Gender neutral Uniform: പര്‍ദ്ദയോ, പാന്‍റും ഷര്‍ട്ടുമോ ? അസ്വാതന്ത്ര്യം തരുന്ന വസ്ത്രമേതെന്ന് ട്രോളന്മാര്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്നലെ കേരളത്തിലെ വിദ്യാലയങ്ങളില്‍ ലിംഗ സമത്വ യൂണിഫോം പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്ത ഇന്നലെ തന്നെ ബാലുശ്ശേരി സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ ലിംഗ സമത്വ യൂണിഫോം ധരിച്ചാണ് സ്കൂളിലെത്തിയത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞതിന് പുറകെ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടികളുടെ സ്വാതന്ത്രത്തെയോ അഭിപ്രായത്തെയോ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ വസ്ത്രധാരണത്തില്‍ കൈകടത്തുന്നതെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍ ലിംഗ സമത്വ യൂണിഫോം ധരിച്ച് സ്കൂളിലെത്തിയ കുട്ടികള്‍ക്ക് തങ്ങളുടെ പുതിയ യൂണിഫോം വളരെ കംഫര്‍ട്ടഫിളാണെന്ന അഭിപ്രായമാണുള്ളത്. ഇതിനിടെ പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞ് ട്രോളന്മാരും രംഗത്തെത്തി.
പുതിയ യൂണിഫോം ധരിക്കുന്ന കുട്ടികള്‍ക്കില്ലാത്ത സ്വാതന്ത്ര പ്രശ്നം എന്താണെന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. പോരാത്തതിന് സ്ത്രീകളെ മൊത്തം മൂടുന്ന പര്‍ദ, സ്ത്രീകളെ സംബന്ധിച്ച് അസ്വാതന്ത്രമല്ലേയെന്നും ട്രോളന്മാര്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വസ്ത്രത്തിലെ സാമൂഹിക ഉത്കണ്ഠ വ്യക്തമാക്കുന്ന ട്രോളുകള്‍ കാണാം.