'സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു'; സിമ്പിൾ ലുക്കിൽ മനോഹരിയായി മഞ്ജു വാര്യർ
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
'സന്തോഷകരമായ നിമിഷങ്ങള്‍ വരുന്നു', എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സമീറ സനീഷാണ് തനിക്കായി ഈ ഔട്ട്ഫിറ്റ് തയ്യാറാക്കിയതെന്നും താരം കുറിച്ചിട്ടുണ്ട്. സിമ്പിൾ ലുക്കിൽ ഏറെ മനോഹരിയായാണ് താരത്തെ ചിത്രത്തിൽ കാണാനാകുക.
ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. "സൂപ്പർ വുമൺ, നിങ്ങളുടെ പുഞ്ചിരി എല്ലാ വസ്ത്രങ്ങളെയും മനോഹരമാക്കും. പുഞ്ചിരിച്ചുകൊണ്ടിരിക്കുക, നിങ്ങൾ ഓരോ ദിവസം കഴിയുംതോറും വിസ്മയിപ്പിച്ച കൊണ്ട് ഇരിക്കുന്നു, പതറി വീഴാനുള്ളതല്ല നിവർന്നു നിൽക്കാനുള്ളതാണ് ജീവിതമെന്ന് ജീവിച്ചു കാണിച്ച വ്യക്തിത്വം, മനസിന്റെ സന്തോഷം അതാണ് മുഖത്തു കാണുന്നത് എന്നും ഇങ്ങനെ ശോഭയോടെ തിളങ്ങട്ടെ ചേച്ചിയുടെ മുഖം", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, 'എകെ 61' എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന അജിത് ചിത്രത്തിന്റെ തിരക്കുകളിലാണ് മഞ്ജു വാര്യർ ഇപ്പോൾ. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നിർമ്മാണം.
'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി റിലീസ് കാത്തുനിൽക്കുന്ന മലയാള സിനിമ. സൗബിനും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപ'ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍.