പരിസ്ഥിതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനം. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യലുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ...
നമുക്ക് ചുറ്റുമുള്ള പച്ചപ്പുകൾ, ചെടികൾ, മരങ്ങൾ എന്നിവയെ സംരക്ഷിക്കാം. ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം ഒന്നിലേറെ മരത്തൈകൾ നട്ടുവളർത്തുക. തൈ നട്ടാൽ മാത്രം പോര, അതിനെ സംരക്ഷിക്കുകയും വേണം.
കിണറോ കുളമോ അരുവിയോ എന്തുമാകട്ടെ, അതിനെ വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാകുക.
കീടനാശിനിയുടെ ഉപയോഗം കൂടി വരികയാണ്. അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. കൃഷിയ്ക്കും മറ്റും കീടനാശിനി പ്രയോഗിക്കുന്നത് അവസാനിപ്പിക്കുക. അതുപോലെ രാസവള പ്രയോഗവും.
മഴവെള്ള സംഭരണി സ്ഥാപിക്കാം. വീട്ടിൽ മാത്രമല്ല, സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസിലും പൊതുസ്ഥലങ്ങളിലുമൊക്കെ മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുള്ള ഇടപെടൽ നടത്തുക.
വീടുകളിൽ പൂന്തോട്ടവും പച്ചക്കറി കൃഷിയും നിർബന്ധമാക്കുക. പച്ചക്കറിത്തോട്ടം ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനൊപ്പം ഉദ്യാന പരിപാലനം മാനസികമായ ഉൻമേഷവും പ്രദാനം ചെയ്യുന്നു.