ്ങള്‍ വന്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിതെളിയിക്കുമെന്ന് ജിഎസ്ഐ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നു. മണ്ണിന്‍റെ പ്രത്യേക ഘടന മൂലം മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കെട്ടിടങ്ങൾ സുരക്ഷിതമാകില്ലെന്നുമായിരുന്നു റിപ്പോർട്ട്. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.
ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി അടിയന്തരമായി കുന്നുകള്‍ക്കും ബലിമണ്ഡപത്തിനും ഇടയിൽ സമാന്തരമായി ഇരുമ്പ് വേലി സ്ഥാപിക്കണമെന്നും നിർദേശമുണ്ടായി. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒടുവിൽ, അനിവാര്യമായത് സംഭവിച്ചു. അടുത്തിടെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞ് മണ്ഡപത്തിലേക്ക് പതിച്ചു.
ദുരന്ത നിവാരണ സമിതിക്ക് കൈമാറിയ റിപ്പോർട്ട് താഴെ തട്ടിലേക്ക് അയച്ചു കൊടുക്കുകയോ തുടര്‍നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. തങ്ങള്‍ക്ക് ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് ഒരു അറിവുമില്ലെന്നാണ് വർക്കല നഗരസഭ ചെയര്‍മാൻ കെ എം ലാജി പറയുന്നത്.