അലക്കി വെളുപ്പിച്ച തുണികളുമായി മോഡലിങ്ങ് രംഗത്ത് ; തരംഗമായി മുത്തശ്ശനും മുത്തശ്ശിയും
അലക്കാന്‍ ഏല്‍പ്പിച്ച തുണികളില്‍ വാങ്ങാനാളില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് അലക്ക് കടയ്ക്ക് തന്നെ മോഡലായ വൃദ്ധദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ താരമായി. എഴുപത് വര്‍ഷത്തോളമായി തായ്വാനിലെ തായ്പുങ്ങ് സിറ്റിയിലെ ഹൌലിയില്‍ അലക്ക് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 84കാരിയായ ഹ്യൂസു ഹ്യൂയിയും ഭര്‍ത്താവ് ചാംഗ് വാന്‍ജിയുമാണ് ഈ വിജയകഥയിലെ മുത്തശ്ശനും മുത്തശ്ശിയും.
അലക്കാന്‍ ഏല്‍പ്പിച്ച തുണികളില്‍ നിന്ന് തിരികെ സ്വീകരിക്കാതെ ഉപേക്ഷിച്ച വസ്ത്രങ്ങളുമായി അലക്കുകടയ്ക്ക് തന്നെ മോഡലായ വൃദ്ധദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത് വലിയ സ്വീകരണം.
എഴുപത് വര്‍ഷത്തോളമായി തായ്വാനിലെ തായ്പുങ്ങ് സിറ്റിയിലെ ഹൌലിയില്‍ അലക്ക് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് 84കാരിയായ ഹ്യൂസു ഹ്യൂയിയും ഭര്‍ത്താവ് ചാംഗ് വാന്‍ജിയും.
അലക്കുകടയില്‍ പത്ത് വര്‍ഷത്തിലധികമായി ഉപേക്ഷിച്ച് കിടന്ന വസ്ത്രങ്ങളില്‍ കൊച്ചുമകന്‍ റീഫ് ചാംഗ് നടത്തിയ പരീക്ഷണങ്ങള്‍ക്കാണ് വൃദ്ധദമ്പതികള്‍ മോഡലായത്. വാര്‍ദ്ധക്യത്തിന്‍റെ ഒറ്റപ്പെടലില്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒരു നേരം പോക്കിനായാണ് ചെറുമകന്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്നാണ് ചെറുമകന്‍റെ പ്രതികരണം.
ഇത്തരമൊരു പരീക്ഷണത്തിന് അവരെസമ്മതിപ്പിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നുവെന്ന് റീഫ് ചാംഗ് പറയുന്നു. wantshowasyoung എന്ന ഇന്‍സ്റ്റഗ്രാമില്‍ വെറും പത്തൊന്‍പത് പോസ്റ്റുകളാണ് ഇവരുടേതായി ഉള്ളത് എന്നാല്‍ അവ കണ്ട് വൃദ്ധ ദമ്പതികളുടെ ആരാധകരായത് ഒന്നരലക്ഷത്തോളം ആളുകളാണ്.
ഇവരുടെ അലക്കുകട തന്നെയാണ് മിക്ക ചിത്രങ്ങളുടേയും ലൊക്കേഷന്‍. അലക്കി വിരിച്ച, മടക്കിവച്ച തുണികള്‍ക്കിടയില്‍ നിന്ന് അമ്പരപ്പിക്കുന്ന മോഡല്‍ ഷൂട്ടാണ് ചെറുമകന്‍ നടത്തിയിട്ടുള്ളത്. ഷോര്‍ട്സും ഷര്‍ട്ടും, കോട്ടും സ്യൂട്ടും അടക്കം ഈ വൃദ്ധ ദമ്പതികള്‍ ഇനി അണിയാത്ത വസ്ത്രങ്ങള്‍ ഇല്ല. 14ാം വയസിലാണ് കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കാനായി അലക്കുകട നടത്താന്‍ ചാംഗ് വാന്‍ജി ഇറങ്ങുന്നത്.
എന്നാല്‍ പലപ്പോഴും ആളുകള്‍ വേണ്ടാത്ത വസ്ത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള ഒരു മാര്‍ഗമായി അലക്കുകടകളെ കാണുന്നതായി ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്ന് മനസിലായെന്ന് ചാംഗ് വാന്‍ജി ബിബിസിയോട് പ്രതികരിക്കുന്നത്. എന്നാല്‍ ഒരാള്‍ തരുന്ന വസ്ത്രങ്ങള്‍ ഏതെങ്കിലും കാലത്ത് തിരികെ ചോദിച്ച് വരുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിക്കാന്‍ സൂക്ഷിച്ച് വയ്ക്കുകയാണ് പതിവ്. വര്‍ഷങ്ങള്‍ സൂക്ഷിച്ച ശേഷം ഉടമസ്ഥര്‍ തിരികെ എത്താതെ വരുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാറുണ്ടെന്നും ഇവര്‍ പറയുന്നു.
തുടക്കത്തില്‍ മോഡലിംഗിനായി മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു. തങ്ങളുടെ ബിസിനസിന്‍റെ രീതികള്‍ക്ക് അത് എതിരായാണ് ഈ വൃദ്ധദമ്പതികള്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ പഴയ വസ്ത്രങ്ങള്‍ ഇത്ര രീതിയില്‍ മനോഹരമാക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദമ്പതികള്‍ ബിബിസിയോട് പ്രതികരിക്കുന്നു.