കൊവിഡ് 19 ; രോഗവ്യാപനത്തില്‍ കുറവില്ലാതെ കേരളം
കേരളത്തില്‍ കൊവിഡ് വൈറസിന്‍റെ സമ്പർക്ക രോഗവ്യാപനം ആശങ്കയായി തന്നെ തുടരുകയാണ്. സര്‍ക്കാര്‍ കണക്കുകളില്‍ കേരളത്തില്‍ ഇതുവരെയായി 38,144 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 24,922 പേര്‍ക്ക് രോഗം ഭേദമായി. 13,048 രോഗികളാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 126 പേര്‍ക്കാണ് സര്‍ക്കാര്‍ കണക്കില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. അതിനിടെ മരണക്കണക്കുകളില്‍ സര്‍ക്കാര്‍ നടത്തുന്ന ഒഴിവാക്കല്‍ നിര്‍ത്തണമെന്നും ഇതുവരെയുള്ള മരണങ്ങള്‍ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമിച്ച വിദഗ്ദ സമിതി തന്നെ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇതുവരെ മരിച്ചതായി സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളത് 126 പേരാണെങ്കിലും ഇതുവരെയായി മരണം 200 മേലെയായെന്ന് വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ കൊവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കൊവിഡ് ആണെങ്കില്‍ അത്തരം മരണങ്ങള്‍ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘനടയുടെയും ഐസിഎംആറിന്‍റെയും നിര്‍ദ്ദേശം. എന്നാല്‍ ഈ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ജനുവരി 20 ന് മാറ്റങ്ങള്‍ വരുത്തി. ഇതിനെതിരെയാണ് ഇപ്പോള്‍ വിദഗ്ദസമിതി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം സര്‍ക്കാര്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. മാസങ്ങളായി ലോക്ഡൗണില്‍ കിടക്കുന്ന തിരുവനന്തപുരത്തിന്‍റെ തീരദേശങ്ങളിലെ പലപ്രദേശങ്ങളിലും പലപ്പോഴും ആന്‍റിജന്‍ ടെസ്റ്റുകള്‍ പോലും നടക്കുന്നില്ല. രണ്ടും മൂന്നും ദിവസത്തിന് ശേഷം ടെസ്റ്റുകള്‍ നടത്തുമ്പോള്‍ അതില്‍ പകുതിക്ക് മേലെ കേസുകളും പോസറ്റീവ് ആണ് രേഖപ്പെടുത്തുന്നത്.
രോഗികള്‍
ഇന്നലെ മാത്രം സംസ്ഥാനത്ത് മൊത്തം 1212 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,068 പേർക്ക് സമ്പർക്കത്തിലൂടെ മാത്രമാണ് രോഗബാധയുണ്ടായത്. ഇതിൽ 45 പേർക്ക് രോഗം വന്നതിന്‍റെ ഉറവിടം വ്യക്തമല്ല. പുതുതായി 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 28,664 പരിശോധനകൾ നടന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്നലെ മാത്രം അഞ്ച് മരണം സ്ഥിരീകരിച്ചു.
സെപ്തംബർ ആദ്യവാരത്തോടെ കേരളത്തിൽ കൊവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്നും, കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്‍റെ വക്കിലെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി ഇക്ബാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. രോഗികൾ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ. ബി ഇക്ബാൽ പറഞ്ഞു.
തിരുവനന്തപുരം
ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ 1212 കൊവിഡ് രോഗികളില്‍ 266 പേരും തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ 261 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. എറണാകുളത്ത് 121 പേര്‍ക്കും ആലപ്പുഴയില്‍ 118 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി സമൂഹവ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരത്തിന്‍റെ തീരദേശമേഖലയില്‍ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും എത്തിച്ച പരിശോധനാ കിറ്റുകള്‍ പോലും പൂര്‍ണ്ണമായും ഉപയോഗിക്കാതെ കിടക്കുകയാണെന്ന പരാതികളും ഉയരുന്നു.
ജില്ലയിലെ പാലോട് മേഖലയിൽ കൊവിഡ് കേസുകൾ കൂടുകയാണെന്നാണ് സര്‍ക്കാറിന്‍റെ പുതിയ റിപ്പോര്‍ട്ട്. 77 പേർക്കാണ് ആന്‍റിജൻ പരിശോധന നടത്തിയത്. ഇതിൽ പതിനൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ തന്നെ എട്ട് പേര്‍ പാലോട് പ്ലാവറയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.
ഒരാൾ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേര്‍ പെരിങ്ങമല സ്വദേശികളാണ്. പാലോട് പ്ലാവറ പെരിങ്ങമല മേഖലകളിലെല്ലാം കര്‍ശനമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും പുരോഗമിക്കുന്നുണ്ട്.
ജില്ലയില്‍ ഇതുവരെയായി 7,898 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 4,782 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ജില്ലയില്‍ മാത്രം 3,074 രോഗികളുണ്ട്. 23 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, ജില്ലയില്‍ ആദ്യ സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയടക്കമുള്ള തീരദേശത്ത് ഇതിനിടെ നടന്ന പലമരണങ്ങളും കൊവിഡ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയര്‍ന്നു.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1,142 ആയി.
കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫറോക്ക് ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 16 ആയി. ഫറോക്ക് ക്ലസ്റ്ററില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖദാര്‍ വാര്‍ഡും കുറ്റിച്ചിറ വാര്‍ഡും ഉള്‍പ്പെട്ടതാണ് കുറ്റിച്ചിറ ക്ലസ്റ്റര്‍.
ഇവിടെ രണ്ടിടങ്ങളിലായി 58 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവില്‍ കുറ്റിച്ചിറ ക്ലസ്റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്. വലിയങ്ങാടി, വെള്ളയില്‍, മീഞ്ചന്ത, കല്ലായി ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂര്‍, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്റ്ററുകള്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം അഞ്ച് ക്ലസ്റ്ററുകളുണ്ട്.
മലപ്പുറം
മലപ്പുറത്ത് തുടർച്ചായി മൂന്നാം ദിവസവും കൊവിഡ് ബാധിതർ 250 കടന്നു. വളാഞ്ചേരി ടൗൺ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശുപാർശ ചെയ്തു. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രക്ഷമായ സാഹചര്യത്തിൽ ജില്ലാ തലത്തിൽ ലോക് ഡൗൺ പരിഗണിക്കണമെന്ന് പൊലീസ്, ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ രണ്ടാമതാണ് മലപ്പുറം ജില്ല. മലപ്പുറത്ത് ഇതുവരെയായി 4,023 പേര്‍ക്ക് രോഗം ബാധിച്ചു. 2,244 പേര്‍ക്ക് രോഗം ഭേദമായി. 10 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,766 പേര്‍ ചികിത്സയിലുണ്ട്.
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമോ എന്ന് ആലോചിക്കാൻ ഇന്ന് യോഗം ചേരും. ജില്ലയിൽ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ 3 ദിവസവും 250-ലധികമായിരുന്നു പ്രതിദിന വര്‍ധന. വളാഞ്ചേരി ടൗൺ നിയന്ത്രിത മേഖലയാക്കണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
എറണാകുളം
സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് എറണാകുളത്താണ്. ഇതുവരെയായി 20 മരണമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം 121 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. പശ്ചിമ കൊച്ചിയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്.
ഫോർട്ട്കൊച്ചി, ചെല്ലാനം , മട്ടാഞ്ചേരി മേഖലകളിൽ 34 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോതമംഗലം മേഖലയിൽ 8 പേർക്ക് കൂടി രോഗബാധയുണ്ട്. നഗരപരിധിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 13 പേരിൽ 10 പേരും വെണ്ണല സ്വദേശികളാണ്. നിലവിൽ 1264 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്.
തൃശ്ശൂര്‍
ജില്ലയിലെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ സമ്പര്‍ക്ക കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. ഒ.പി, ഐപി വിഭാഗങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ലെന്നുമുള്ള നിർദേശങ്ങൾ ജില്ലാ ഭരണകൂടം നൽകി.
മത്സ്യബന്ധനം
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിൻ ഹാർബറുകൾ ഇന്ന് പുലർച്ചെ തുറന്നു. കർശന നിബന്ധനകളോടെയാണ് ഹാർബറുകൾ തുറക്കാൻ അനുവാദം. രോഗവ്യാപനം തുടരുന്നതിനാൽ ചെല്ലാനം ഹാർബർ അടഞ്ഞ് കിടക്കുമെന്ന് അധികൃതർ അറിയിച്ചു. ലോക്ക്ഡൗണും ട്രോളിംഗ് നിരോധനവും മൂലം വരുമാനം നിലച്ചിരുന്ന മത്സ്യത്തൊളിലാളികൾ ഹാർബറുകൾ തുറക്കുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പുലർച്ചെ നാലര മുതൽ മത്സ്യബന്ധനത്തിന് പോകാനായിരുന്നു അനുമതി. ഫിഷറീസ് വകുപ്പ് നൽകുന്ന പാസ് ഉള്ളവർക്കേ മീൻ പിടിക്കാൻ പോകാനാവുകയുള്ളൂ. ഒറ്റ ഇരട്ട അക്കമുള്ള ബോട്ടുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനം നടത്താം. കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് തത്കാലം അനുമതിയില്ല.
മീൻപിടിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ വള്ളങ്ങളും ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തണം. ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ലേലവും അനുവദിക്കില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമായ ചെല്ലാനം മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കാജനകമാണ്. തിരുവനന്തപുരത്തിന്‍റെ തീരദേശമേഖലയില്‍ നേരത്തെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരുന്നു.
തീരദേശ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് പൊലീസ്
ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുടെയും മത്സ്യബന്ധന വകുപ്പിന്‍റെയും സഹായത്തോടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. തീരദേശങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.
മത്സ്യ തൊഴിലാളികൾ കൊവിഡ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രോഗിയുടെ ഫോണ്‍വിളികള്‍ പൊലീസ് പരിശോധിക്കും
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ റെക്കോഡ് വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഇതില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകി ഡിജിപി ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധുമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിന് നല്‍കിയതോടെ ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങി. ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാറുള്ളത്. രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന ആക്ഷേപവും ശക്തമാണ്.
ഇതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളുടെ കോണ്ടാക്റ്റ് ട്രേസിങ് എളുപ്പമാക്കാനാണ് കോൾ ഡീറ്റൈൽ എടുക്കുന്നതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സിഡിആറിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൾ ഡീറ്റൈൽ റെക്കോര്‍ഡ് ശേഖരിക്കാനുള്ള തീരുമാനത്തിൽ മറ്റ് ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിക്കുന്നു.
എന്നാല്‍ പൊലീസ് ശേഖരിക്കുന്ന വിവരങ്ങൾ എവിടെയും കൊടുക്കില്ലെന്നും, എവിടെയും പങ്കുവയ്ക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തിൽ അനാവശ്യ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്. എന്നാല്‍ കൊവിഡ് രോഗികളുടെ കോൾ ഡീറ്റൈൽ റെക്കോര്‍ഡ് (സിഡിആർ) ശേഖരിക്കാനുള്ള തീരുമാനം നിയമവിരുദ്ധമായ നീക്കമാണിതെന്നും, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആക്ഷേപമുയർന്നു. പൊലീസിന്റെ കര്‍ശന ഉത്തരവുള്ളപ്പോഴും രോഗികളുടെ സമ്പര്‍ക്കം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്.
ബിഎസ്എന്‍എല്ലിൽ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ടെസ്റ്റുകള്‍ കൃത്യമായി നടക്കുന്നില്ലെന്ന ആരോപണം ഉയരുമ്പോഴും രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിലെ അമിതോത്സാഹമാണ് വിവാദമായത്.
കണ്ടെയ്ൻമെന്റ് സോണ്‍ ഇനി ദുരന്ത നിവാരണ സേന തീരുമാനിക്കും
കൊവിഡ് കണക്കുകളും മറ്റ് കാര്യങ്ങളും നോക്കിയിരുന്ന ആരോഗ്യവകുപ്പിനെ മാറ്റി നിയന്ത്രണം പൊലീസിനെ ഏല്‍പ്പിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനം പിടിച്ച് കെട്ടാനായിരുന്നു പൊലീസിന് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം. എന്നാല്‍ രോഗവ്യാപനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വന്നതേയുള്ളൂ. ഇതേ തുടര്‍ന്ന് നിയന്തണം ദുരന്ത നിവാരണ സേനയേ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്.
ഇനി കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുക ദുരന്ത നിവാരണ സേനയായിരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും പൊലീസിന്. താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. എന്നാല്‍ ഇക്കാര്യങ്ങളില്‍ നിന്ന് പൊലീസിനെ ഒഴിവാക്കിയിട്ടില്ലെന്ന് പൊലീസും അവകാശപ്പെടുന്നു.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം നടപ്പാക്കും മുൻപ് പൊതുജനത്തെ അറിയിക്കണമെന്നും പുതിയ ഉത്തരവിൽ നിഷ്കർഷിക്കുന്നു. കൊവിഡ് വിവരശേഖരണവും കണ്ടെയ്ൻമെന്റ് സോൺ നിർണ്ണയവും അടക്കമുള്ള ജോലികൾ പൊലീസിനെ ഏൽപ്പിച്ചതിനെതിരെ വ്യാപക അതൃപ്തി വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏല്പിച്ച തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ടായിരുന്നു.
ഇനി ഡോക്ടറുടെ കുറിപ്പടി വേണ്ട
ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജൻ പരിശോധനകൾ നടത്താം.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യങ്ങളുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. കേസുകൾ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സർക്കാർ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക.
മരുന്ന് വിതരണം സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല
രോഗവ്യാപനം ശക്തമാകുന്നതിനിടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും കൊവിഡ് 19 വൈറസിന് മരുന്ന് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വരുന്നു. എന്നാല്‍ കൊവിഡ് മരുന്ന് വിതരണത്തിൽ സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ലെന്ന് വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാറിന് നല്കിയ നിർദ്ദേശം. ഇന്ത്യയിലെ മരുന്ന് വിതരണം കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാകും നടക്കുക.
സംഭരണം മുതൽ വിതരണം വരെ ഉള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണമെന്നും വിദഗ്ദസമിതി റിപ്പോര്‍ട്ട് നല്കി. കേന്ദ്രം നിയോഗിച്ച ഡോ. വി കെ പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തിന്റെതാണ് തീരുമാനം. രാജ്യത്തെ വിപുലമായ ജനസംഖ്യ കണക്കിലെടുത്താണ് നിർദ്ദേശം. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി നാല് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു.
സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിനടുത്തെത്തിയേക്കും. കഴിഞ്ഞ ആഴ്ചവരെ ഇത് പ്രതിദിനം അമ്പതിനായിരമായിരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 12,712 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. 9597 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആന്ധ്രയിലെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു.
കർണാടകയിൽ ഇന്നലെ 7883 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 5871 ആണ് പ്രതിദിന രോഗബാധ. ബംഗാളിൽ 2936 പേർക്കും രോഗം കണ്ടെത്തി. ഇതിനിടെ കേന്ദ്രമന്ത്രി ശ്രീപദ് നായികിനും കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയിൽ ഇന്നലെ 1931 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 മരണം ഉണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 665 ആയി. 22736 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. ആകെ രോഗികൾ 86475. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 70.38 ശതമാനമായി ഉയർന്നെന്നും കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പറയുന്നു.