സംസ്ഥാനത്ത് ലോക്ഡൌണ്‍ നീട്ടിയേക്കും; എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം
സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ അഞ്ച് ദിവസം പിന്നിട്ടപ്പോഴും കൊവിഡ് പ്രതിദിന വർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. ഇതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. മിനിയാന്ന് അല്‍പം കുറവ് കാണിച്ചെങ്കിലും ഇന്നലെ വീണ്ടും 43,529 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗവ്യാപനത്തില്‍ കുറവിലെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ അടച്ച് പൂട്ടല്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. ഇന്നലെ കേരളത്തില്‍ 29.75 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണ്. സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ ബൈജു വി മാത്യു, ഷെഫീഖ് മുഹമ്മദ്.
കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ വകുപ്പും വിദഗ്ധരും സംസ്ഥനത്തെ അടച്ച് പൂട്ടല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു.
എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂവെന്നാണ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.
നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനിടെ രോഗവ്യാപനം തീവ്രമായ കൊച്ചി നഗരസഭാ പരിധിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നു. എറണാകുളം ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൻപത് ശതമാനത്തിൽ കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ നടപടി തുടങ്ങി.
സംസ്ഥാനത്ത് 29.75 എന്ന ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് നില്‍ക്കുമ്പോഴാണ് എറണാകുളത്ത് അത് 50 -തിനും ചിലയിടങ്ങളില്‍ 60 ശതമാനത്തിനും മേലെ പോകുന്നത്.
ഇന്നലെ മാത്രം ജില്ലയില്‍ 15 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 6,410 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ കൊച്ചി നഗരസഭാ പരിധിയിലാണ് നിലവില്‍ ഏറ്റവും കൂടുതൽ രോഗികൾ ഉളളത്, 23,601 പേർ.
തൊട്ടടുത്തുള്ള തൃക്കാക്കരയിൽ മൂവായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ജില്ലയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തൃക്കാക്കരയിലാണ്, 246.
ജില്ലയിലെ 15 പ്രദേശങ്ങളില്‍ ഇന്നലെ മാത്രം നൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനം കടന്നു. ഇവിടെയെല്ലാം നിയന്ത്രണം കുടുതൽ കടുപ്പിക്കാൻ മുഖ്യമന്ത്രി തന്നെ കർശന നിർദ്ദേശം നൽകി.
പോസിറ്റീവായവർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ നിർദ്ദേശിച്ചതാണ് രോഗ വ്യാപനം കൂടുതൽ തീവ്രമാക്കിയതെന്ന് കരുതുന്നു. രോഗികള്‍ വീടുകളില്‍ ക്വാറന്‍റീനിലിരിക്കുമ്പോള്‍ കുടുംബാംഗങ്ങളുമായി ഇടപഴകാന്‍ ഇടവന്നാല്‍ അത് രോഗവ്യാപനത്തിന് കാരണമാകുന്നു.
ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്‍റീനിലിരിക്കുന്നവരില്‍ നിന്നാകാം രോഗവ്യാപന തോത് കൂടാന്‍ കാരണമാകുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നു. വീടുകളില്‍ ക്വാറന്‍റീനിലിരിക്കുന്നവര്‍ കുടുംബാംഗങ്ങളുമായി സംമ്പര്‍ക്കത്തിലേര്‍പ്പെടാതെ നോക്കേണ്ടത് രോഗവ്യാപനം തടയാന്‍ അത്യാവശ്യമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കുതിച്ചുയർന്നതോടെ ചൂർണിക്കര പഞ്ചായത്തിലെ ഇടറോഡുകൾ വരെ പഞ്ചായത്തും പൊലീസും ചേർന്ന് ഇന്നലെ അടച്ചു.
ഇന്നലെ ജില്ലയില്‍ 4,474 പേർ രോഗ മുക്തി നേടിയപ്പോള്‍ 4,592 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 14,746 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇപ്പോഴത്തെ ആകെ എണ്ണം 1,26,098 ആണ്.
ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66,899 ആണ്. ഇന്നലെ ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 18,261 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു.
മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 5,916 പേർക്ക് കൗൺസിലിംഗ് സേവനം നൽകിയതായും ജില്ലാ വൃത്തങ്ങള്‍ അറിയിച്ചു. നഗരത്തില്‍ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പോലും പത്ത് മുതൽ രണ്ട് വരെയാണ് പ്രവർത്തനാനുമതി. മറ്റ് പഞ്ചായത്തുകളും കടകളുടെ പ്രവർത്തന സമയം കുറച്ചു.
അതിനിടെ ഓക്സിജന്‍ ക്ഷാമം മുന്നില്‍ കണ്ട് എറണാകുളത്തെ വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാക്കുന്ന നടപടി തുടങ്ങി.
മറ്റ് ജില്ലകളില്‍ നിന്ന് എത്തിക്കുന്ന വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളും ഇവിടെ വച്ച് രൂപമാറ്റം വരുത്തി മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളാക്കുകയാണ് ചെയ്യുന്നത്.
എസ് എച്ച് എം ഷിപ്പ് കെയറിലെ നാല്പത്തോളം തൊഴിലാളികളാണ് ഈ സംവിധാനം ഒരുക്കുന്നത്. സംസ്ഥാനത്ത് നിന്നും പുറത്ത് നിന്നുമുള്ള വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകള്‍ ഇത്തരത്തില്‍ ഇവിടെ രൂപമാറ്റം വരുത്തുന്നത് ഒരു പരിധി വരെ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഇല്ലാതാക്കുന്നു.
മലപ്പുറം, തിരിവനന്തപുരം ജില്ലകളില്‍ നിന്നുള്ള വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളും അതത് ജില്ലാ ഭരണകൂടങ്ങള്‍ ഇവിടെ എത്തിച്ച് രൂപമാറ്റം വരുത്തി കൊണ്ടുപോകുന്നുണ്ട്.
സുരക്ഷാ പരിശോധ കഴിഞ്ഞ ശേഷമാണ് സിലിണ്ടറുകളില്‍ രൂപമാറ്റം വരുത്തുന്നത്. ഒരു ദിവസം നൂറ് മുതല്‍ നൂറ്റി അമ്പത് സിലിണ്ടറുകള്‍ ഇത്തരത്തില്‍ രൂപമാറ്റം വരുത്തുന്നുണ്ട്.
'കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona