Bigg Boss: 'ബിഗ് ബോസ് സാമ്രാജ്യ'ത്തില്‍ കയ്യാങ്കളി; ഡോ.റോബിന്‍ പുറത്തേക്ക്
'ബിഗ് ബോസ് സാമ്രാജ്യ'ത്തില്‍ (Bigg Boss Empire Task) 66 -ാം എപ്പിസോഡില്‍ കയ്യാങ്കളി. ബിഗ് ബോസ് നല്‍കിയ വീക്കിലി ടാസ്ക് പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് മത്സാരാര്‍ത്ഥികള്‍. ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ഡോ. റോബിന്‍, വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുകയാണെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. നിലവില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ഡോ. റോബിനെ, കണ്‍ഫഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ച് കഴിഞ്ഞു. ഡോ.റോബിന്‍റെ അസാന്നിധ്യത്തിലാണ് ഇപ്പോള്‍ ബിഗ് ബോസിലെ ടാസ്കുകള്‍ പുരോഗമിക്കുന്നത്.
ബിഗ് ബോസ് സീസണ്‍ 4 ന്‍റെ തുടക്കം മുതല്‍ തന്നെ വീടിനുള്ളിലെ രണ്ട് ശക്തരായ മത്സരാര്‍ത്ഥികളാണ് ഡോ.റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ എം മൂസയും. രണ്ട് മത്സരാര്‍ത്ഥികള്‍ക്കും വീടിനുള്ളില്‍ സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും പല സമയങ്ങളിലായി ജാസ്മിന്‍റെ കൂട്ടുകാരികളെല്ലാവരും വീടിന് പുറത്ത് പോയി.
എന്നാല്‍, ഏതാണ്ടിതേ സമയത്ത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വീട്ടിനുള്ളിലേക്ക് റിയാസ് സലീം എന്ന മത്സാര്‍ത്ഥിയെത്തുന്നത്. തനിക്ക് വീട്ടിനുള്ളില്‍ ഏറ്റവും ഇഷ്ടമുള്ള വ്യക്തി ജാസ്മിനാണെന്ന് അവതാരകനായ മോഹന്‍ലാലിന്‍റെ മുന്നില്‍ വച്ച് പ്രഖ്യാപിച്ച് കൊണ്ടാണ് റിയാസ് വീട്ടിനുള്ളിലേക്ക് കയറിയത് തന്നെ. അതോടൊപ്പം തനിക്ക് വീട്ടിനുള്ളില്‍ ഏറ്റവും വെറുപ്പുള്ളത് ഡോ.റോബിനോടാണെന്നും റിയാസ് പ്രഖ്യാപിച്ചിരുന്നു.
ഇന്നലത്തെ എപ്പിസോഡില്‍ ബിഗ് ബോസ് സാമ്രാജ്യമെന്നതായിരുന്നു ടാസ്ക്. ടാസ്കില്‍ രാജാവിനായി ബിഗ് ബോസ് തെരഞ്ഞെടുത്തത് റിയാസ് സലീമിനെ. മറ്റുള്ളവരെ ശിക്ഷിക്കുന്നത് അടക്കമുള്ള അധികാരം സ്വേച്ഛാധിപതിയായ രാജാവിനുണ്ടെന്ന് ബിഗ് ബോസ് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു.
'ബിഗ് ബോസ് സാമ്രാജ്യ' ടാസ്കിന്‍റെ തുടക്കത്തില്‍ തന്നെ ഡോ.റോബിന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കരുതല്‍ വേണമെന്നും ജാസ്മിന്‍, റിയാസിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. അത് പോലെ തന്നെ റിയാസ് തന്നെ ചൊറിയാനായി ടാസ്കിനെ ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഡോ.റോബിന്‍, ബ്ലെസ്ലിയോട് പങ്കുവയ്ക്കുകയും ചെയ്തു.
റിയാസ് രാജാവിന്‍റെ രാഞ്ജിമാരായി ധന്യയേയും ദില്‍ഷയേയും ബിഗ് ബോസ് തന്നെ നിയമിച്ചു. അത് പോലെ രാജാവിന്‍റെ പ്രത്യേക അധികാര ചിഹ്നമായ ചെങ്കോലും ലോക്കറ്റും സൂക്ഷിക്കണമെന്നും ഇവ കൈവശം വയ്ക്കുന്നയാള്‍ക്ക് സവിശേഷമായ ചില അധികാരങ്ങള്‍ വീട്ടിനുള്ളിലുണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു.
രാജകൊട്ടാരത്തിലെ മറ്റ് ചില സ്ഥാനങ്ങളിലേക്ക് സഹമത്സരാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അധികരം റിയാസിനായിരുന്നു നല്‍കിയത്. വീട്ടിലെ തന്‍റെ സുഹൃത്തായ ജാസ്‍മിനാണ് റിയാസ് മന്ത്രി സ്ഥാനം നല്‍കിയത്.
റോണ്‍സണിനെ ഭടനായും സൂരജിനെ കൊട്ടാരം വിദൂഷകനായും ലക്ഷ്മിപ്രിയ, വിനയ് എന്നിവര്‍ രാജാവിന്‍റെ അരിവെപ്പുകാരായും റിയാസ് നിയമിച്ചു. തങ്ങള്‍ രുചിച്ചുനോക്കിയിട്ടേ രാജാവിന് ഭക്ഷണം നല്‍കൂവെന്ന് ഇതിനിടെ രാജ്ഞിമാരായ ധന്യയും ദില്‍ഷയും അവകാശപ്പെട്ടു.
അടുത്ത നോമിനേഷന്‍ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാള്‍ നോമിനേഷനില്‍ നിന്ന് മുക്തി നേടും. ഇത് എല്ലാവരും കാണുന്ന തരത്തില്‍ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. ഈ കാര്യങ്ങള്‍ റിയാസിനെ മാത്രം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചശേഷമാണ് ബിഗ് ബോസ് പറഞ്ഞത്.
മത്സരം ആരംഭിച്ച ശേഷം റിയാസ്, റോബിനോട് തനിക്കായി വിശറി വീശാന്‍ ആവശ്യപ്പെട്ടു. വിശറി വീശുന്നതിനിടെ രാജാവായ റിയാസിന്‍റെ ശ്രദ്ധ ഒന്ന് മാറിയപ്പോള്‍ റോബിന്‍, രാജാവിന്‍റെ പ്രത്യേക അധികാരമുള്ള മാന്ത്രിക ലോക്കറ്റ് കൈക്കലാക്കി ഓടി കുളിമുറിയില്‍ കയറി ഒളിച്ചു.
മണിക്കൂറുകളോളം ബാത്ത് റൂമില്‍ നിന്നും പുറത്ത് വരാന്‍ റോബിന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് ജാസ്മിന്‍റെ നിര്‍ദ്ദേശപ്രകാരം അടച്ചിട്ട കുളിമുറിയിലേക്ക് വാതിലിന്‍റെ വിടവിലൂടെ റൂം ഫ്രഷര്‍ അടിച്ചു.
ഇതോടെ അകത്ത് നില്‍ക്കാന്‍ പറ്റാതായ ഡോ.റോബിന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ബാത്ത് റൂമില്‍ നിന്നും പുറത്തിറങ്ങിയ റോബിനോട് തന്‍റെ ലോക്കറ്റ് തരാന്‍ ആവശ്യപ്പെട്ട് റിയാസ് കൈയില്‍ കയറിപ്പിടിച്ചു.
അടച്ചിട്ട മുറിയിലേക്ക് റൂം ഫ്രഷര്‍ അടിച്ചതിന്‍റെ കലിപ്പിലായിരുന്ന ഡോ.റോബിന്‍ , തന്‍റെ കൈയില്‍ പിടിച്ച റിയാസിന്‍റെ കൈ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെ വീട്ടിനുള്ളകം കലാപാന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു.
കിട്ടിയ അവസരം റിയാസ് സലീം മുതലെടുത്തു. ശാരീരിക അതിക്രമമാണ് റോബിന്‍ നടത്തിയതെന്നും ഇത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിയാസ് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. റോബിന്‍ ഷോയില്‍ നിന്ന് പുറത്തായെന്നും റിയാസ് അതിനിടെ പറയുന്നുണ്ടായിരുന്നു.
റോബിനെ വിമര്‍ശിച്ച് ജാസ്‍മിന്‍ കൂടി രംഗത്തെത്തിയതോടെ ബിഗ് ബോസ് ഹൗസ് അക്ഷരാര്‍ത്ഥത്തില്‍ സംഘര്‍ഷഭൂമിയായി മാറി. മൂവരെയും നിശബ്ദരാക്കാന്‍ മറ്റ് മത്സരാര്‍ഥികള്‍ ഏറെ പാടുപെട്ടു. അതിനിടെ പലരും പക്ഷം പിടിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു.
ദില്‍ഷ, ഡോ.റോബിന്‍ ചെയ്തത് ശരിയല്ലെന്ന് പറയുമ്പോള്‍ തന്നെ റൂമിലേക്ക് എയര്‍ഫ്രയര്‍ അടിച്ചതിനെ എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ ശക്തമായി ഒച്ച എടുത്തതിനെ തുടര്‍ന്ന് ജാസ്മിന് ശാരീരിക അസ്വാസ്ഥത അനുഭവപ്പെട്ടു.
ശ്വാസം കഴിക്കാന്‍ ജാസ്മിന് ബുദ്ധിമുട്ടാണെന്നും മെഡിക്കല്‍ റൂമിലേക്ക് വിളിക്കണമെന്നും ക്യാപ്റ്റന്‍ സൂരജ് ബിഗ് ബോസിനെ അറിയിച്ചു. ആദ്യം ജാസ്മിനും അതിന് ശേഷം ഡോ.റോബിനും മെഡിക്കല്‍ റൂമിലേക്ക് കയറി.
ബിഗ് ബോസ് അനുവദിച്ച ഡോക്ടര്‍ റോബിനോട് കാര്യങ്ങള്‍ തിരക്കുന്നതിനിടെ 66 -ാം എപ്പിസോഡ് ബിഗ് ബോസ് അവസാനിപ്പിച്ചു. എന്നാല്‍ പ്രമോയിലും ബിഗ് ബോസ് ലൈവിലുമായി പുറത്ത് വന്ന് വിവരങ്ങള്‍ പ്രകാരം ഡോ.റോബിന്‍ ബിഗ് ബോസ് വീട്ടിന് അനുയോജ്യനായ ഒരു മത്സരാര്‍ത്ഥിയല്ലെന്നുള്ള ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നുകഴിഞ്ഞു.
സഹമത്സരാര്‍ഥിക്ക് നേരെയുള്ള ശാരീരിക ആക്രമണം ബിഗ് ബോസില്‍ ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ എത്ര വലിയ തര്‍ക്കങ്ങളിലും ആശയ സംഘര്‍ഷങ്ങളിലും ഏര്‍പ്പെട്ടാലും മത്സരാര്‍ഥികള്‍ ആരും തന്നെ മറ്റൊരാളുടെ ശരീരത്തില്‍ കൈവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയായ ഡോ. രജിത് കുമാര്‍ പുറത്താക്കപ്പെടാന്‍ കാരണമായത് ഒരു വീക്കിലി ടാസ്‍കിനിടയിലെ പെരുമാറ്റമായിരുന്നു. സഹ മത്സരാര്‍ഥിയായ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്തിനെ ബിഗ് ബോസ് അന്ന് പുറത്താക്കിയത്.
ഇതിന് സമാനമായ രീതിയില്‍ ശാരീരിക അക്രമണമാണ് റോബിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാല്‍ നിലവില്‍ പ്രേക്ഷകരുടെ വോട്ടിങ്ങില്‍ ഏറെ മുന്നിലുള്ള റോബിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുന്നപക്ഷം അത് ഈ സീസണിന്‍റെ മുന്നോട്ടുപോക്കില്‍ ഏറെ നിര്‍ണ്ണായകമാവുമെന്ന് ഉറപ്പായി.
ബിഗ് ബോസ് വീട്ടില്‍ നിലവിലുള്ള സൌഹൃദങ്ങളിലും ശത്രുതകളിലുമൊക്കെ അത് കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ചേക്കും. കഴിഞ്ഞ ദിവസത്തെ പ്രമോയിലും മറ്റ് വീഡിയോ ക്ലിപ്പിങ്ങുകളിലും ഡോ.റോബിന്‍ പുറത്തായതിലുള്ള അസംതൃപ്തി ബ്ലെസ്ലി മറച്ച് വയ്ക്കുന്നില്ലെന്നത് ഇപ്പോള്‍ തന്നെ വീട്ടിനുള്ളിലെ അസംതൃപ്തി പുകയുകയാണെന്ന സന്ദേശമാണ് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്.