'എന്നാലും, അതേത് ഗ്രൂപ്പാകും?'; ശബരീനാഥിന്‍റെ സ്ക്രീന്‍ ഷോട്ട് പുറത്തായതില്‍ ചോദ്യവുമായി ട്രോളന്മാര്‍
സ്വപ്നാ സുരേഷിന്‍റെ സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തല്‍ പുറത്ത് വന്നിട്ട് മാസങ്ങളായി. എന്നാല്‍ അതുയര്‍ത്തി വിട്ട പ്രശ്നങ്ങള്‍ ഇന്നും തുടരുകയാണ്. മുഖ്യമന്ത്രിക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ വഴി നീളെ കരിങ്കാടി കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നടന്നു. ഒടുവില്‍ സഹികെട്ട് മുഖ്യമന്ത്രി വിമാനം പിടിച്ചു. എന്നാല്‍, അതിനകത്തും കരിങ്കൊടിയുമായി കോണ്‍ഗ്രസുകാര്‍ കയറി. ഒടുവില്‍ ഉന്തും തള്ളും കേസുമായി. പ്രതിഷേധിച്ചവര്‍ക്കെതിരെ രണ്ട് ആഴ്ചയും പ്രതിഷേധത്തെ പ്രതിരോധിച്ച ഇ പി ജയരാജനെതിരെ മൂന്ന് ആഴ്ചത്തെ വിലക്കുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഇതിന് മറുപടിയായി മുഖ്യമന്ത്രി വിമാനത്തില്‍ പോകുന്നുണ്ടെന്നും അവിടെയും പ്രതിഷേധിക്കാമെന്നുമുള്ള ആശയം പുറത്ത് വിട്ട കെ എസ് ശബരീനാഥ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് കളി വാട്സാപ്പ് ഗ്രൂപ്പ് കളിയായതായി ട്രോളന്മാരും കണ്ടെത്തി. കാണാം ആ കളികള്‍.
ശബരിനാഥിന്‍റെ അറസ്റ്റോടെ രണ്ട് കാര്യങ്ങള്‍ വ്യക്തമായതായിട്ടാണ് ട്രോളന്മാരുടെ നിരീക്ഷണം. ഒന്ന് സ്വാഭാവികമായും കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെങ്കില്‍ മറ്റേത്, പിണറായി സര്‍ക്കാര്‍ അടുത്ത കാലത്ത് എടുത്ത പല തീരുമാനങ്ങളും പാളിപ്പൊയെന്ന കണ്ടെത്തലാണ്.
മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് കെ എസ് ശബരിനാഥ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി ഒപ്പുവച്ചു.
എന്നാല്‍, അതോടൊപ്പം കോടതി മറ്റൊരു നിരീക്ഷണവും നടത്തി വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കേരളാ പൊലീസിന് കഴിഞ്ഞില്ല.
മൂന്ന് പ്രതികളുടെ ഫോൺ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രമാണ് ചാറ്റിലുള്ളത്. ഈ ഫോൺ പരിശോധനയിലും ഗൂഡാലോചന തെളിയിക്കുന്ന പ്രത്യേകിച്ചൊന്നും പൊലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൊബൈൽ ഹാജരാക്കാൻ പ്രതി തയ്യാറാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടില്‍ ഗൂഡാലോചന വ്യക്‌തമല്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതി, പ്രഥമദൃഷ്ടാ ശബരിനാഥിനെതിരെ കുറ്റമില്ലെന്ന് പറഞ്ഞ് ജാമ്യം അനുവദിച്ചു. പക്ഷേ അവിടെ വച്ച് കോണ്‍ഗ്രസില്‍ മറ്റൊരു പ്രശ്നം ആരംഭിച്ചു. ആരാണ് ആ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് പുറത്ത് വിട്ടത് ?.
യൂത്ത് കോൺഗ്രസ് ഓദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് ചാറ്റ് പുറത്ത് പോയത്. ഇത് ഗുരുതര സംഘടനാ പ്രശ്നമെന്ന് വൈസ് പ്രസിഡന്‍റ് കെ എസ് ശബരിനാഥൻ ഉന്നയിച്ചു. ഇതിനെ ഗൗരവപരമായാണ് യൂത്ത് കോൺഗ്രസും കെ പി സി സിയും കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനയിലും നെല്ലും പതിരുമുണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടനാ നിലപാടിന് ഒപ്പം നിൽക്കുമെന്നും കെ എസ് ശബരിനാഥൻ വിശ്വാസം പ്രകടിപ്പിച്ചു.
ജാമ്യവ്യവസ്ഥകൾ പാലിച്ച് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. കരിങ്കൊടി കാണിക്കാൻ ഗൂഢാലോചന നടത്തി എന്നാണെങ്കിൽ അത് അംഗീകരിക്കും. വാട്ട്സ്ആപ്പ് ചാറ്റ് ചോർന്നത് കൊണ്ട് നിരപരാധിത്തം തെളിയിക്കാനായെന്നും കെ എസ് ശബരി നാഥൻ അവകാശപ്പെട്ടു.
'സി എം കണ്ണൂർ ടിവി എം ഫ്ലൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്ലൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ... എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ' എന്നാണ് കെ എസ് ശബരിനാഥൻ യൂത്ത്കോൺഗ്രസ് ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ എഴുതിയത്.
ഇതിന്‍റെ സ്ക്രീൻ ഷോട്ട് പുറത്ത് വന്നതോടെയാണ് ശബരിക്കെതിരെ പൊലീസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം നാടകീയമായി താങ്കളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തെന്ന് ശബരിനാഥിനെ പൊലീസ് അറിയിക്കുകയായിരുന്നു.
എന്നാല്‍ ശബരിനാഥിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. മാത്രമല്ല, കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇന്ന് മുതൽ 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദേശവും കോടതി നൽകി.
ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ശബരിനാഥ് ഹാജരായി. അതേസമയം വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്‍റേത്' എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ പറഞ്ഞു.
വാട്ആപ്പ് ഗ്രൂപ്പിൽ താൻ തന്നെയാണ് വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥൻ അവകാശപ്പെട്ടു.
വാട്സ്ആപ്പ് ചാറ്റ് പുറത്ത് പോയതിനെതിരെ കെ മുരളീധരനും രംഗത്തെത്തി. ചില വിദ്വാന്മാര്‍ എല്ലാ ഗ്രൂപ്പിലും കാണും. അത്തരം പാഷാണത്തില്‍ കൃമികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.