വന്‍തുക ചെലവില്‍ നാഗദേവതയാകാന്‍ മുന്‍ ബാങ്ക് ജീവനക്കാരന്‍; ഇതുവരെ നടത്തിയത് 20 ശസ്ത്രക്രിയകള്‍
ബാല്യത്തില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ചതോടെയാണ് പാമ്പുകളുമായുള്ള സഹവാസം തുടങ്ങിയത്. 1997ല്‍ എയ്ഡ്സ് ബാധിതന്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ ആഗ്രഹിക്കുന്ന രീതിയില്‍ രൂപമാറ്റം വരുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ ടിയാമെറ്റ് ഇതിനോടകം നടത്തിയത് 20 ശസ്ത്രക്രിയകളാണ്. 2025 ഓടെ രൂപമാറ്റം പൂര്‍ണ്ണമാകുമെന്നാണ് ഇയാള്‍ പറയുന്നത്
ശരീരത്തില്‍ രൂപമാറ്റം വരുത്താനായി വന്‍തുക ചെലവിട്ട് മുന്‍ ബാങ്ക് ജീവനക്കാരന്‍. 53.48 ലക്ഷം രൂപ ചെലവില്‍ പതിനെട്ട് കൊമ്പുകളാണ് ഇയാള്‍ ശരീരത്തില്‍ വച്ച് പിടിപ്പിച്ചത്. കൊമ്പിന് പുറമേ ചെവികള്‍ നീക്കാനും പുരുഷ ലൈംഗികാവയവങ്ങള്‍ നീക്കം ചെയ്ത് ഭീകരരൂപം കൈവരിക്കാനും, നാവുകള്‍ക്ക് കീറലിടാനുമായാണ് ഇയാള്‍ ഇത്രയധികം തുക ചെലവിട്ടത്.
മെസോപ്പൊട്ടേമിയന്‍ കെട്ടുകഥകളിലെ നാഗദേവതയുടെ രൂപം കൈവരിക്കാന്‍ വേണ്ടിയാണ് അമ്പത്തെട്ടുകാരനായ ടിയാമെറ്റ് ലെഗിന്‍ മെഡുസ ഈ സാഹസമല്ലൊം കാണിച്ചത്.
ലിംഗമില്ലാത്ത ഇഴജന്തുവിന്‍റെ രൂപത്തിലേക്കെത്തുകയെന്നത് തന്‍റെ സ്വപ്നമാണെന്ന് ഇയാള്‍ പറയുന്നു. ലോസാഞ്ചലസ് സ്വദേശിയായ ഇയാള്‍ ഇതിനോടകം 20 തവണയില്‍ അധികമാണ് രൂപമാറ്റം വരുത്താനുള്ള ശസ്ത്രക്രിയകള്‍ ചെയ്തത്.
രക്ഷിതാക്കള്‍ ഉപേക്ഷിച്ച ശേഷം ബാല്യകാലത്ത് ഏറെ സമയം ചെലവിട്ടത് പാമ്പുകള്‍ക്കൊപ്പമാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. തെക്കന്‍ ടെക്സാസിലെ വനത്തില്‍ നിന്നാണ് ടിയാമെറ്റിനെ ചിലര്‍ കണ്ടെത്തിയത്.
ഇയാളുടെ രക്ഷിതാക്കളെ കണ്ടെത്തിയെങ്കിലും ഇവര്‍ ഇയാളെ ഏറ്റെടുക്കാന്‍ തയ്യാറാവാതെ വന്നതോടെ മുത്തച്ഛനായിരുന്നു ടിയാമെറ്റിനെ വളര്‍ത്തിയത്.
എന്നാല്‍ ചെറുപ്പത്തില്‍ മുത്തച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി ഇയാള്‍ പറയുന്നു. പതിനൊന്നാം വയസ്സില്‍ താന്‍ ഗേയാണെന്ന് പ്രഖ്യാപിച്ചതോടെ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി.
പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ ഹൂസ്റ്റണിലേക്ക് പോയ ഇയാള്‍ക്ക് ബാങ്ക് ജോലി ലഭിച്ചു. എന്നാല്‍ സ്വത്വം മറച്ച് വച്ചായിരുന്നു ബാങ്കിലെ ജോലിയെന്ന് ഇയാള്‍ പറയുന്നു.
1997ലാണ് ആദ്യമായി രൂപമാറ്റം വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഇയാള്‍ ആരംഭിക്കുന്നതിനിടെയാണ് താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ടിയാമെറ്റ് തിരിച്ചറിയുന്നത്.
ആ കാലത്ത് മരണത്തിന് തുല്യമായിരുന്നു. ഇതോടെയാണ് സ്വത്വം വെളിപ്പെടുത്തി ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ടിയാമെറ്റ് പറയുന്നു.
വര്‍ഷങ്ങള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രൂപമാറ്റം വരുത്താത്ത ശരീര ഭാഗങ്ങള്‍ ടിയാമെറ്റിന് ഇല്ല.
ആറ് പല്ലുകള്‍ നീക്കം ചെയ്ത ടിയാമെറ്റിന്‍റെ ശേഷിച്ച പല്ലുകള്‍ കൂര്‍പ്പിച്ച നിലയിലാണുള്ളത്.
ഡ്രാഗണ്‍ വനിതയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ടിയാമെറ്റ് 2025ഓടെ പൂര്‍ണ്ണമായി രൂപമാറ്റം വരുമെന്നാണ് അവകാശപ്പെടുന്നത്.