ഞങ്ങള്‍ക്കും ജീവിക്കണം; 'തലയില്‍ തീ കൊളുത്തി ചായ തിളപ്പിച്ച്' മജീഷ്യന്മാരുടെ പ്രതിഷേധം
കൊവിഡിനെ തുടര്‍ന്ന് നാടും നഗരവും അടച്ചിട്ടതോടെ ഏതാണ്ടെല്ലാ മേഖലയും പൂര്‍ണ്ണമായും നിശ്ചലമായി. വ്യാപാര, വ്യവസായ, വിനോദ മേഖല ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചമാക്കപ്പെട്ടു. കൊവിഡ് വ്യാപന നിരക്കിലെ കുറവിനെ തുടര്‍ന്ന് ചില മേഖലകള്‍ തുറന്ന് കൊടുക്കപ്പെട്ടെങ്കിലും വിനോദ മേഖല ഇന്നും ഏതാണ്ട് നിശ്ചലമാണ്. ഇതോടെ മജീഷ്യന്മാരും ഏറെ ദുരിതത്തിലായി. തങ്ങള്‍ക്കും ഈ ദുരിത കാലത്ത് ജീവിക്കണമെന്നും അതിനായി സര്‍ക്കാറിന്‍റെ സഹായം ആവശ്യമാണെന്നും മജീഷ്യന്മാരുടെ സംഘടന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും സര്‍ക്കാറിന്‍റെ കാര്യമായ ശ്രദ്ധ ഈ മേഖലയിലേക്ക് ഉണ്ടായില്ല. ഇതോടെ സര്‍ക്കാറിന്‍റെ ശ്രദ്ധയിലേക്ക് തങ്ങളുടെ പ്രശ്നങ്ങളെത്തിക്കാന്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മജീഷ്യന്മാരും രംഗത്തെത്തി.
സാംസ്കാരിക വകുപ്പ് മാന്ത്രികർക്ക് വർഷങ്ങളായി നൽകി വരുന്ന സ്റ്റേജ് ഷോ പുനഃ സ്ഥാപിക്കുക, കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമി നൽകി വരുന്ന ഫെല്ലോഷിപ്പിൽ നിന്നും മാന്ത്രികരെ ഒഴിവാക്കിയ നടപടി പുനഃ പരിശോധിക്കുക എന്നീ പ്രശ്നങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
സാമൂഹിക തിന്മകൾക്കെതിരെയും കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും മാജിക്കിലൂടെ ബോധവൽക്കരണം നടത്താൻ പ്രത്യേക ഫണ്ട് അനുവദിക്കുക, കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് മാജിക്ക് ഷോ നടത്താൻ അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കേരളത്തിലെ മാന്ത്രികരുടെ സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ തലയിൽ തീ കത്തിച്ച് ചായ ഉണ്ടാക്കിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്‌ഥാന ട്രഷറർ ഇസ്ഹാഖ് പോരൂർ മാന്ത്രികരുടെ തലയിൽ പ്രത്യേകം വച്ചിരുന്ന പാത്രത്തിന് തീ കൊളുത്തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുൽഫി മുത്തങ്ങോട് കോവിഡ് ബോധവൽക്കരണ മാജിക്ക് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ലത്തീഫ് കോട്ടക്കൽ, എം എം പുതിയത്ത്, സിദ്ദിഖ് മഞ്ചേരി, നവാസ് തറയിൽ, ഹനീഫ തിരൂർ, റഷീദ് തുവ്വൂർ, കുട്ടൻ കോട്ടക്കൽ, പി പി മനോജ് എന്നിവർ സംബന്ധിച്ചു. തലയിൽ വെച്ചുണ്ടാക്കിയ ചായ പ്രതിഷേധ പരിപാടിക്കെത്തി ചേര്‍ന്നവര്‍ക്ക് വിതരണം ചെയ്തു.
സംസ്ഥാന വ്യപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്തും പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. നീണ്ടകാലത്തെ അടച്ചിടല്‍ വന്നതോടെ ബങ്ക് വായ്പയിലൂടെയും മറ്റും വാങ്ങിയ ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങള്‍ പുനരുപയോഗ സാധ്യമാകാത്തവിധം നശിച്ചുപോയെന്നും വേദികള്‍ കിട്ടാതായതോടെ മാന്ത്രികരില്‍ പലരും വലിയ കടക്കെണിയിലാണെന്നും മജീഷ്യന്മാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇരുന്നൂറിലധികം പ്രൊഫഷണല്‍ മാന്ത്രികരും രണ്ടായിരത്തിലധികം അമേച്ച്വര്‍ മാന്ത്രികരുമുണ്ട്. മാജിക്ക് കൊണ്ട് മാത്രം ഉപജീവനം ചെയ്യുന്നവരാണിവരില്‍ പലരും. ഈ ദുരിത കാലത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് തങ്ങളെന്നും മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ പറയുന്നു. തങ്ങളുടെ ദുരിതത്തിന് അറുതിവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി സാംസ്കാരിക വകുപ്പ് മാന്ത്രികര്‍ക്ക് നല്‍കിയിരുന്ന സ്റ്റേജ് ഷോ പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് കേരള സംഗീത നാടക അക്കാദമി മാന്ത്രികര്‍ക്ക് നല്‍കി വരുന്ന ഫെലോഷിപ്പ് ഒഴിവാക്കിയ നടപടി പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
പരമ്പരാഗത ജാലവിദ്യക്കാരെയും തെരുവ് ജാലവിദ്യക്കാരെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് തുറസ്സായ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അനുവാദം നല്‍കണമെന്നും പ്രതിഷേധം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona