'എന്‍റെ ജനത ഇല്ലാതാവുകയാണ്, അതനുവദിക്കില്ല' ; സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത രോഗികള്‍ക്കിടയിലേക്ക് നഴ്‍സുമാര്‍
കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തുടരുമ്പോള്‍ പല രാജ്യങ്ങളേയും പല സമൂഹത്തെയും അത് വ്യത്യസ്‍ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അതേറ്റവും മോശമായി ബാധിച്ച ഒരു സമൂഹമാണ് ബ്രസീലിലെ തദ്ദേശവാസികളുടെ സമൂഹം. നമുക്കറിയാം ലോകത്തെല്ലായിടത്തും മുന്‍നിരയില്‍ നിന്ന് ഈ വൈറസില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനായി അധ്വാനിക്കുന്നത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന്. അതില്‍ത്തന്നെ എടുത്തുപറയേണ്ടുന്നവരാണ് ബ്രസീലിലെ ആമസോണില്‍ നിന്നടക്കമുള്ള തദ്ദേശവാസികള്‍ക്കിടയിലെ നഴ്‍സുമാര്‍. നഴ്‍സായ വാന്‍ഡാ ഒര്‍ട്ടേഗ അതിലൊരാളാണ്. എടുത്തുപറയേണ്ടയാള്‍.
മനൗസ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് ജീവിക്കുന്ന Parque das Tribos, 35 വ്യത്യസ്‍ത ഗോത്രവിഭാഗക്കാരടങ്ങുന്ന ഒരു സമൂഹമാണ്. അവിടെ ഭൂരിഭാഗം വീടുകളിലും കൃത്യമായ വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. മാത്രവുമല്ല, അടുത്തൊന്നും ഒരു പ്രാഥമികാരോഗ്യകേന്ദ്രം പോലുമില്ല. നഴ്‍സായ വാന്‍ഡാ ഒര്‍ട്ടേഗ 700 കുടുംബങ്ങളടങ്ങുന്ന അവളുടെ സമുദായത്തെ കൊവിഡെന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള പരിശ്രമത്തിലാണ്.
'നമ്മുടെ മനുഷ്യര്‍ ഈ രോഗത്താല്‍ മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. അവരെ രാജ്യം അതിന്‍റെ കണക്കുകളില്‍ പോലും പെടുത്തുന്നില്ലാ'യെന്നും ഒര്‍ട്ടേഗ പറയുന്നു. ഒര്‍ട്ടേഗയെപ്പോലെയുള്ളവര്‍ ചേര്‍ന്നാണ് എങ്ങനെയെങ്കിലും ഈ ഗോത്രവിഭാഗങ്ങളെ ഈ മഹാമാരിയില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇല്ലെങ്കില്‍ തദ്ദേശക്കാരായ ഒരു സമൂഹം തന്നെ ഇല്ലാതായേക്കുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.
ഒര്‍ട്ടേഗ തന്നെ കൊവിഡ് 19 സംശയിക്കുന്ന 40 രോഗികളെയെങ്കിലും പരിശോധിച്ചിട്ടുണ്ട്. ഈ രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെ കുറിച്ചുമുള്ള പരിമിതമായ അറിവ് വെച്ച് രോഗം സംശയിക്കുന്നവര്‍ക്ക് വേദനസംഹാരികളും പ്രാഥമിക ചികിത്സയുമാണ് അവള്‍ നല്‍കുന്നത്.
തൂവലുകളുള്ള തന്‍റെ പരമ്പരാഗതമായ തലയില്‍ ധരിക്കുന്ന തൊപ്പിക്കൊപ്പം സംരക്ഷണ വസ്ത്രങ്ങളും ധരിച്ച് അവള്‍ വീടുകള്‍ കയറിയിറങ്ങുകയും രോഗം സംശയിക്കുന്നവരെ കാണുകയും തന്നാലാവും വിധം അവരെ സഹായിക്കുകയും ചെയ്യുകയാണ്. അതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളൊന്നും തന്നെ അവരെ രക്ഷിക്കാനായി അവള്‍ കാണുന്നില്ല.
രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ പലര്‍ക്കും ജോലി നഷ്‍ടപ്പെട്ടിരിക്കുകയാണ്. മിക്ക സ്ത്രീകളും വീട്ടുജോലിക്കായി പോയിരുന്നവരായിരുന്നു. അതുപോലെ തന്നെ പുരുഷന്മാര്‍ പലരും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്‍തുവന്നിരുന്നു. എന്നാല്‍, ഇവയെല്ലാം നിലച്ചുപോയ സാഹചര്യത്തില്‍ പട്ടിണിയിലായിരിക്കുകയാണ് ഈ ജനത.
ആരോഗ്യരംഗത്തുള്ളവരടക്കമുള്ളവര്‍ 'ഞങ്ങളുടെ ജീവനും വിലയുണ്ട്' എന്നെഴുതിയിരിക്കുന്ന മാസ്‍കുകള്‍ ധരിച്ചിരിക്കുന്നത് കാണാം. പലപ്പോഴായി സര്‍ക്കാരില്‍ നിന്നുണ്ടായ അവഗണനയുടെ വേറെയൊരു രൂപം മാത്രമാണ് ഈ സമയത്തും കാണുന്നതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. പലതരത്തിലുള്ള ഭീഷണികളും നേരിടുന്ന ഗോത്രവിഭാഗക്കാര്‍ ഈ കൊറോണാവ്യാപനസമയത്ത് നേരിടുന്ന ഭീഷണിയും വലുതാണ്.
സര്‍ക്കാര്‍ തദ്ദേശവാസികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന അവഗണനാപരമായ സമീപനത്തിനെതിരെ പലതരത്തിലുള്ള പ്രതിഷേധവും തദ്ദേശവാസികളായ ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ തങ്ങളെ അവഗണിക്കാതെ ആവശ്യമായ പരിഗണന വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തില്‍ ഒര്‍ട്ടേഗയും പങ്കെടുത്തിരുന്നു.