രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ; പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
ചരിത്രത്തിലാദ്യമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടര്‍ഭരണത്തിന് തുടക്കം കുറിച്ച് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപരും സെൻട്രൽ സ്റ്റേഡിയത്തില്‍ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ക്ഷണിക്കപ്പെട്ട 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, നിലവില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ട്രിപ്പിള്‍ ലോക്ഡൌണിലൂടെ കടന്ന് പോകുമ്പോള്‍ വിപുലമായ ചടങ്ങ് നടത്തുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ചടങ്ങിലേക്ക് ആളുകളെ പങ്കെടുപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.
പതിനഞ്ചാം നിയമസഭയില്‍ 23 -ാം മന്ത്രിസഭയാണ് കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാൻ മുന്നണിയിൽ ധാരണയായത്. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്ന്.
ഇതിനാല്‍, ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ മുന്നോട്ട് വച്ചത്.
ലോക്ഡൗൺ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിച്ചു. 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോളും ലോക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ ചടങ്ങിലേക്ക് പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല.
ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നത്.എന്നാല്‍, തിരുവനന്തപുരം ജില്ല ട്രിപ്പള്‍ ലോക്ഡൌണില്‍ നില്‍ക്കവേ സെൻട്രൽ സ്റ്റേഡിയത്തില്‍ 800 പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നതിനോട് വിവിധ മേഖലയില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നു.
ഇടത് കേന്ദ്രത്തിൽ നിന്നടക്കം ഇതുസംബന്ധിച്ച് വിമർശനം ഉയർന്ന സാഹചര്യത്തില്‍ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാൻ മുന്നണിയിൽ ധാരണയായത്. 600 റിലേറെ പേരെ പങ്കെടുപ്പിച്ചാൽ പോലും അത് തെറ്റായ സന്ദേശമാകും നൽകുകയെന്നതടക്കമുള്ള വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആളെണ്ണം കുറയ്ക്കാൻ ധാരണയായത്.
പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെയാകും. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് സംബന്ധിച്ച് അവസാന കണക്കുകള്‍ ഇന്ന് വൈകീട്ടത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം.
പരമാവധി ആളുകളെ ചുരുക്കും എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മഴ തുടര്‍ന്നാല്‍ സത്യപ്രതിജ്ഞ രാജ്ഭവനിലേക്ക് മാറ്റുന്നതിനെക്കുറിച്ചും പൊതുഭരണവകുപ്പ് ആലോചിക്കുന്നുണ്ട്.
ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവന്തപുരത്തും ശക്തമായ മഴ പെയ്തതിനാല്‍ സ്റ്റേഡിയം നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.
എണ്ണൂറ് പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വലിയ പന്തലിന്‍റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതനുസരിച്ച് തന്നെയാകും സത്യപ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിക്കുന്നത്.
20-ന് സത്യപ്രതിജ്ഞ നിശ്ചയിച്ചതിനാൽ 18- ഓട് കൂടിത്തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തിൽ വരെ ധാരണയാക്കി മുന്നോട്ട് പോകാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും പുരോഗമിക്കുകയാണ്.
മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചർച്ചകൾ എകെജി സെന്‍ററിൽ നടക്കുകയാണ്. പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എന്നിവര്‍ക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുത്തിരുന്നു.
നാല് മന്ത്രിമാര്‍ സിപിഐയ്ക്ക് എന്നാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഒരു എംഎൽഎ മാത്രമുള്ള അഞ്ച് ഘടകകക്ഷികൾ ഉള്ളതിനാൽ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നൽകണം, ടേം അനുസരിച്ച് മന്ത്രിസ്ഥാനം പങ്കിടേണ്ടവര്‍ ആരൊക്കെ എന്നീ കാര്യങ്ങളിലും അന്തിമ തീരുമാനമായിട്ടില്ല.
അഞ്ച് എംഎൽഎമാരുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നിലവിൽ ഒരു മന്ത്രിസ്ഥാനം നൽകാനാണ് ധാരണ. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്.
എന്നാൽ അത് നൽകാനാകില്ലെന്ന നിലപാടിലാണ് സിപിഎം, രണ്ട് മന്ത്രിസ്ഥാനം നൽകില്ലെന്നത് തീരുമാനം ആണെങ്കിൽ സുപ്രധാന വകുപ്പുകളിൽ ഒന്ന് വേണമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്.
എന്നാൽ നിലവിലുള്ള വകുപ്പുകൾ വിട്ടുകൊടുത്ത് നീക്കുപോക്കിന് സിപിഐ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ഇനിയും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. എങ്കിലും സെൻട്രൽ സ്റ്റേഡിയത്തില്‍ പതിനഞ്ചാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി സ്റ്റേഡിയം നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. മഴ പെയ്തില്ലെങ്കില്‍ പരിമിതമായ ആള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, ഭരണത്തുടര്‍ച്ച നല്‍കി സര്‍ക്കാറിനെ തെരഞ്ഞെടുത്ത ജനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളിലിരുന്ന് ടെലിവിഷനിലൂടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFights