വിഷമനസുകള്‍ ചതിച്ചുകൊന്ന വിഷവൈദ്യനായ ചെത്തുകാരൻ ; ഇതാ വിഷകണ്ടൻ തെയ്യം ചിത്രകഥ!
അത്യുത്തരകേരളത്തിലെ തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നത് ചാത്തമ്പളി വിഷകണ്ടൻ തെയ്യത്തിന്‍റെ അരങ്ങേറ്റത്തോടെയാണ്. ഇതാ വിഷകണ്ടൻ ചിത്രകഥ വായിക്കാം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവാണ് വിഷകണ്ടൻ തെയ്യത്തിന്‍റെ ആരൂഢസ്ഥാനം. തുലാമാസം പത്താം തീയതി പുലര്‍ച്ചെയാണ് ചാത്തമ്പള്ളി വിഷകണ്ടൻ കെട്ടിയാടുന്നത്. വിഷകണ്ടന്‍റെ വരവോടെ വടക്കൻ കേരളത്തില്‍ തെയ്യക്കാലത്തിനു തുടക്കം കുറിക്കും.
ചിറക്കുനിയില്‍ കുഞ്ഞമ്പു എന്ന ഏറ്റുകാരൻ തീയ്യന്‍റെ മകനായിരുന്നു കൊളച്ചേരിയിലെ ചിരുകണ്ടൻ. കുട്ടിക്കാലം മുതല്‍ അറിവു നേടാൻ അതിയായ കൊതിയായിരുന്നു കണ്ടന്. ആദ്യം എതിര്‍ത്തെങ്കിലും എഴുത്താശാന്മാരുടെയും മറ്റും കാലുപിടിച്ച് അവനെ പഠിപ്പിച്ചു കുഞ്ഞമ്പു
വളര്‍ന്നപ്പോള്‍ വിഷവൈദ്യവും പഠിച്ചു കണ്ടൻ. പിന്നെ ഇന്ദ്രജാലവും മഹേന്ദ്രജാലവും വശത്താക്കി. ഒപ്പം കോടിക്കരുത്ത്, കോഴിക്കരുത്ത്, കൊടിക്കരുത്ത്, കൊലക്കരുത്ത് ഉള്‍പ്പെടെ പലകരുത്തുകളും സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി കണ്ടൻ. പിന്നെ കുലത്തൊഴിലായ കള്ളു ചെത്തും തുടങ്ങി.
അങ്ങനൊരു തുലാമംസം പിറന്നു. ഒരുദിവസം അന്തിക്കള്ളെടുക്കാൻ കണ്ടൻ വെങ്ങാപ്പറ്റ കുളക്കരയിലെ തെങ്ങിലേറിയ നേരത്താണ് ചാത്തോത്ത് തറവാട്ടില്‍ നിന്നും കൂട്ടനിലവിളി ഉയരുന്നത്. തറവാട്ടിലെ പത്തുംതികഞ്ഞ പെണ്‍തരിയായ നാണിയെ പാമ്പ് കടിച്ചിരിക്കുന്നു.
മരവിച്ച ആ ശരീരവുമായി പൊന്നാങ്ങളമാരും വാല്യക്കാരും നേരെ തൊട്ടുടത്ത ഇല്ലത്തേക്ക് ഓടി. പരദേശങ്ങളില്‍പ്പോലും വിഷ ചികിത്സയ്ക്ക് പ്രസിദ്ധമായിരുന്നു കൊളച്ചേരിയിലെ ആ ബ്രാഹ്മണകുടുംബം. നാടാകെ പേരുകേട്ട വിഷ വൈദ്യനാണ് ഇല്ലത്തെ മൂത്ത നമ്പൂതിരി. നാണിയെ രക്ഷിക്കാൻ അദ്ദേഹത്തിന് തീര്‍ച്ചയായും സാധിക്കുമെന്ന് ചാത്തോത്തുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പായിരുന്നു.
എന്നാല്‍ ആ മഞ്ചലിലേക്ക് വല്യമ്പ്രാൻ ഒന്നേ നോക്കിയുള്ളൂ. കരിമൂര്‍ഖൻ തീണ്ടി കരിനീലനിറത്തിലായ പത്തും തികഞ്ഞ പെണ്ണിനെക്കണ്ട് താനായിട്ട് ഇനി ഒന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച് 'കൊണ്ടുപോയി കുഴിച്ചിടുക' എന്നും പറഞ്ഞ് നമ്പൂതിരി പടിപ്പുര വലിച്ചടച്ചു
തേങ്ങിക്കരഞ്ഞു കൊണ്ട് മഞ്ചലുമായി ചാത്തോത്തേക്ക് തിരികെ നടന്നു ആങ്ങളമാര്‍. വയലും തോടും കടന്ന് ആ വിലാപയാത്ര വെങ്ങാപ്പറ്റ കുളത്തിന്‍റെ കരയിലെത്തി. ഈ സമയം തെങ്ങിന്മണ്ടയിലിരുന്ന ഏറ്റുകാരൻ കണ്ടൻ കാര്യമെന്തെന്ന് വിളിച്ചുചോദിച്ചു. വാല്യക്കാരിലാരോ തേങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. ശരീരം ഇത്തിരി നേരം ഈ കുളത്തിലേക്കിടഡാനും പോളം പൊന്തിയാല്‍ പുറത്തെടുക്കാനും പറഞ്ഞു കണ്ടൻ. അവര്‍ അനുസരിച്ചു
ഈ സമയം തെങ്ങിന്‍മുകളിലിരുന്ന് 'കൊലക്കരുത്ത്' എന്ന മന്ത്രപ്രയോഗത്തിലായിരുന്നു കണ്ടൻ. വെള്ളത്തിലാഴ്‍ന്ന നാണിയുടെ മുഖത്തു നിന്നും കുമിളകള്‍ പൊങ്ങി. അവളുടെ ശരീരം പുറത്തേക്ക് വലിച്ചു. കല്‍പ്പടവിലേക്കവളെ എടുത്തുകിടത്തി. ഈ സമയം തെങ്ങിന്മുകളില്‍ നിന്നും താഴെ എത്തിയിരുന്നു കണ്ടൻ. പൊന്തക്കാട്ടില്‍ നിന്നും ചില പച്ചിലകള്‍ നുള്ളിയെടുത്തു. നൂറുരു മന്ത്രിച്ചോതി. നൂറ്റൊന്നുകുടം നീര്‍ ജപിച്ചൊഴുക്കി. അതാ, ഉറക്കപ്പായില്‍ നിന്നെന്നപോലെ എഴുന്നേറ്റു വരുന്നു പത്തുംതികഞ്ഞ നാണിപ്പെണ്ണ്. നാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു കണ്ടൻ. എന്നിട്ട് നാലാം നാള്‍ നീ പ്രസവിക്കും എന്നും കുഞ്ഞി ആണായിരിക്കുമെന്നും അവന്‍റെ വലം തുടയില്‍ ഒരു നീല മറുകുണ്ടായിരിക്കുമെന്നും പറഞ്ഞു.
കഥ നാടുമുഴുവൻ പാട്ടായി. ഏറ്റുകാരന്‍റെ മകൻ പേരുകേട്ട വിഷ വൈദ്യനായതറിഞ്ഞ് കാളകൂടം ഉള്ളില്‍ച്ചന്നതുപോലെ നടുങ്ങി നമ്പൂതിരിയും കുടുംബവും. നാണിയുടെ കുടുംബം കണ്ടന് പ്രതിഫലം നല്‍കി. പക്ഷേ കണ്ടൻ ഒന്നും സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ ഒരു പുതിയ വീട് കണ്ടനു വേണ്ടി പണിതുനല്‍കി. വീട്ടില്‍ താമസം തുടങ്ങി മൂന്നാം നാള്‍ രാത്രിയില്‍ ഒരു യുവതിക്ക് സര്‍പ്പദംശനമേറ്റെന്ന് പറഞ്ഞ് വീട്ടിലെത്തിയ ചിലര്‍ കണ്ടനെ കൂട്ടിക്കൊണ്ടു പോയി. നമ്പൂതിരിയുടെ കിങ്കരന്മാരായിരുന്നു അവര്‍
പിറ്റേന്ന് തുലാപ്പത്തിന് പുലര്‍ച്ചെ തെങ്ങിൻ തോപ്പിന്‍റെ ഒഴിഞ്ഞകോണിലൊരിടത്ത് കണ്ടൻ വൈദ്യരുടെ ശരീരം ഉറുമ്പരിക്കുന്നത് നാട്ടുകാര്‍ കണ്ടു. തലയും ഉടലും വേര്‍പ്പെട്ട ജഡം മണ്ണില്‍ അലിയും മുമ്പേ ഇല്ലത്തിന്‍റെ അഭിമാനം കാളിയനെപ്പോലെ പത്തിവിടര്‍ത്തുന്നതും കണ്ടു നാട്ടുകാര്‍. പക്ഷേ വെറും നാല്‍പ്പത് നാള്‍ മാത്രമേ കൊടുംവിഷം ഊറിക്കൂടിയ ആ മനസുകളുടെ ദുരഭിമാനത്തിന് ആയുസുള്ളൂ എന്ന് അന്നേരം ആരും അറിഞ്ഞില്ല. കണ്ടൻ വൈദ്യര്‍ വിഷകണ്ടനെന്ന തെയ്യമായി പുനര്‍ജ്ജനിക്കുന്നത് വരെ മാത്രം!