ഇസ്താംബൂളുകാരുടെ പ്രിയപ്പെട്ട 'ബോജി' എന്ന യാത്രക്കാരന്‍ !
യൂറോപ്പ്യന്‍ വന്‍കരയ്ക്കും ഏഷ്യന്‍ വന്‍കരയ്ക്കും ഇടയ്ക്കുള്ള രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ പാസഞ്ചര്‍ ഫെറിയില്‍ നിങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ കൂടെ 'ബോജി'യുമുണ്ടാകും. ഫെറിയിലെ എല്ലാക്കണ്ണുകളും അവന്‍റെ മേലാകുമ്പോള്‍, അവന്‍ തന്‍റെ ജനാലയിലൂടെ അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരിക്കുകയാകും. ആരാണ് ബോജിയെന്നല്ലേ. ഇസ്താംബൂളുകളുടെ പ്രിയപ്പെട്ട പട്ടിയാണ് ബോജി. ആഴ്ചയിൽ 30 കിലോമീറ്റർ (20 മൈൽ) വരെ ബോജി സഞ്ചരിക്കുന്നു. എത്ര ദൂരം സഞ്ചരിച്ചാലും ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബോജിക്കറിയാം. അറിയാം ബോജിയുടെ സഞ്ചാരവഴികള്‍...
ഇസ്താംബൂളിലെ കടത്തുവള്ളങ്ങളിലും ബസുകളിലും മെട്രോ ട്രെയിനുകളിലും പതിവായി പ്രത്യക്ഷപ്പെടുന്ന തെരുവ് നായയാണ് ബോജി.
സ്വർണ്ണ-തവിട്ട് നിറമുള്ള രോമങ്ങളോടെ, ഒടിഞ്ഞ് തൂങ്ങിയ ചെവിയോടെ ഇരുണ്ട കണ്ണുകൾ ഉയര്‍ത്തി, അവന്‍ നോക്കുമ്പോള്‍ അറിയാതെ നിങ്ങളും അവനെ ശ്രദ്ധിക്കുമെന്ന് ഫെറിയിലെ യാത്രക്കാരും പറയുന്നു.
രണ്ട് മാസം മുമ്പാണ് ബോജിയെ നഗരത്തിലെ പല സ്ഥലത്തും കണ്ട് തുടങ്ങിയത്. കൌതുകത്വമുള്ള അവന്‍ മുഖഭാവവും അനുസരണാ ശീലവും പെട്ടെന്ന് തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ടവനാക്കി ബോജിയെ മാറ്റി.
നഗരത്തിലെ മെട്രോ ട്രെയിന്‍ യാത്രക്കാരും ഫെറിയാത്രക്കാരും ബസ് യാത്രക്കാരും അവന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ ബോജി പ്രശസ്തനായി.
വെറും രണ്ട് മാസം കൊണ്ട് ഒരു തെരുവ് പട്ടി ആളുകളെടെ ഇഷ്ടക്കാരനായി മാറിയതോടെ പട്ടിയെ നിരീക്ഷിക്കാന്‍ ഇസ്താംബൂൾ മുനിസിപ്പാലിറ്റി തീരുമാനിച്ചു. അവര്‍ ബോജിയുടെ ശരീരത്തില്‍ ഒരു മൈക്രോചിപ്പ് ഘടിപ്പിച്ച് അവന്‍റെ യാത്രാപഥം നിരീക്ഷിക്കാന്‍ തുടങ്ങി.
ബോജി അര്‍പ്പണബോധമുള്ള ഒരു യാത്രക്കാരനാണെന്നാണ് മുനിസിപ്പാലിറ്റി അധികൃതരുടെ കണ്ടെത്തല്‍. അവന്‍ ആഴ്ചയില്‍ 30 കിലോമീറ്റർ (20 മൈൽ) വരെയുള്ള ദീർഘദൂര യാത്രകൾ നടത്തുന്നു.
ഒരു ദിവസം കുറഞ്ഞത് 29 മെട്രോ സ്റ്റേഷനുകളിലൂടെയെങ്കിലും അവന്‍ കടന്ന് പോകുന്നു. വാരാന്ത്യ അവധികളില്‍ അവന്‍ ഇസ്താംബൂള്‍ നഗരത്തിന്‍റെ സമീപത്തെ പ്രിൻസസ് ദ്വീപുകളിലേക്ക് യാത്ര ചെയ്യുന്നു.
'ഞങ്ങളുടെ മെട്രോകളും ട്രെയിനുകളും ഉപയോഗിക്കുന്ന ഒരു നായയെ ഞങ്ങൾ ശ്രദ്ധിച്ചു, എവിടെ പോകണമെന്ന് അവനറിയാം. എവിടെ നിന്ന് പുറത്ത് പോകണമെന്നും അവന് കൃത്യമായറിയാം. ' മെട്രോ ഇസ്താംബൂളിൽ നിന്നുള്ള ഐലിൻ എറോൾ പറയുന്നു.
'അയാൾക്ക് ഒരു ലക്ഷ്യമുണ്ടെന്ന് തോന്നുന്നു.' ബോജിയുടെ ട്രാക്കിംഗ് ഉപകരണത്തിൽ നിന്ന് ശേഖരിച്ച ഡാറ്റകള്‍ കാണിക്കുന്നത് ചരിത്രപരമായ ട്രാം ലൈനുകൾ ബോജിക്ക് പ്രിയപ്പെട്ടതാണെന്നാണ്.
അതേ സമയം ബോജി ഒരു സ്ഥിരം സബ്‌വേ യാത്രക്കാരനുമാണ്. ഇതിനേക്കാളുപരി മനുഷ്യരെക്കാളും നന്നായി ബോജി നഗരത്തിലെ പൊതുഗതാഗത നിയമങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നതാണ്.
ട്രെയിനിൽ കയറുന്നതിനുമുമ്പ് യാത്രക്കാര്‍ ഇറങ്ങുന്നതിനായി അവന്‍ കാത്തു നില്‍ക്കും. ഇസ്താംബൂള്‍ പോലൊരു മഹാനഗരത്തിലെ 1.3 ദശലക്ഷം യാത്രക്കാരുടെ ജീവിതത്തിൽ ബോജി നിറം പകരുന്നുവെന്ന് എറോൾ പറയുന്നു.
ഇസ്താംബൂളുകാര്‍ ഏതാണ്ടെല്ലാ ദിവസവും ബോജിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. കൂടാതെ ബോജിയുടെ സ്വന്തം അക്കൌണ്ടിന് 60,000 ത്തിലധികം ഫോളോവേഴ്‌സും ഉണ്ട്.
'ഇസ്താംബൂളില്‍ നിന്ന് നിങ്ങൾ ഒരു ട്രെയിനില്‍ കയറുക അല്ലെങ്കില്‍ ഫെറിയില്‍. പെട്ടെന്ന് നിങ്ങൾ ബോജിയെ കാണുന്നു. അവനെ നോക്കുക. അവൻ നിങ്ങളെ ശ്രദ്ധിക്കും. ഒരു പുഞ്ചിരി അവനായി കൈമാറുക' ഏത് തിരക്കിനിടെയിലും ഇസ്താംബൂൾ നിങ്ങള്‍ക്ക് ആസ്വാദ്യമാകുമെന്നും എറോൾ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona