ഒരൊറ്റ മനുഷ്യനും അതേവരെ ചെന്നിട്ടില്ലാത്ത നരകക്കിണറില്‍ അവര്‍ കണ്ട കാഴ്ചകള്‍
അഗാധഗര്‍ത്തം, സിങ്ക്‌ഹോള്‍, കിണര്‍. ഇങ്ങനെയെല്ലാം വിളിക്കാമെങ്കിലും യമനിലെ അല്‍ മഹ്‌റ പ്രവിശ്യയില്‍, മരുഭൂമിക്കു നടുവില്‍ കാണപ്പെടുന്ന ഗര്‍ത്തത്തിന് പേര് നരകക്കിണര്‍ എന്നാണ്. പേരുപോലെ തന്നെ നാട്ടുകാര്‍ക്ക് ഭയമാണ് അതിനെ. അതിനടുത്തുകൂടി പോയാല്‍ ഭൂതപ്രേതഗണങ്ങള്‍ താഴേക്ക് വലിച്ചിടുമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇതിനുള്ളില്‍ ജിന്നുകളെയും പ്രേതങ്ങളെയും തടവിലിട്ടിട്ടുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ലോകാവസാനത്തില്‍, തിന്‍മ ചെയ്യുന്നവരെ അടക്കുന്ന സ്ഥലമാണ് അതെന്നും വിശ്വാസമുണ്ട്. അതിനകത്തെ പൊത്തുകളില്‍ അപകടകാരികളായ ചീങ്കണ്ണികളും വിഷസര്‍പ്പങ്ങളും പാര്‍ക്കുന്നുവെന്നും പറയപ്പെടുന്നു. ഒരാളും ഒരിക്കല്‍ പോലും ചെന്നെത്തിയിട്ടില്ലാത്ത ഈ ഗര്‍ത്തത്തിനുള്ളിലേക്ക് ഈയടുത്ത് കുറച്ചു മനുഷ്യര്‍ ഇറങ്ങിച്ചെന്നു. അവര്‍ എന്തൊക്കെയാണ് അതിനുള്ളില്‍ കണ്ടത്?
നൂറ്റാണ്ടുകളായി ജനങ്ങളുടെ പേടി സ്വപ്‌നമാണ് ബര്‍ഹൗത്തിലെ കിണര്‍. നരകക്കിണര്‍ എന്നാണ് അതിനര്‍ത്ഥം. വലിയ മരുഭൂമിക്കു നടുവിലെ ഒരഗാധ ഗര്‍ത്തമാണത്. അതിനുള്ളില്‍ ജിന്നുകളും പ്രേതങ്ങളും കഴിയുന്നുണ്ടെന്നാണ് ഇവിടത്തെ വിശ്വാസം
പുറമേനിന്ന് നോക്കുമ്പോള്‍ അതൊരു ദ്വാരമാണ്. എന്നാല്‍, അകത്തേക്ക് ചെല്ലുമ്പോള്‍ 100 അടി വിസ്തീര്‍ണ്ണമുണ്ട്. 367 അടി ആഴമാണ് ഇതിനുള്ളത്. അതായത് അനേകം കെട്ടിടങ്ങള്‍ ഒന്നിച്ചു വെച്ചാലുള്ള വലിപ്പം. ഇതിനടുത്തുകൂടി പോവാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്.
അടുത്തുചെന്നാല്‍ അതിനകത്തേക്ക് വലിച്ചിഴക്കപ്പെടും എന്നാണ് വിശ്വാസം. അതിനാല്‍, അനേകം തലമുറകളെ ഭയപ്പെടുത്തുന്ന ഒന്നായി നൂറ്റാണ്ടുകളോളം ഇതു നിലനിന്നു. ആര്‍ക്കും ഒരിക്കലും ചെന്നെത്താന്‍ കഴിയാത്ത ഒന്നാണ് ഇതെന്നാണ് ഇവിടത്തെ വിശ്വാസം.
എന്നാല്‍, രണ്ടാഴ്ച മുമ്പ് ഇവിടേക്ക് ഒരു സംഘം ആളുകള്‍ വന്നെത്തി. ഗുഹകളെ പ്രണയിക്കുന്ന ഒരു സംഘം ഒമാനികള്‍. ഗുഹകള്‍ക്കകത്തു ചെന്ന് അതിനുള്ളിലെ കാഴ്ചകള്‍ പകര്‍ത്തുകയും ശാസ്ത്രീയമായി പഠിക്കുകയും ചെയ്യുന്ന ഒരു സംഘമാണ് ഇത്.
ഒമാനി ഗുഹാ പര്യവേക്ഷണ സംഘം ( Omani Caves Exploration Team (OCET)) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. ഒമാനിലെ നൂറു ഗുഹകള്‍ കീഴടക്കിയ ഇവര്‍ ഗുഹകളിലെ വസ്തുകള്‍ പകര്‍ത്തുകയും പഠിക്കുകയും ചെയ്ത ശേഷംആധികാരികമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഒമാന്‍ ഗുഹകളിലേക്ക് ഒരു വഴികാട്ടി എന്നാണ് ഈ പുസ്തകത്തിന് പേര്.
ഒമാനിലെ എര്‍ത്ത് സയന്‍സസ് കണ്‍സല്‍ട്ടന്‍സി സെന്റര്‍ മേധാവിയായ ഡോ. മുഹമ്മദ് അല്‍ കിന്ദിയുടെ നേതൃത്വത്തിലുള്ള 10 അംഗ പര്യവേക്ഷണ സംഘമാണ് നരകക്കിണര്‍ കീഴടക്കിയത്. യമന്‍ ജിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് ഇവര്‍ നരകക്കിണര്‍ കീഴടക്കിയത്.
''മക്കയിലുള്ള സംസം വെള്ളം ലോകത്തേറ്റവും പരിശുദ്ധമായ ജലം എന്നാണ് അറിയപ്പെടുന്നതെങ്കില്‍, അതിനു നേര്‍ വിപരീതമാണ് ഈ കിണര്‍ അറിയപ്പെടുന്നത്. വിഷജലമാണ് ഇതെന്നാണ് വിശ്വാസം. എന്നാല്‍, അതിലുള്ളത് നല്ല ശുദ്ധജലമാണ്. ഞങ്ങളത് കുടിക്കുക പോലും ചെയ്തു.''-ദ് നാഷനല്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. മുഹമ്മദ് അല്‍ കിന്ദി പറയുന്നു.
''മറ്റൊരു വിശ്വാസമുള്ളത് ഇവിടെയെത്തുന്നവര്‍ ശ്വാസം മുട്ടി മരിക്കും എന്നാണ്. എന്നാല്‍, ഞങ്ങള്‍ ചെന്നെത്തിയത്
സാധാരണ ഓക്‌സിജന്‍ തോതുള്ള, ശുദ്ധവായു നിറഞ്ഞ ഒരിടത്താണ്. പ്രേതങ്ങളും ഭയാനക ജീവികളും ഉണ്ടെന്നു പറയപ്പെടുന്ന അവിടെ ആകെയുള്ളത് കുറച്ചു പാമ്പുകളാണ്. തിന്നാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍ ബാക്കി ആയവയാണ് അത്. ''സംഘത്തിനു നേതൃത്വം നല്‍കിയ ഡോ. മുഹമ്മദ് അല്‍ കിന്ദി പറയുന്നു.
നൂറ്റാണ്ടുകളായി ജനങ്ങളുടെ പേടി സ്വപ്‌നമാണ് ബര്‍ഹൗത്തിലെ കിണര്‍. നരകക്കിണര്‍ എന്നാണ് അതിനര്‍ത്ഥം. വലിയ മരുഭൂമിക്കു നടുവിലെ ഒരഗാധ ഗര്‍ത്തമാണത്. അതിനുള്ളില്‍ ജിന്നുകളും പ്രേതങ്ങളും കഴിയുന്നുണ്ടെന്നാണ് ഇവിടത്തെ വിശ്വാസം
ആര്‍ക്കും എത്തിപ്പെടാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഇവിടം കീഴടക്കിയതായി യമനിലെ ചില സാഹസികര്‍ നേരത്തെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളും ഇന്നേ വരെ ഇവിടേക്ക് കടന്നുചെന്നിട്ടില്ല എന്ന് ഡോ. മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും കാലടികള്‍ അവിടെ കണ്ടിട്ടില്ല. മനുഷ്യര്‍ എന്നെങ്കിലും ചെന്നതിന്റെ ഒരു സൂചനയും അവിടെയില്ല.''
ആര്‍ക്കും എത്തിപ്പെടാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഇവിടം കീഴടക്കിയതായി യമനിലെ ചില സാഹസികര്‍ നേരത്തെ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ഒരാളും ഇന്നേ വരെ ഇവിടേക്ക് കടന്നുചെന്നിട്ടില്ല എന്ന് ഡോ. മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും കാലടികള്‍ അവിടെ കണ്ടിട്ടില്ല. മനുഷ്യര്‍ എന്നെങ്കിലും ചെന്നതിന്റെ ഒരു സൂചനയും അവിടെയില്ല.''
ഗുഹയ്ക്കുള്ളില്‍ നിരവധി സര്‍പ്പപ്പുറ്റുകള്‍ സംഘം കണ്ടെത്തി. ചില പുറ്റുകള്‍ വളരെ വലുതാണ്. അപകടകാരികളായ ചീങ്കണ്ണികളെ തടവിലിട്ടിരിക്കുന്നതാണ് ഇത്തരം പുറ്റുകള്‍ എന്നാണ് വിശ്വാസം. എന്നാല്‍, പാമ്പുകളും തവളകളും പ്രാണികളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സംഘമ സാക്ഷ്യപ്പെടുത്തുന്നു.
മനോഹരമായ ഗുഹാമുത്തുകളാണ് മറ്റൊരു ആകര്‍ഷണീയത. ഇളം പച്ച നിറത്തിലുള്ള ഇത്തരം മുത്തുകള്‍ അടിത്തട്ടില്‍ കണ്ടെത്തി. അനേകം നാളുകള്‍ കൊണ്ട് മുത്തുകളായി മാറിയ കാല്‍സിയം നിക്ഷേപമാണ് ഇവ.
അപൂര്‍വമായി കണ്ടുവരുന്നവയാണ് ഗുഹാമുത്തുകള്‍. ഗുഹകളിലും ഗര്‍ത്തങ്ങളിലും നിരപ്പായ സ്ഥലങ്ങളില്‍ മാത്രമേ ഇവ ഉണ്ടാകൂ. അേനകം നൂറ്റാണ്ടുകള്‍ കൊണ്ടാണ് ഇവ രൂപപ്പെടുന്നത്. ഗുഹാമുത്തുകളുടെ ചിത്രങ്ങള്‍ സംഘം പുറത്തുവിട്ടു.
ആധുനിക രീതിയിലുള്ള സംവിധാനങ്ങളുമായാണ് സംഘം നരകക്കിണറിലേക്ക് ഇറങ്ങിയത്. കപ്പിയും കയറും ഉപയോഗിച്ചാണ് അകത്തേക്ക് ആടിയിറങ്ങിയത്. ഓക്‌സിജന്‍ മാസ്‌കുകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.