Troll: വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നാണക്കേടെന്ന് മന്ത്രി; കാണാം ആ നാണക്കേടിന്‍റെ ട്രോളുകള്‍
ആറ് വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എന്നതാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നിലപാട്. ആ സൗജന്യ വിദ്യാഭ്യാസം നേടാന്‍ രണ്ട് രൂപ കണ്‍സെഷനില്‍ വിദ്യാര്‍ത്ഥികള്‍ ബസ് യാത്ര നടത്തുന്നത് നാണക്കേടാണെന്നാണ് സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) പറയുന്നത്. 10 വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസെഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. 2 രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു'. എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. മന്ത്രിയുടെ പ്രസ്ഥാവനയ്ക്കെതിരെ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രംഗത്തെത്തി. മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നുമാണ് എസ്എഫ്ഐയുടെ മറുപടി. കൺസഷൻ ഔദാര്യമല്ല, അവകാശമാണെന്ന് പറഞ്ഞ എഐവൈഎഫ് സ്റ്റേറ്റ് സെക്രട്ടറി ടി ടി ജിസ്മോൻ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു. സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്കില്ലാത്ത നാണക്കേട് എന്തിനാണ് സമരം ചെയ്ത് കൺസഷൻ നേടിയ വിദ്യാർത്ഥികൾക്കെന്നായിരുന്നു ജിസ്മോന്‍റെ ചോദ്യം. ഇതോടെ ട്രോളന്മാരും രംഗത്തെത്തി.
ട്രോളൊക്കെ ഇറങ്ങിത്തുടങ്ങിയപ്പോള്‍ 'നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്ന വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പിന്‍റെ ശ്രമമെന്നും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൌജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.