Troll: നാല് കിലോ തിരുത, ഇത്തവണ കണ്ണൂര്‍ക്കാട്ടോ; കാണാം, കണ്ണൂര്‍ക്ക് വണ്ടി കയറിയ തിരുത ട്രോളുകള്‍
കേരളത്തില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയാണ്. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ആശയപരമായ ചില പ്രശ്നങ്ങളുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്ക് പുറത്ത് പക്ഷേ തിരുത മാത്രമാണ് ചര്‍ച്ച. തിരുതയെ അറിയില്ലേ ? പണ്ട് കെ വി തോമസ് മാഷുടെ കൂടെ ദില്ലിക്ക് വണ്ടി കയറിയ അതേ തിരുത മീന്‍. അത് തന്നെയാണ് താരം. പക്ഷേ, ഇത്തവ തോമസ് മാഷുടെ കൂടി വണ്ടി പിടിച്ച തിരുത മീന്‍ എത്തിയത് ദില്ലിക്കല്ല, കണ്ണൂര്‍ക്കാണ് കാണാം ആ തിരുത ട്രോളുകള്‍
തേവര എസ് എച്ച് കോളേജില്‍ 33 വര്‍ഷം കെമിസ്ട്രി അധ്യാപകനായിരുന്ന പ്രൊഫസര്‍ കുറുപ്പശ്ശേരി വര്‍ക്കി തോമസ് എന്ന് കെ വി തോമസ് പഞ്ചായത്തംഗം മുതല്‍ കേന്ദ്രമന്ത്രി സ്ഥാനം വരെ സ്വന്തമാക്കിയ നേതാവാണ്. ആന്‍റണി രാജ്യസഭാ സീറ്റ് ഒഴിഞ്ഞപ്പോള്‍ മുതല്‍ പണിയില്ലാതെ വീട്ടിലിരുന്ന തോമസ് മാഷിന് ഒരാഗ്രഹം.
ആന്‍റണിക്ക് വേണ്ടെങ്കില്‍ എന്ത് കൊണ്ട് തനിക്ക് വീണ്ടും രാജ്യസഭാ എം പി ആയിക്കൂടാ ? സ്വാഭാവികമായും തോമസ് മാഷിന്‍റെ ആഗ്രഹത്തിന് ന്യായമുണ്ട് താനും. സ്ഥാനം മോഹിച്ച് അദ്ദേഹം താരിഖ് അന്‍വറിനെ കണ്ടു. ചര്‍ച്ച നടത്തി.
പക്ഷേ, കെ വി തോമസ് ആവര്‍ത്തിച്ച് കൊണ്ടുക്കൊടുത്ത തിരുത മീനിന്‍റെ ടേസ്റ്റ് കോണ്‍ഗ്രസിന് അത്ര പിടിച്ചില്ല. അവര് സീറ്റ് മറ്റൊരാള്‍ക്ക് മറിച്ചു. 33 വര്‍ഷം രസതന്ത്രം പയറ്റിയ അധ്യാപകന്‍, അതിന് ശേഷം രാഷ്ട്രീയ രസതന്ത്രത്തില്‍ തിരുത മീനിനോളം വഴക്കം നേടിയ പാരമ്പര്യം.
പക്ഷേ ആ പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന്‍റെ ബോധ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെ വിഷമിച്ചിരിക്കുന്നതിനിടെയാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നെന്ന് അറിഞ്ഞത്.
തോമസ് മാഷിന് വെറുതെ ഇരിക്കാനറിയില്ല. അദ്ദേഹം കണ്ണൂര്‍ക്ക് പഴയ ദില്ലി ഓര്‍മ്മയില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അദ്ദേഹം കണ്ണൂര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് പക്ഷേ, ഖാദിയില്‍ കറ പുരളാത്ത കോണ്‍ഗ്രസുകാര്‍ക്ക് സഹിച്ചില്ല.
ആളാം പ്രതി ഓരോരുത്തരായി വരിനിന്ന് തോമസ് മാഷെ തെറി വിളിച്ചു. കൂട്ടത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആക്രോശിച്ചു. എല്ലാം കേട്ട തോമസ് മാഷ് ഒടുവില്‍ തന്‍റെ ചങ്ക് പറിച്ച് കാണിച്ചു. ഞാന്‍ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ലെന്നും. എന്നിട്ടും തന്നെ ഒന്നര വര്‍ഷം പണിയില്ലാതെ വെറുതെ ഇരുത്തിയെന്നും അദ്ദേഹം ആധി പൂണ്ടു.
ഏഴ് വട്ടം തെരഞ്ഞെടുപ്പ് ജയിച്ചത് എന്‍റെ തെറ്റല്ല. പിന്നെ തോൽക്കുന്നതാണോ തെറ്റ്. എന്നിട്ടും അപമാനം മാത്രം ബാക്കി. തിരുത തോമ എന്നുവരെ വിളിച്ച് തന്നെ അപമാനിച്ചെന്നും അദ്ദേഹം ഗദ്ഗദകണ്ഠനായി.പക്ഷേ, തോമസ് മാഷിന്‍റെ ചങ്കിലെ ചോര കണ്ടത്, ചോര കണ്ട് പതറാത്ത കറയില്ലാത്ത കമ്മ്യൂണിസ്റ്റുകാര് മാത്രം.
അസൂയാലുക്കള്‍ പലതും പറയുന്നുണ്ട്. പുറത്ത് നിന്ന് ആരും കേറാത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ആരെയെങ്കിലും കയറ്റണമെന്ന് വന്നപ്പോ തോമസ് മാഷെ പിടിച്ച് കയറ്റിയതാണെന്നൊക്കം. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രണ്ട്തട്ടിലാണ് അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം.
ഗൺ മുനയിൽ ആണോ എന്നോട് സംസാരിക്കേണ്ടത് ? ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിലേക്കാണ്. അതിലേക്ക് ഞാൻ പോകും. തോമസ് മാഷിന് തന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, അതൊന്നും ശരിയല്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നുള്ള അനൗണ്‍സ്മെന്‍റ്.
പാർട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. നെഹ്റുവിന്‍റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാർ കെ വി തോമസ് സെമിനാറിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹഹിക്കുന്നതെന്ന കാര്യത്തില്‍ എം വി ജയരാജന് സംശയമൊന്നുമില്ല.
തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് തോമസ് മാഷെ വിലക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനെ കുറിച്ച് ഇപി ജയരാജൻ സൂചിപ്പിച്ചു. ചിലതൊന്നും മറക്കാന്‍ പറ്റില്ലെന്നാണ് ജയരാജ പക്ഷം. തോമസ് മാഷ് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ തങ്ങള് പൊന്ന് പോലെ നോക്കുമെന്നാണ് കണ്ണൂരില്‍ നിന്ന് ചില 'വിപ്ലവ സിംഗ'ങ്ങള്‍ വിളിച്ച് കൂവുന്നതെന്നും വാമൊഴി വഴക്കമുണ്ട്.
കാര്യങ്ങളെന്തായാലും ലോകം ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തോമസ് മാഷിന് വെറുതെയിരിക്കാന്‍ പറ്റുന്നതെങ്ങനെ ?
അദ്ദേഹം അടുത്ത ട്രെയിനിന് തന്നെ ടിക്കറ്റൊരെണ്ണം ബുക്ക് ചെയ്തു. കണ്ണൂരുകാരും ഇച്ചിരി കൊച്ചിയിലെ തിരുത കഴിക്കട്ടെന്നെ... ഇതൊക്കെ ദില്ലിക്കാര് മാത്രം കഴിച്ചാമതിയോയെന്ന് ട്രോളന്മാരും.