കുടവയര്‍ കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പച്ചക്കറികള്‍...
അമിതവണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാന്‍ ശരിയായ ഭക്ഷണരീതിയും വ്യായാമവുമാണ് വേണ്ടത്. പരമാവധി കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കറികള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ലഭിക്കും. ശരീരഭാരം, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.
ഒന്ന്...
ഇലക്കറികള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയ ഇലക്കറികള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഉച്ചയൂണിന് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ചോറിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ചീര, ബ്രോക്കോളി തുടങ്ങിയവ പ്രത്യേകം തിരഞ്ഞെടുത്ത് കഴിക്കണം. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, സി, ഇ, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഇവ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതോടൊപ്പം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
കൂണ്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പിനെ കത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ കൂണ്‍ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും സാധിക്കും.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ കോളീഫ്ളവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒപ്പം വിറ്റാമിന്‍ കെ, സി, എ, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ദിവസവും ഒരു ബൗൾ കോളീഫ്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
നാല്...
കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമായ കാപ്സിക്കം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതോടൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
അഞ്ച്...
മത്തങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മത്തങ്ങ.