P C George troll : പിസി ജോര്‍ജ് വിവാദം; ചിലര്‍ വരുമ്പോള്‍ മറ്റു ചിലര്‍ വഴിമാറുന്നുവെന്ന് ട്രോളന്മാര്‍
തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാപരിഷത്ത് 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജ്യത്തെ നിയമവാഴ്ചയേയും ജനാധിപത്യമൂല്യങ്ങളെയും വെല്ലുവിളിച്ച് കൊണ്ടായിരുന്നു മുന്‍ എംഎല്‍എ കൂടിയായിരുന്ന പി സി ജോര്‍ജ് സംസാരിച്ചത്. തൊട്ട് പുറകെ കോണ്‍ഗ്രസ് നേതാക്കള്‍ പിസി ജോര്‍ജിനെതിരെ രംഗത്തെത്തി. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നായിരുന്നു പി സി ജോര്‍ജ് ആരോപിച്ചത്. ഒടുവില്‍ പിസി ജോര്‍ജിനെതിരെ കേസായി, അറസ്റ്റായി. പുറകെ ട്രോളന്മാരുടെ വരവായി....
മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും കോണ്‍ഗ്രസ് യുവ നേതാക്കളുടെ പരാതിയിൽ വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തെ സംശയത്തിന്‍റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് ഇത് കാരണമാകുകയെന്നാണ് പരാതിയിൽ ഉന്നയിച്ചു.
വിടി ബല്‍റാം. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടം തുടങ്ങിയ കോണ്‍ഗ്രസിന്‍റെ ഒട്ടുമിക്ക യുവ എംഎല്‍എമാരും പിസി ജോര്‍ജിനെതിരെ രംഗത്തെത്തി.
ഫേസ്ബുക്കില്‍ 'കൈകൂപ്പുന്ന' ഇമോജിയിട്ടാണ് പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചത്. പിതാവായ പി സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിച്ചു.
സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണ് പി സി ജോർജ് എന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.
തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വർഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലിൽ നിന്ന് കഴിഞ്ഞ ദിവസം ബഹിർഗമിച്ച വാക്കുകളുടെ ദുർഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും സിപിഐഎം പ്രസ്താവനയിറക്കി.
മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്‍റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സിപിഐഎം പറയുന്നു.
ഇതിനിടെ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തു. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി.
പിസി ജോര്‍ജ്ജിന്‍റെ മൊഴി ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.
ഇതിനിടെ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തതിനെതിരെ ബിജെപി രംഗത്തെത്തി. പി സി ജോർജിന്‍റെ കസ്റ്റഡി പിണറായി സർക്കാരിന്‍റെ ഫാസിസ്റ്റ് സമീപനത്തിന്‍റെ തെളിവാണെന്നായിരുന്നു സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.
ഇടത് സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ പിന്തുണയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ രംഗത്തെത്തി. പി സി ജോര്‍ജുമായി എത്തിയ പൊലീസ് വാഹനം പട്ടത്ത് എത്തിയപ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. മൂന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഒടുവില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരം നന്ദവനം എ ആര്‍ ക്യാമ്പിലേക്കാണ് പി സി ജോര്‍ജിനെ കൊണ്ടുവന്നത്.
എ ആര്‍ ക്യാമ്പിലെത്തിച്ച പി സി ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചു. പൊലീസ് നടപടിക്കെതിരെ മന്ത്രി രൂക്ഷ വിമര്‍ശനം നടത്തി.
'വിശദാംശങ്ങള്‍ നേരിട്ട് ചോദിച്ചറിയാനാണ് എത്തിയത്. യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ അപ്പോള്‍ അറസ്റ്റ് ചെയ്യും ആരെ പ്രീണിപ്പിക്കാനാണ് ഈ നീക്കം ' എന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്.
എന്നാല്‍, പി സി ജോര്‍ജിന്‍റെ പ്രസ്താവനയോട് യോജിക്കുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.
'പിസിജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്ന് ഇത്രയും കാലം പറഞ്ഞിരുന്നവരാണ് സിപിഎമ്മുകാര്‍. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെ സര്‍ക്കാര്‍ എന്തിന് കാണിക്കുന്നുവെന്നും മുരളീധരന് ചോദിച്ചു.
ഇസ്ലാമിക ഭീകരവാദികള്‍ അരിഞ്ഞുതള്ളിയ ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. യൂത്ത് ലീഗിന്റെ പരാതിയിലാണ് അറസ്റ്റെന്ന് പറയുന്നത്. യൂതത് ലീഗ് പരാതിപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കാരെ വെട്ടിക്കൊന്നാല്‍ ചോദിക്കാനുമില്ല പറയാനുമില്ല. കേന്ദ്രമന്ത്രിക്ക് പിസി ജോര്‍ജിനെ കാണാന്‍ അനുവാദമില്ല, എന്നാല്‍ യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ അറസ്റ്റ് ചെയ്യും. ഇരട്ടനീതി കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്ക്കും വ്യക്തമായി മനസിലാകുമെന്നും കേന്ദ്രമന്ത്രി വി മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
ഒടുവില്‍ ഇന്നലെ ഉച്ചയോടെ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം ലഭിച്ച ശേഷവും വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ് രംഗത്തെത്തി. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാർ എംൽഎയുടെ പ്രതികരണം.
ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലുറച്ച് നിൽക്കുന്നവനാണ് ഞാൻ. കോടതിയിൽ നിന്നിറങ്ങിയതിന് പിന്നാലെ പി സി ജോർജ്ജ് നയം വ്യക്തമാക്കി.
ഞാനൊരിക്കലും മതസൗഹാർദ്ദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്ലീം വിഭാഗത്തിൽ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റല്ലെന്ന് പറയാൻ പറ്റുമോ. ഇത് ഭീകരവാദമാണ് തെറ്റാണ് എന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു.
തന്റെ അറിവനുസരിച്ചാണ് സംസാരിച്ചത്. വയനാടുകാരനായ ഇപ്പോൾ കോഴിക്കോട് സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞ കാര്യങ്ങളാണ് അന്ന് പറഞ്ഞത്. വായിച്ച ഒരു ലേഖനത്തിലും ഇതേ കാര്യമുണ്ടായിരുന്നുവെന്നും മുന്‍ എംഎല്‍എ കൂടിയായ പി സി ജോർജ്ജ് പറഞ്ഞു.