ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാരല്ല; സാമ്പത്തിക - ലൈംഗിക സ്വാതന്ത്ര്യമുള്ള സ്ത്രീകളാണ് !
എങ്ങനെയാണ് ലോകത്ത് ഒരു പുരുഷകേന്ദ്രീകൃത സമൂഹം രൂപപ്പെട്ടു വന്നത്? വലിയ വിഷയമാണ് അല്ലേ? എന്നാല്‍, എല്ലാക്കാലത്തും വലിയ തരത്തിലാണെങ്കിലും ചെറിയ തരത്തിലാണെങ്കിലും ചില സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിച്ചിട്ടുണ്ട്. ചിലരെയൊക്കെ ചരിത്രം രേഖപ്പെടുത്തി വച്ചു. ചിലരെ ആരും അറിഞ്ഞില്ല. നമ്മുടെ സമൂഹം പുരുഷാധിപത്യത്തിലൂന്നി നില്‍ക്കുന്ന ഒന്നാണ്. ഗൃഹനാഥനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മിക്കപ്പോഴും. എല്ലായിടത്തും തീരുമാനം എടുക്കുന്ന സംഘത്തില്‍ ഭൂരിഭാഗവും പുരുഷന്മാരായിരിക്കും. എന്നാല്‍, സ്ത്രീകള്‍ വീട്ടിലെ കാര്യങ്ങളും, സമൂഹത്തിലെ കാര്യങ്ങളുമെല്ലാം നിയന്ത്രിക്കുന്ന സ്ഥലങ്ങളുണ്ടോ? അങ്ങനെയും ചില സമൂഹങ്ങളുണ്ട്. ലോകത്ത് പലയിടത്തും ഇങ്ങനെ വ്യത്യസ്‍തമായി ജീവിക്കുന്ന ചില സമൂഹങ്ങളെ കാണാം. പല സ്ത്രീകേന്ദ്രീകൃത സമൂഹങ്ങളും ഉണ്ടായി വന്നതില്‍ ചില മിത്തുകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ഒക്കെ പങ്കുണ്ട്. ആ വ്യത്യസ്‍തമായ സമൂഹങ്ങളെ കുറിച്ചറിയാം.
നൂബിയ (കുഷ്), സുഡാന്‍: "നൂബിയൻമാർക്ക് കുറേയേറെ രാജ്ഞിമാരുണ്ടായിരുന്നു. അവരാണ് രാജ്യം ഭരിച്ചിരുന്നത്. പ്രത്യേകിച്ചും മെറോയിറ്റിക് രാജ്യത്തിന്റെ സുവർണ കാലഘട്ടത്തിൽ (ഇന്നത്തെ സുഡാൻ)." താര എൽ. കെല്ലർ തന്‍റെ 'നെയിദര്‍ ഗോഡസ് നോര്‍ ഡോര്‍മേറ്റ്സ്: ദ റോള്‍ ഓഫ് വുമണ്‍ ഇന്‍ നൂബിയ' (Neither Goddesses nor Doormats: The Role of Women in Nubia) എന്ന പുസ്‍തകത്തില്‍ എഴുതുന്നു. അവിടെ സ്ത്രീകള്‍ ഭരിക്കുക എന്നത് ഒരു അസാധാരണമായ കാഴ്ച ആയിരുന്നില്ല. തന്‍റെയും രാജ്യത്തിന്‍റെയും ശത്രുക്കളെ അടിച്ചു തുരത്തിയ രാജ്ഞിമാരായിരുന്നു നൂബിയന്‍ രാജ്ഞിമാര്‍. പലപ്പോഴും ഇവിടെ സ്ത്രീകള്‍ക്ക് സമൂഹത്തിന് മേല്‍ വ്യക്തമായ നിയന്ത്രണാധികാരം ഉണ്ടായിരുന്നു.
നൂബിയന്‍ രാജ്ഞികളെ പോരാളികളായി തന്നെയാണ് കണക്കാക്കുന്നത്. അവര്‍ നൂബിയ രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടി. എല്ലാത്തിന്‍റെയും മാതാവായി കരുതപ്പെടുന്ന ഐസിസ് എന്ന ദേവതയെ ആരാധിക്കുന്നവരാണ് നൂബിയക്കാര്‍. പ്രകൃതി, ഇന്ദ്രജാലം എന്നിവയുടെ അധിപയും അടിമകള്‍, പാപികള്‍, കലാകാരന്മാര്‍ എന്നിവരുടെ മിത്രമായും ആണ് ഐസിസ് കണക്കാക്കപ്പെടുന്നത്.
ട്രോബ്രിയാന്‍ഡ്, പാപ്പുവ ന്യൂ ഗിനിയ: പാപ്പുവ ന്യൂ ഗിനിയയിലുള്ള ട്രോബ്രിയാന്‍ഡ് ദ്വീപസമൂഹമാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ വെളിവാക്കുന്ന മറ്റൊരു സമൂഹം. ഇവിടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. പുരുഷന്മാര്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ദ്വീപില്‍ നിന്നും ദ്വീപിലേക്ക് യാത്ര ചെയ്‍തപ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ സമൂഹത്തിലെ ഭരണാവകാശം കൈവരികയും അവരത് വിനിയോഗിക്കുകയും ചെയ്‍തു. എന്തിരുന്നാലും രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ഇടപെടലുകളില്ലാതെ സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമാകില്ല എന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് സംശയങ്ങളില്ല. ട്രോബ്രിയാന്‍ഡ് ജനതയുടെ ജീവിതരീതിയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. പരമ്പരാഗത രീതി പിന്തുടര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹമാണ് ഇവരുടേത്. കാലം മാറിയെങ്കിലും ചില മാറ്റങ്ങളൊക്കെ വന്നുവെങ്കിലും ഇന്നും ആ പരമ്പരാഗതരീതികള്‍ മനസിലെങ്കിലും സൂക്ഷിക്കുന്നവരുണ്ട്.
ഇവിടെ ക്രിക്കറ്റ് വലിയ പ്രാധാന്യമുള്ള ഒരു സംഗതിയാണ്. നമ്മുടെ അടിപൊളി ബാറ്റും സ്റ്റമ്പും ബോളുമൊന്നും അവര്‍ക്ക് ഇല്ലെങ്കിലും ക്രിക്കറ്റ് അവര്‍ക്ക് വളരെ പ്രധാനമാണ്. അയല്‍നാടുകളുമായുള്ള പ്രശ്‍നങ്ങളിലെല്ലാം പോരാട്ടം നടക്കുന്നത് ക്രിക്കറ്റ് കളിച്ച് പരസ്‍പരം തോല്‍പ്പിക്കുക എന്നുള്ളതാണ്. സ്ത്രീകളും ഇവിടെ സജീവമായി ഈ മത്സരരംഗത്തുണ്ട് എന്നുള്ളതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. പാട്ടും ഡാന്‍സും ഒക്കെ ആയിട്ടാണ് ഇവരുടെ ക്രിക്കറ്റ് മാമാങ്കം. പലപ്പോഴും ഇലകളെ കൊണ്ടുള്ള പാവാട ധരിച്ച, പൂക്കള്‍ മാത്രം അലങ്കാരമാക്കിയ ടോപ്പുകളിടാത്ത സ്ത്രീകളുടെ നൃത്തം ഇവിടെ പല പരിപാടികളിലും കാണാം.
സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യമാണ് ഇവിടെയുള്ള സമൂഹത്തില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇവിടെയുള്ള 'ലവ് ഹട്ടുകള്‍' എന്ന് പേരിട്ടിരിക്കുന്ന കുടിലുകള്‍ തന്നെ സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. അവിടെ വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീകളും പുരുഷന്മാരും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. 'കന്യകാത്വ'ത്തിനൊന്നും അവര്‍ക്കിടയില്‍ യാതൊരു പ്രാധാന്യവുമില്ല. കോണ്ടം അടക്കമുള്ള സുരക്ഷാ മാര്‍ഗങ്ങളും ഇവര്‍ വ്യാപകമായി ഉപയോഗിക്കുന്നു. 'ലവ് ഹട്ടു'കളില്‍ അവ കാണാമെന്ന് ഇവരുടെ സംസ്‍കാരത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളെടുത്തവരും അവരെ കുറിച്ച് പഠിച്ചവരുമെല്ലാം പറയുന്നു. ഇനി അഥവാ പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ കുഞ്ഞുങ്ങളെ നോക്കേണ്ടത് അവളുടെ വീട്ടുകാരാണ്. ആ കുഞ്ഞ് അമ്മവീടിനുള്ളതാണ്. ഇവിടെ പുരുഷന് പ്രാധാന്യമില്ല. മറിച്ച് കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റേതോ, ആത്മാവിന്‍റേതോ ആണ്. പുരുഷന്മാര്‍ അവരെ ജനിപ്പിക്കാനുള്ള വെറും വഴിയാണ് എന്നാണ് ഇവര്‍ കരുതുന്നത്.
പലവാൻ, ഫിലിപ്പൈൻസ്: 2015 -ൽ, ഫോട്ടോഗ്രാഫർ പിയറി ഡി വല്ലോംബ്ര്യൂസ് ഇന്നത്തെ തെക്കുകിഴക്കൻ ഏഷ്യൻ ഗോത്രങ്ങളുടെ ചിത്രങ്ങൾ പകര്‍ത്തുകയുണ്ടായി. 'അവിടെ ലിംഗസമത്വം പടിഞ്ഞാറിനെ മറികടക്കുന്നു' എന്നാണ് പിയറി അഭിപ്രായപ്പെട്ടത്. ഇവിടെ സ്ത്രീകൾ പുരുഷന്മാരുമായി തുല്യാധികാരം പങ്കിടുന്നു. ചരിത്രപരമായി തന്നെ അധികാരം പങ്കിടുകയും സ്ത്രീകള്‍ക്കും തുല്യപ്രാധാന്യം നല്‍കുകയും ചെയ്യുന്ന സമൂഹമാണ് പലവാന്‍ സമൂഹമെന്നും പിയറി അഭിപ്രായപ്പെടുകയുണ്ടായി. പിയറി ചിത്രങ്ങള്‍ പകര്‍ത്തിയ പല സമൂഹങ്ങളില്‍ ഒന്നായിരുന്നു പലവാന്‍.
ഖാസി, ഇന്ത്യ: ഇന്ത്യയിലെ വടക്കു-കിഴക്കന്‍ ഭാഗത്തുള്ള ഖാസി സമൂഹമാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള മറ്റൊരു സമൂഹം. ഇവിടെ സാധാരണയായി കുഞ്ഞുങ്ങളുടെ പേരിനൊപ്പം അവരുടെ അമ്മയുടെ പേരാണ് ചേരുക. അതുപോലെ അമ്മമാരുടെ സ്വത്തിനും പലപ്പോഴും പെണ്‍മക്കളാണ് അവകാശികളായി വരുന്നത്.
മാതാപിതാക്കള്‍ വിവാഹമോചനം നേടിയാല്‍ പോലും കുട്ടികള്‍ ബുദ്ധിമുട്ടുകളില്ലാതെ അമ്മയോടൊപ്പം തന്നെ താമസിക്കും. സ്ത്രീകളിനി എത്ര തവണ വിവാഹം കഴിച്ചാലും അവളുടെ കുട്ടികള്‍ എല്ലായ്പ്പോഴും അവള്‍ക്കൊപ്പം ഉണ്ടാകും. പുരുഷന്‍ ഗര്‍ഭിണിയായ സ്ത്രീയെ ഉപേക്ഷിച്ചാലും കുട്ടികള്‍ ഇവിടെ നിയമവിരുദ്ധമാകുന്നില്ല എന്നതും പ്രത്യേകതയാണ്.
മോസുവോ, ചൈന: ചൈനയുടെ തെക്കുപടിഞ്ഞാറുള്ള മോസുവോ സമൂഹവും സ്ത്രീകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന സമൂഹമാണ്. കുടുംബപ്പേര് പലപ്പോഴും ഇവിടെ സ്ത്രീകളുടെ അവകാശമാണ്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് സ്ത്രീകളായിരിക്കും. കുടുംബനാഥന് പകരം കുടുംബനാഥകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതുപോലെ പല കുടുംബങ്ങളടങ്ങുന്ന കൂട്ടായ്‍മകളുണ്ടാവുകയും അവരുടെ നേതാവായി ഒരു സ്ത്രീയെ തെരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെ ഗ്രാമത്തിന്‍റെ തലവ തന്നെ ആകുന്ന സ്ത്രീയും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തീരുമാനമെടുക്കുന്ന കാഴ്ചയും ഇവിടെ അസാധാരണമല്ല.
അതുപോലെ തന്നെ ഇവിടെ ഓരോ സ്ത്രീക്കും 'ഫ്ലവര്‍ റൂം' എന്ന പേരില്‍ ഒരു മുറിയുണ്ടാകും. അത് അവരുടെ കാമുകന്മാര്‍ക്ക് അവരെ സന്ദര്‍ശിക്കാനുള്ള മുറിയാണ്. അവിടെ ആരും പ്രതിബദ്ധതയെ കുറിച്ചോ ഗര്‍ഭിണി ആകുന്നതിനെ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ സ്ത്രീകളുടെ സഹോദരങ്ങളും സമൂഹവും ആ കുഞ്ഞുങ്ങളെ നോക്കാന്‍ കൂടെയുണ്ടാകും.