തുണിയലക്കും തെയ്യം; വണ്ണാത്തിപ്പോതി ചിത്രകഥ
കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവിനടുത്ത കൂവേരിയിലെ പുല്ലായിക്കൊടി തറവാട്ടില്‍ കെട്ടിയാടിയ ഈ അമ്മത്തെയ്യത്തിന്‍റെ കഥ അലക്കുകാരിയായ ഒരു വണ്ണാത്തിപ്പെണ്ണിന്‍റെ ജീവിത കഥയാണ്.
അര്‍ദ്ധരാത്രിയില്‍ ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ അലക്കുകല്ലില്‍ തുണി തല്ലി അലക്കുകയാണ് ഒരു സ്‍ത്രീരൂപം. അതൊരു സാധാരണ സ്‍ത്രീയല്ല. ഒരു അമ്മ ദൈവമാണ്. വാദ്യത്തിനൊത്ത് താളത്തില്‍ തുണിയലക്കുന്ന ആ കാഴ്‍ച കണ്ടാല്‍ സങ്കടമാണോ നിസഹായതയാണോ അതോ ആനന്ദമാണോ എന്ന് തിരിച്ചറിയാനാകാത്ത ഒരു വികാരം നിങ്ങളെ വന്നു പൊതിയും. അറിയാതെ കണ്ണു നനയും. ദൈവക്കരുവായിട്ടും തുണി കഴുകുന്ന ആ അമ്മത്തെയ്യമാണ് വണ്ണാത്തിപ്പോതി അഥവാ വണ്ണാത്തി ഭഗവതി.
വണ്ണാത്തിപ്പോതിയുടെ കഥ അറിയണമെങ്കില്‍ ആദ്യം വണ്ണാത്തി മാറ്റിനെക്കുറിച്ചറിയണം, വണ്ണാൻ സമുദായത്തെക്കുറിച്ചറിയണം. അത്യുത്തര കേരളത്തിലെ കനലാടി സമുദായങ്ങളില്‍ മുഖ്യസ്ഥാനത്തുള്ളവരാണ് വണ്ണാന്‍ സമുദായക്കാര്‍. തെയ്യംകെട്ടും അലക്കുമാണ് ഇവരുടെ കുലത്തൊഴില്‍. സമുദായത്തിലെ ആചാരപ്പെടുന്ന കോലക്കാര്‍ പെരുവണ്ണാന്‍ എന്നറിയപ്പെടും. വണ്ണാൻ സമുദായത്തിലെ സ്ത്രീജനങ്ങളാണ് വണ്ണാത്തിമാര്‍. അലക്കുകാരികളാണ് വണ്ണാത്തികള്‍. തീയ്യസമുദായങ്ങളുടെ തുണി അലക്കലായിരുന്നു വണ്ണാത്തി സ്‍ത്രീകളുടെ കുലത്തൊഴില്‍.
മ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കുമൊക്കെ പ്രത്യേകം അലക്കുകാര്‍ ഉണ്ടായിരുന്നു. പക്ഷേ അന്തര്‍ജനങ്ങളുടെയും നായര്‍ സ്ത്രീകളുടെയും ഋതു സ്‍നാന ശുദ്ധിയും വിവാഹാദി മംഗള കര്‍മ്മങ്ങളിലെ ശുദ്ധിയും പുലശുദ്ധിയുമൊക്കെ സാധൂകരിക്കപ്പെടണമെങ്കില്‍ വണ്ണാത്തികള്‍ കൊടുക്കുന്ന മാറ്റ് തുണിതന്നെ ധരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. വാലായ്‍മയും പുലയും നീങ്ങാൻ നിശ്ചിത ദിവസം വണ്ണാത്തിമാറ്റ് ഉടുത്ത് ഈ സ്‍ത്രീകള്‍ കുളിക്കണം എന്നായിരുന്നു ആചാരം.
അങ്ങനെ നമ്പൂതിരി മുതല്‍ തീയ്യര്‍ വരെയുള്ള എല്ലാ ഹിന്ദു സ്ത്രീകളുടെയും തീണ്ടാരി ശുദ്ധിയും പ്രസവ ശുദ്ധിയും വണ്ണാത്തികള്‍ നടത്തിവന്നിരുന്നു. ഇതിന് ഓരോ വീട്ടിൽ നിന്നും ഒരു നിശ്ചിത ഇടങ്ങഴി നെല്ല് ഇവർക്ക് പ്രതിഫലമായും ലഭിച്ചിരുന്നു. ക്ഷേത്രത്തിലെ ദേവിമാരുടെ തീണ്ടാരി ശുദ്ധി പോലും നിര്‍വ്വഹിക്കേണ്ട ചുമതലക്കാരികളായിരുന്നത്രെ അക്കാലത്തെ വണ്ണാത്തികള്‍.
തെയ്യക്കാരനായ ഒരു പെരുവണ്ണാന്‍റെ ധര്‍മ്മപത്നിയായിരുന്നു ആര്യക്കര വണ്ണാത്തി. ഋതുമതിയായ കാളിപ്പൊന്മകള്‍ ഒരുദിവസം നല്ലച്ഛനായ പരമശിവന്‍റെ അരികിലെത്തി. കുളിച്ച് ശുദ്ധി വരുത്തുന്നതിന് തനിക്ക് മാറ്റ് വേണം. ഇതായിരുന്നു പൊന്മകളുടെ ആവശ്യം. കീഴ്‍ലോകത്തെ ആര്യക്കര വണ്ണാത്തിപ്പെണ്ണിന്‍റെ പേരു പറഞ്ഞു നല്ലച്ഛൻ. അങ്ങനെ ഒരു നാട്ടുപെണ്ണിന്റെ രൂപമെടുത്ത കാളിത്തിരുമകള്‍ മാറ്റുവാങ്ങാൻ ചെറുമനുഷ്യരുടെ ഇടയിലേക്കിറങ്ങി.
അന്നും പതിവ് പോലെ മാറ്റുമായി പോകുകയായിരുന്നു ആര്യക്കര പെരുവണ്ണാത്തി. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാളിത്തിരുമകള്‍ കണ്ടു. മാറ്റ് ചോദിച്ചു. പക്ഷേ ആളറിയാതെ പെരുവണ്ണാത്തി മാറ്റ് കൊടുക്കാൻ വിസമ്മതിച്ചു. മാറ്റില്ലാതെ തന്നെ കുളിക്കാൻ തീരുമാനിച്ച കാളിത്തിരുമകള്‍ നേരെ പുഴക്കടവിലിറങ്ങി. അവിടെ വസ്‍ത്രങ്ങള്‍ അലക്കുന്നുണ്ടായിരുന്നു അപ്പോള്‍ നമ്മുടെ ആര്യക്കര പെരുവണ്ണാത്തി. ഒരിക്കല്‍ക്കൂടി പെരുവണ്ണാത്തിയുടെ അരികിലെത്തിയ കാളിത്തിരുമകള്‍ വീണ്ടും മാറ്റ് ചോദിച്ചു. കൊടുത്തില്ല എന്നു മാത്രമല്ല അല്‍പ്പം പരിഹസിക്കുകയും ചെയ്‍തു പെരുവണ്ണാത്തി. അരിശം കയറിയ പൊന്മകള്‍ പെരുവണ്ണാത്തിയുടെ മുടിയില്‍ പിടിത്തമിട്ടു. അലക്കുകല്ലിലേക്ക് ആ തല വീശിയടിച്ചു. പിന്നെ തിരുവായുധമെടുത്ത് ആ ശിരസറുത്തു. കാളിക്കയ്യാല്‍ വധിക്കപ്പെട്ട പെരുവണ്ണാത്തി ദൈവക്കരുവായി, വണ്ണാത്തിപ്പോതിയായി.
Vannathi Bhagavathy
ഈ കഥയ്ക്ക് ചില പാഠഭേദങ്ങളും ഉണ്ട്. മറ്റൊരു കഥയില്‍ പെരുവണ്ണാത്തിയോട് മാറ്റ് ചോദിക്കുന്ന പെണ്ണൊരുത്തി കരുവാള്‍ ഭഗവതിയാണ്. മാറ്റുമായി നടന്നുവരുന്ന പെരുവണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്‍റെ ഇടയിലിരുന്ന കാട്ടുമൂര്‍ത്തിയായ കരുവാള്‍ ഭഗവതി കണ്ടെന്നാണ് ഇക്കഥ. ഇല്ലത്തളയിട്ട് കറുമ്പിയായി വേഷമിട്ട് കാഞ്ഞിരക്കെട്ടിന്‍റെ ഇടയില്‍ നിന്നും വഴിവക്കിലേക്കിറങ്ങി നിന്നു കരുവാള്‍ ഭഗവതി. അരികിലെത്തിയ വണ്ണാത്തിയോട് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്ന് അപേക്ഷിച്ചു.
കാട്ടാളത്തിക്കെന്തിന് മാറ്റെന്ന് പരിഹസിച്ചു ചിരിച്ചു അപ്പോള്‍ പെരുവണ്ണാത്തി. നടന്നുനീങ്ങിയ വണ്ണാത്തിയെ കാട്ടുകറുമ്പി തടഞ്ഞു. എന്നിട്ട് വണ്ണാത്തിയെ ചുഴറ്റിയെടുത്ത് പാറക്കല്ലില്‍ അടിച്ചു. മരണാനന്തരം വണ്ണാത്തി പോതിയായി പെരുവണ്ണാത്തി. തീര്‍ന്നിട്ടില്ല, ഇനിയുമുണ്ട് ഒരുകഥ കൂടി. തിരുവർകാട്ട് ഭഗവതിയുടെ പുറം കാവൽക്കാരാണ് ആനാട ഭഗവതിയും കമ്മിയമ്മയും പരാളി അമ്മയും പഞ്ചുരുളിയമ്മയും. അതിൽ ആനാട ഭഗവതി അഥവാ ആലാട ഭഗവതി വധിച്ചതിനാല്‍ ദൈവക്കരുവായിത്തീര്‍ന്ന പെരുവണ്ണാത്തിയുടെ തെയ്യക്കോലമാണ് വണ്ണാത്തി ഭഗവതിയെന്നാണ് ഈ കഥ.
ചിങ്കത്താന്മാര്‍, മാവിലര്‍, പാണര്‍ തുടങ്ങിയ സമുദായക്കാരാണ് വണ്ണാത്തി ഭഗവതിയുടെ കോലം കെട്ടിയാടുന്നത്. അരയില്‍ വെളുമ്പനുടുപ്പും തലയില്‍ ചെറിയ പട്ടവും മാത്രമാണ് വേഷം. മാവിലര്‍ കെട്ടുന്ന വണ്ണാത്തിപ്പോതിക്ക് 'നാഗം താഴ്‍ത്തി' എന്ന ശൈലിയിലാണ് മുഖത്തെഴുത്ത്. ചിങ്കത്താന്മാര്‍ കെട്ടുമ്പോള്‍ 'തേപ്പും കുറിയും' എന്ന മുഖത്തെഴുത്ത് ശൈലിയാണ്.
ചൂട്ടുകറ്റയുടെ മാത്രം വെളിച്ചത്തിലാണ് വണ്ണാത്തിപ്പോതിയുടെ പുറപ്പാട്. ഒടുവിലായാണ് വസ്‍ത്രം അലക്കുന്ന ചടങ്ങ്. വാദ്യത്തിന് അനുസരിച്ച് താളാത്മകമായി വസ്‍ത്രം അലക്കും തെയ്യം. വസ്ത്രങ്ങളാണ് പ്രധാന നേര്‍ച്ച. പുതുവസ്‍ത്രങ്ങളുമായി വണ്ണാത്തിപ്പോതിക്ക് മുന്നില്‍ സങ്കടവും സന്തോഷവുമൊക്കെ പങ്കുവയ്ക്കും സ്‍ത്രീജനങ്ങള്‍.