കൊവിഡ് 19: തിരുവനന്തപുരം ട്രിപ്പിള്‍ ലോക്കില്‍ ; പൂന്തുറയില്‍ കമാന്‍റോ സംഘം
മലപ്പുറവും കണ്ണൂരും ആലപ്പുഴയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സജീവ രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. എന്നാല്‍ ഒറ്റ ദിവസത്തിനിടെ പൂന്തുറ പ്രദേശത്ത് കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചതോടെ തലസ്ഥാനം ട്രിപ്പള്‍ ലോക്ഡൗണിലേക്ക് കടക്കുകയായിരുന്നു. പൂന്തുറയും ആര്യനാടും സ്ഥിതി ഏറെ ആശങ്കാജനകമാണ്. അതോടൊപ്പം പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയതെന്നാണ് സര്‍ക്കാര്‍ നിരിക്ഷണം. കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം പൂന്തുറയില്‍ വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് നിഗമനം. കേരളത്തിലെ ആദ്യ സൂപ്പർ സ്പ്രെഡ് മേഖലയുമായി മാറി മാണിക്യവിളാകം, ബീമാപള്ളി, ചെറിയമുട്ടം, കുമരിച്ചന്ത, ഉൾപ്പെടുന്ന പൂന്തുറ മേഖല. മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. കന്യാകുമാരിയിൽ നിന്ന് കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയ ആളിൽ നിന്ന് വ്യാപനമുണ്ടായി എന്ന് കണക്കാക്കുമ്പോഴും ഇതേ ജോലി ചെയ്യുന്ന വേറെയും ആളുകൾ ഇവിടങ്ങളിലുണ്ട് എന്നതിനാൽ ഒന്നിലധികം പേരിൽ നിന്നാകാം വൈറസ് വ്യാപനമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.
സമൂഹവ്യാപനം പ്രകടമായതോടെ തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ഒരാളുടെ മാത്രം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് 120 പേരാണ്. 600 പേരെ പരിശോധിച്ചതിൽ 119 പേരും കൊവിഡ് പൊസിറ്റീവ്. ഇന്നലെ മാത്രം ഈ മേഖലയിൽ 54 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മേഖലയിലെ 90 ശതമാനം കൊവിഡ് രോഗികൾക്കും ഒരു ലക്ഷണവുമില്ല. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും തൊഴിലിനായി തമിഴ്നാട്ടിലെ പ്രദേശങ്ങളുമായി പുലർത്തിയ ബന്ധമാണ് തീരദേശ മേഖലയ്ക്ക് വിനയായത്.
തിരക്കേറിയ മാർക്കറ്റിൽ പലരും മീൻ വാങ്ങാനെത്തിയിരുന്നു. കന്യാകുമാരിയിൽ നിന്ന് മത്സ്യ വിൽപ്പനക്കല്ലാതെയും നിരവധി പേർ അതിർത്തി കടന്ന് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ജനം തിങ്ങിപ്പാർക്കുന്ന മേഖലയിൽ വേഗത്തിൽ രോഗം വ്യാപിച്ചു.
4000-ത്തിലധികം വയോധികർ ഈ മേഖലയിൽ മാത്രമുണ്ടെന്നതാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിൽ 200ലധികം പാലിയേറ്റിവ് രോഗികളുണ്ട്.
ഏതായാലും ജില്ലയ്ക്കാകെ മുന്നറിയിപ്പ് നൽകുന്നതാണ് പൂന്തുറയിലെ സാഹചര്യം. ജില്ലിലെ ഉറവിടമില്ലാതത കേസുകളിലെ അന്വേഷണ റിപ്പോർട്ട് ഇത് ശരിവെക്കുന്നു.
ജില്ലയിൽ കോവിഡ് ബാധിച്ച ഓട്ടോ ഡ്രൈവർ തമിഴ്നാട്ടിൽ നിന്നും പാസില്ലാതെ ആളെ കടത്തിയിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏതായാലും കടൽ വഴിയുള്ള യാത്രയടക്കം നിരോധിച്ച് കടുത്ത നിയന്ത്രണങ്ങളിലൂടെ വെല്ലുവിളി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും.
ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം.
ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പോലീസും ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ പൂന്തുറയില്‍ സുരക്ഷയ്ക്കായി കമാന്‍റോ സംഘത്തെ രംഗത്തിറക്കി. ഇന്നലെ തന്നെ കമാന്‍റോ സംഘം പൂന്തുറയില്‍ പരേഡ് നടത്തി.
ജില്ലയില്‍ പൂന്തുറയേ കൂടാതെ ആര്യനാടും കൊവിഡ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്കയുണര്‍ത്തി. അതോടൊപ്പം പേട്ട സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു.
ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്. കണ്ടെയ്ന്മെന്‍റ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തോട് സംമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായത്. രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എആർ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.