കരിഞ്ചാമുണ്ഡിയും മാപ്പിളത്തെയ്യവും; ചിത്രകഥ കാണാം, വായിക്കാം!
കത്തിച്ചുവച്ച നിലവിളക്കിനരികെ നിസ്‍കാരപ്പായയില്‍ മുട്ടുകുത്തി നിസ്‍കരിക്കുകയാണ് താടിയും തലയില്‍ പട്ടുകൊണ്ട് കെട്ടുമുള്ള ഒരു തെയ്യം. ഇരുളിൻ മറവില്‍ നിന്നും ഓടിയെത്തുന്ന ഒരുഗ്രമൂര്‍ത്തി. തെയ്യക്കാലത്തെ വേറിട്ട കാഴ്‍ചയാണ് പയ്യന്നൂരിന്‍റെ കിഴക്കൻ പ്രദേശമായ ചെറുപുഴയ്ക്കടുത്ത കമ്പല്ലൂരിലെ കോട്ടയില്‍ തറവാട്ടില്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡിയും മാപ്പിളത്തെയ്യവും
കേട്ടാല്‍ ഭയം ജനിപ്പിക്കുന്ന ചില ഭീകര കഥകളാണ് ഈ രണ്ട് തെയ്യങ്ങളുടെയും ഐതിഹ്യങ്ങള്‍ക്ക് പിന്നിലുള്ളത്. തന്‍റെ ഗര്‍ഭിണിയായ ഭാര്യയുടെ നിറവയര്‍ പിളര്‍ന്ന് ഭ്രൂണം കടിച്ചുകീറി ചോരകുടിച്ച കാട്ടുമൂര്‍ത്തിയെ ഒരു മാപ്പിള യുവാവ് ചവിട്ടി നടുവൊടിക്കുന്നതും നടുതകര്‍ന്ന കരിഞ്ചാമുണ്ഡി, അയാളെ കൊല്ലുന്നതും അയാളും ദൈവക്കരുവായി തീരുന്നതുമൊക്കയാണ് ഈ കഥ.
പായത്തുമലക്കാരനായ ആ മാപ്പിളയുടെ പേര് ചില കഥകളില്‍ ആലി എന്നാണെങ്കില്‍ മറ്റുചില കഥകളില്‍ മൈത്താന്‍ എന്നാണ്. എന്നാല്‍ കമ്പല്ലൂരില്‍ എത്തുമ്പോള്‍ അയാളുടെ പേര് കലന്തൻ എന്നാകും. ഒരു പേരില്‍ എന്തിരിക്കുന്നു അല്ലേ? എന്തായാലും ആ കഥകള്‍ കേള്‍ക്കാം. പായത്തുമലയിലെ ഒരു മുസ്ലീം സ്‍ത്രീക്ക് ഒരു പാതിരാത്രിയില്‍ പേറ്റുനോവ് വന്നു. നട്ടപ്പാതിരാത്രിക്ക് ചൂട്ടുകറ്റയുമായി വയറ്റാട്ടിയുടെ വീടുതേടി പാഞ്ഞു അവളുടെ പാവം ഭര്‍ത്താവ്, കലന്തൻ. വയറ്റാട്ടിയുടെ വീടറിയാതെ അയാള്‍ പല വീടുകളിലും മുട്ടിവിളിച്ചു. കാട്ടിലും മേട്ടിലും അലഞ്ഞു. ആരെയും കിട്ടിയില്ല.
അങ്ങനെ കൊടുങ്കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ പായുന്നതിനിടെ കലന്തൻ വഴിവക്കില്‍ ഒരു വള്ളിയൂഞ്ഞാല്‍ കണ്ടു. അതില്‍ ആടിരസിക്കുന്നു ഒരു സുന്ദരി. അവളോടും അയാള്‍ വയറ്റാട്ടിയെ അന്വേഷിച്ചു. ഇവിടെ അടുത്തൊന്നും വയറ്റാട്ടിമാരില്ലെന്നും തനിക്ക് പേറെടുക്കാൻ അറിയാമെന്നും വേണമെങ്കില്‍ താൻ സഹായിക്കാമെന്നും അവള്‍ പറഞ്ഞു. വല്ലാത്തൊരു ചിരിയുണ്ടായിരുന്നു അവളുടെ ചുണ്ടത്ത്. ഇതുകേട്ട് കലന്തന് സന്തോഷം അടക്കാനായില്ല, അതുകൊണ്ട് ആ പിശകൻ ചിരി ആ പാവം ശ്രദ്ധിച്ചുമില്ല. അവളെയും കൂട്ടി വീട്ടിലെത്തി കലന്തൻ. ഭാര്യയുടെ നിലവിളിയില്‍ മുങ്ങിനില്‍ക്കുകയാണ് വീട്. നിറയുന്ന കണ്ണുകള്‍ തുടച്ചുകൊണ്ടയാള്‍ ഒപ്പമുള്ള യുവതിയെ ഭാര്യ കിടന്ന മുറിയിലേക്ക് കയറ്റിവിട്ടു. കയറിയ ഉടൻ അവള്‍ വാതിലടച്ച് തഴുതുമിട്ടു. ഭാര്യയുടെ നിലവിളി നിമിഷനേരത്തിനകം പിടിച്ചുകെട്ടിയ പോലെ നിന്നത് ആശ്വാസത്തോടെ അറിഞ്ഞു കലന്തൻ.
പിന്നെ അല്ലാഹുവിനെ പ്രാര്‍ത്ഥിച്ചുകൊണ്ടയാള്‍ മുറ്റത്തുകൂടി തലങ്ങും വിലങ്ങും നടന്നു. നേരമേറെക്കഴിഞ്ഞു. എന്നാല്‍ അകത്ത് നിന്നും അനക്കമൊന്നും കേട്ടില്ല. നിലവിളിയോ ഞരക്കമോ ഒന്നും കേള്‍ക്കാതായപ്പോള്‍ കലന്തന് ആധി പെരുത്തു. അകത്തുകയറി വാതിലില്‍ മുട്ടിനോക്കി. അനക്കമൊന്നുമില്ല. എന്തുവേണമെന്നറിയാതെ നില്‍ക്കുന്നതിനിടെ കാലില്‍ ചൂടുള്ളൊരു നനവു പുരളുന്നത് അറിഞ്ഞു, കലന്തൻ. താഴേക്ക് നോക്കിയ അയാള്‍ നടുങ്ങി വിറച്ചു. വാതിലിന്‍റെ വിടവിലൂടെ ഒഴുകിയെത്തുന്നത് കട്ടച്ചോര! പച്ചരക്തത്തിന്‍റെ രൂക്ഷഗന്ധം മൂക്കിലടിച്ചതോടെ ചോരക്കാലുയര്‍ത്തി വാതിലില്‍ ആഞ്ഞുതൊഴിച്ചു കലന്തൻ.
തുറന്ന വാതിലിലൂടെ അകത്തെ കാഴ്‍ച കണ്ട മാപ്പിള നടുങ്ങി. അവിടെ, കൊച്ചുവിളക്കിന്റെ അരികില്‍ വയര്‍ പിളര്‍ന്നുകിടന്ന് മരിച്ചുകിടക്കുന്നു തന്‍റെ പ്രിയപത്നി. കരു കടിച്ചുകീറി ചോര കോരിക്കുടിക്കുന്നു ഒരു കറുത്ത രൂപം! ഒട്ടുമാലോചിക്കാതെ പാഞ്ഞു ചെന്ന കലന്തൻ ചോരക്കാലുയര്‍ത്തി ആ രൂപത്തെ ആഞ്ഞുതൊഴിച്ചു. നടുവിനായിരുന്നു ചവിട്ടുകൊണ്ടത്. ആ രൂപം നടുവൊടിഞ്ഞ് തെറിച്ചുവീണു. അപ്രതീക്ഷതമായ ആക്രമണത്തില്‍ പകച്ചുപോയ രൂപം ഇരുളിലേക്ക് പാഞ്ഞു. കയ്യില്‍ക്കിട്ടിയ ഉലക്കയുമായി കലന്തൻ മാപ്പിളയും പിന്നാലെ പാഞ്ഞു. കൂരിരുട്ടില്‍ തൊട്ടുമുമ്പിലെ ചിലമ്പൊച്ച ലക്ഷ്യമാക്കി അയാള്‍ ഉലക്ക വീശി ആഞ്ഞടിച്ചു. ആ അടി കൊണ്ടതും രൂപത്തിന്‍റെ നടുവിനായിരുന്നു. പ്രദേശം മുഴുവന്‍ മുഴങ്ങുന്ന ഒരു ഭീകരമായ നിലവിളി അവിടെ ഉയര്‍ന്നു.
നടുതകര്‍ന്ന കാട്ടുമൂര്‍ത്തി മാപ്പിളയോട് പ്രതികാരം ചെയ്യാൻ മലഞ്ചെരിവിലെ വലിയൊരു കല്ലുരുട്ടി താഴേക്കിട്ടു. പുളിങ്ങോം പള്ളി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉരുണ്ടുവരുന്ന കൂറ്റൻ പാറയ്ക്ക് മുന്നില്‍ പൊടുന്നനെ മറ്റൊരു രൂപം പ്രത്യക്ഷപ്പെട്ടു. പൊട്ടനായിരുന്നു അത്. ജ്ഞാനത്തിന്‍റെ കൊടുമുടി കയറിയെന്ന് അഹങ്കരിച്ച ശങ്കരാചാര്യരെ 'തെറ്റ് തെറ്റെന്ന് കേട്ട് തെറ്റുവാനെന്ത് മൂലം തെറ്റല്ലേ ചൊവ്വരിപ്പോൾ തെറ്റുവാൻ ചൊല്ലിയത്' എന്ന് പരിഹസിച്ച സാക്ഷാല്‍ പൊട്ടൻ തെയ്യം. പാഞ്ഞുവരുന്ന കരിമ്പാറയ്ക്ക് മുന്നില്‍ ഈ കളിക്ക് മേലൊരു കളിയില്ലെന്ന മട്ടില്‍ പൊട്ടൻ നിന്നു. എന്നിട്ട് തന്‍റെ ചൂരല്‍ വടി വീശി പാഞ്ഞുവന്ന പാറയിലൊന്നു തൊട്ടു. അതോടെ പള്ളിക്ക് നേരെ പാഞ്ഞ കല്ല് പല കഷണങ്ങളായി ചിതറിത്തെറിച്ചു. പുളിങ്ങോം മഖാമിന്‍റെ പല സമീപ പ്രദേശങ്ങളിലും ഇന്നു കാണുന്ന കൂറ്റൻ പാറക്കഷണങ്ങള്‍ പൊട്ടൻ പണ്ടുതകര്‍ത്തെറിഞ്ഞ കല്ലിന്‍റെ അവിശിഷ്‍ടങ്ങളാണെന്നാണ് ഐതിഹ്യം.
കഥ തീര്‍ന്നിട്ടില്ല. ഈ സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു നട്ടപ്പാതിരായ്ക്ക് കമ്പല്ലൂര്‍ പുഴയില്‍ ചൂണ്ടയിടുകയായിരുന്നു മാപ്പിള. അരണ്ട നിലാവെളിച്ചമുണ്ട്. പുഴയില്‍ ഏറെ അകലെയല്ലാതെ ഒരു അസാധാരണ വെളിച്ചം കണ്ടു അയാള്‍. ചൂണ്ടയുമെടുത്ത് പതിയെ അങ്ങോട്ട് നടന്നു അയാള്‍. പുഴ മുറിച്ചുകടക്കാൻ വേണ്ടി തോലും കമ്പും ചെളിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ ഒരു ചിറയുണ്ട് അവിടെ. തൊട്ടപ്പുറത്ത് വലിയൊരു കയവും ഉണ്ട്. വെളിച്ചം ചിറവിട്ട് അകലുന്നതുപോലെ അയാള്‍ക്ക് തോന്നി. അത് നിലാവെട്ടമാണെന്ന് കരുതി അയാള്‍ കയത്തിലേക്ക് ചൂണ്ട വീശിയെറിഞ്ഞു. ചൂണ്ടയില്‍ കാര്യമായെന്തോ കൊളുത്തിയിരിക്കുന്നു. അയാള്‍ ചൂണ്ട ആഞ്ഞുവലിച്ചു. എന്നാല്‍ തന്‍റെ കാലുകള്‍ വഴുതുന്നത് അയാള്‍ അറിഞ്ഞു. ആരോ തന്നെ പുഴയിലേക്ക് പിടിച്ചുവലിക്കുകയാണെന്നത് ഞെട്ടലോടെ തിരിച്ചറിഞ്ഞ അയാള്‍ ചൂണ്ടയിലെ പിടിവിടാൻ ഒരുങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞു. പുഴയിലേക്കയാള്‍ എടുത്തെറിയപ്പെട്ടു.
കാലില്‍ പിടുത്തമിട്ട ഒരദൃശ്യഹസ്‍തം കയത്തിലെ ചുഴിയിലേക്ക് അയാളെ വലിച്ചു താഴ്‍ത്തി. പിറ്റേന്ന് പുഴക്കരയില്‍ മാപ്പിളയുടെ ജഡം പൊന്തി. കരിഞ്ചാമുണ്ഡിയുടെ പ്രതികാരമെന്ന് ജനം പറഞ്ഞു. പ്രശ്‍നവിചാരത്തില്‍ കലന്തനും ദൈവക്കരുവായെന്ന് വിധിയുണ്ടായി.
മാപ്പിളയുടെ ജഡം പൊന്തിയ കാര്യങ്കോട് പുഴയിലെ ആ കയം ഇന്ന് ആവുള്ളക്കയം എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൈവക്കരുവായ മാപ്പിളയും കരിഞ്ചാമുണ്ഡിയുമൊക്കെ കമ്പല്ലൂരിനടുത്ത് ആക്കോക്കാവിലും പരിസരത്തുമൊക്കെയാണ് അധിവസിക്കുന്നതെന്നാണ് ഇവിടുത്തെ കഥകള്‍. കോട്ടയില്‍ തറവാട്ടിലെ ധര്‍മ്മ ദേവതയായ ആക്കോ ചാമുണ്ഡി, നാട്ടടുക്കം തെയ്യം തുടങ്ങിയ തെയ്യങ്ങള്‍ക്കൊപ്പം എല്ലാ വര്‍ഷവും കരിഞ്ചാമുണ്ഡിയെയും മാപ്പിളത്തെയ്യത്തെയും ഇവിടെ കെട്ടിയാടിക്കുന്നു.
ഇതേ കഥയ്ക്ക് മറ്റൊരു പാഠഭേദവുമുണ്ട്. ഈ കഥയിലെ കലന്തൻ പുളിങ്ങോം പള്ളിയിലെ മുക്രിയാണ്. പുളിങ്ങോം പുഴയില്‍ മീൻ പിടിക്കാൻ പോയ കലന്തനെ മുക്കിക്കൊന്നത് രാത്രി തേവാരത്തിനെത്തിയ വിഷ്‍ണുമര്‍ത്തിയും സംഘവും. മരിച്ച കലന്തൻ മുക്രി ദൈവക്കരുവായെന്നും വിഷ്‍ണുമൂര്‍ത്തിയില്‍ വിലയം പ്രാപിച്ചെന്നുമാണ് ഈ കഥ. മാപ്പിളയും ചാമുണ്ഡിയും ഈ പ്രദേശങ്ങളിലെ പല ഇടങ്ങളിലും കെട്ടിയാടുന്നുണ്ട്. നടുതകര്‍ന്നതുകൊണ്ടാണത്രെ കരിഞ്ചാമുണ്ഡിത്തെയ്യം ഏന്തിവലിഞ്ഞെന്ന പോലെ നടക്കുന്നത്.
തോറ്റം പാട്ടിലൊന്നും പരാമര്‍ശമില്ലാത്ത ഈ നാട്ടുകഥകള്‍ എന്തൊക്കെയായാലും മതമൈത്രിക്ക് പേരുകേട്ട ഇടങ്ങളാണ് ഈ പ്രദേശങ്ങളൊക്കെയും. പുളിങ്ങോം മഖാം ഉറൂസിന് ജാതിമതഭേദമന്യേ ഒത്തുകൂടുന്ന പുരുഷാരവും ഉറൂസ് നടത്തിപ്പിലെ കോട്ടയില്‍ തറവാട്ടുകാരുടെ ഉള്‍പ്പെടെ ഇതര മതസ്‍ഥരുടെ സാനിധ്യവുമെല്ലാം തന്നെ ഇതിന് തെളിവ്.
കരിഞ്ചാമുണ്ഡിയുടെ ഒന്നാം ആരൂഢസ്ഥാനമായി ആരാധിച്ചു വരുന്നത് കമ്പല്ലൂരിനും പുളിങ്ങോത്തിനും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള, കുടക് മലനിരകള്‍ക്കരികിലെ ഉദയിഗിരി പഞ്ചായത്തിലെ പായം കോഴിത്താവളം സ്ഥാനമാണ്. കണ്ണൂരിന്‍റെ കിഴക്ക് കാര്‍ത്തികപുരത്തിനും മണക്കടവിനും മധ്യേയുള്ള വനസ്ഥലമാണ് പായം പ്രദേശം. തോറ്റംപാട്ടുകളില്‍ ‘പായത്തൊന്‍ പതാള്‍’ എന്ന പ്രയോഗമുണ്ട്. പായത്ത് കരിഞ്ചാമുണ്ഡി, മൂത്ത ചാമുണ്ഡി, ഇളയ ചാമുണ്ഡി, പുള്ളിപ്പോതി, കായങ്കുളത്തമ്മ, വടുവക്കുട്ടി, ചെങ്ങോലന്‍, വീരന്‍, പരവച്ചാമുണ്ഡി എന്നിവരാണത്രെ പായത്ത് പൊടിച്ചുണ്ടായ ഒമ്പതാള് എന്നാണ് ഐതിഹ്യം. പെരുവണ്ണാന്‍ സമുദായത്തിലെ തടിക്കടവന്‍ എന്ന തറവാട്ടുകാരാണ് പ്രധാനമായും കരിഞ്ചാമുണ്ഡി തെയ്യം കെട്ടുന്നത്. മാവിലര്‍, പുലയര്‍, ചെറോന്‍, വേലന്മാര്‍ തുടങ്ങിയ വിഭാഗക്കാരും കരിഞ്ചാമുണ്ഡിയെ കെട്ടിയാടാറുണ്ട്. മുഖത്തെ വലിയ പുള്ളിയെ മുന്‍നിര്‍ത്തി ഈ തെയ്യത്തിന് പുള്ളിച്ചാമുണ്ഡി എന്ന പേരുകൂടിയുണ്ട്.