squirrel and cobra: അങ്കം എന്നോടോ ? എന്നാലൊരു കൈ നോക്കാം; മൂര്‍ഖനുമായി കോര്‍ത്ത് അണ്ണാന്‍
കീരിയും അണ്ണാനും ഒരേ പ്രാണിവര്‍ഗ്ഗത്തില്‍പ്പെടുന്ന ജീവികളാണ്. മുന്നില്‍ പെട്ടെന്നൊരു അണ്ണാനെ കണ്ടപ്പോള്‍ മൂര്‍ഖന്‍ ധരിച്ചത് അത് തന്‍റെ ബന്ധശത്രുവായ കീരിയാണെന്നാകാം. എന്ത് തന്നെയായാലും വഴി മുടക്കിയ അണ്ണാനെതിരെയായി മൂര്‍ഖന്‍റെ ശൗര്യം.
'
ബോട്സ്വാനയിലെ നോസോബിലെ ഒരു കഗല്ലഗഡി മരുഭൂമി (Kgalagadi desert) ക്യാമ്പ് സൈറ്റിൽ അണ്ണാന്‍ മൂര്‍ഖനോട് നിര്‍ഭയത്വത്തോടെ ഏറ്റുമുട്ടി. ഒരൊറ്റ ദംശനത്താല്‍ ഒരാളെ തന്നെ കൊല്ലാന്‍ കെല്‍പ്പുള്ള മൂര്‍ഖനെ തടയുന്നതില്‍ അണ്ണാന്‍ വിജയിച്ചു.
പരാജയപ്പെട്ട മൂര്‍ഖന്‍ ക്യാമ്പ് സൈറ്റിനിടയില്‍ മറഞ്ഞു. 45 സെന്‍റീമീറ്റർ നീളമുള്ള ആഫ്രിക്കൻ അണ്ണാന് പക്ഷേ, താന്‍ അതിവിഷമുള്ള ഒരു മൂര്‍ഖനുമായിട്ടാണ് ഏറ്റുമുട്ടുന്നതെന്ന ഭാവം അല്ലായിരുന്നു.
നീ മാത്രമല്ല ഞാനും എന്തിനും പോന്നവനാണെന്ന് അണ്ണാന്‍, മൂര്‍ഖനോട് വിളിച്ച് പറയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി വിവരണം. മൂന്ന് തവണയാണ് മൂര്‍ഖന്‍റെ കടിയേല്‍ക്കുന്നതില്‍ നിന്ന് അണ്ണാന്‍ ഇഞ്ചോട് ഇഞ്ച് വ്യത്യാസത്തില്‍ രക്ഷപ്പെട്ടത്.
കുഞ്ഞന്‍ മൂര്‍ഖന് തന്‍റെ വിഷം പുറത്ത് വിടുന്നത് നിയന്ത്രിക്കാനുള്ള ശേഷിയില്ല. അതിനാല്‍ ഇതിന്‍റെ കടിയേല്‍ക്കുന്നത് ഏറ്റവും അപകടം നിറഞ്ഞതാണ്. ദക്ഷിണാഫ്രിക്കയിലെ ഹിൽട്ടണിൽ നിന്നുള്ള 62 കാരനായ ക്രിസ് ബർസാക്ക് ഈ സംഘർഷത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി.
അങ്കം കണ്ട അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: "അവർ ഒരു ബോക്സിംഗ് മത്സരം പോലെയാണ് പരസ്പരം നേരിട്ടത്. ചില സമയങ്ങളിൽ അവർ ശരിക്കും അടുത്തു. ഏകദേശം അഞ്ച് മിനിറ്റോളം അത് തുടർന്നു."
'ഇതുപോലൊന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല. അത് വളരെ അദ്വിതീയമാണ്. ഞങ്ങൾ ഈ ബഹളം കേട്ടപ്പോള്‍, അവിടെ ഒരു പാമ്പുണ്ടെന്ന് ആരോ പറഞ്ഞു.' സംഭവ സ്ഥലത്തെത്തി നോക്കിയപ്പോള്‍ ആദ്യം അണ്ണാനെയാണ് കണ്ടത്. പെട്ടെന്നാണ് മൂര്‍ഖന്‍ ഉയര്‍ന്ന് ചാടിയത്. അവർ രണ്ടുപേരും പരസ്പരം നന്നായി നോക്കി, പാമ്പ് അണ്ണാനെ മൂന്ന് തവണയെങ്കിലും കൊത്താനായി ആഞ്ഞു.
'അണ്ണാൻ ശരിക്കും വേഗതയുള്ളതും പിന്നിലേക്ക് ചാടാന്‍ നല്ല പോലെ അറിയുന്നവനുമായിരുന്നു. തീര്‍ച്ചയായും അവന്‍ ധീരനും ഭാഗ്യവാനുമാണ്. ഒരുപക്ഷേ മൂര്‍ഖന്‍ തന്‍റെ വീടിന് ഭീഷണിയാണെന്ന് അണ്ണാൻ കരുതിയിരിക്കാം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.