കൊവിഡ് രണ്ടാം തരംഗത്തിലും വിറങ്ങലിച്ച് ബെംഗളൂരു; സര്‍ക്കാര്‍ നിഷ്ക്രിയമെന്ന് വിമര്‍ശനം
കൊവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം ഇന്ത്യയിലെ മഹാനഗരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമാക്കി. ആദ്യ വ്യാപന സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലോക്ഡൌണിലേക്ക് പോയപ്പോള്‍ രണ്ടാം വ്യാപനത്തില്‍ ലോക്ഡൌൺ പ്രഖ്യാപിക്കാതിരുന്നിട്ടും ബംഗളൂരു അടക്കമുള്ള മഹാനഗരങ്ങള്‍ അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലാണ്. ഒന്നാം വ്യാപന സമയത്തെന്ന പോലെ രണ്ടാം വ്യാപന കാലത്തും ബംഗളൂരുവില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അതിവേഗമാണ് കൂടുന്നത്. ഇന്നലെ മാത്രം 34,804 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 143 മരണമാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ഇതുവരെയായി കൊവഡ് ബാധിച്ച് 14,426 പേര്‍ കര്‍ണ്ണാടകയില്‍ മാത്രം മരിച്ചു. 13,39,201 പേര്‍ക്ക് ഇതുവരെയായി കര്‍ണ്ണാടകയില്‍ രോഗബാധ സ്ഥിരീകരിച്ചു. 19.70 ശതമാനമാണ് സംസ്ഥാനത്തെ പോസറ്റിവിറ്റി നിരക്ക്. 2,62,162 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. മണിക്കൂറില്‍ ശരാശരി 700 പേര്‍ക്ക് എന്ന നിരക്കിലാണ് ബെംഗളൂരു നഗരത്തില്‍ പോസറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തിന്‍റെ ഒന്നാം ഘട്ടിത്തിലും കര്‍ണ്ണാടകയും ബെംഗളൂരുവും അതിവ്യാപനമുണ്ടായിരുന്നു. അന്ന് മുതല്‍ കൃത്യമായ പദ്ധതികളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത്രയും രൂക്ഷമായ അതിവ്യാപനം സംസ്ഥാനത്ത് ഉണ്ടാകില്ലായിരുന്നുവെന്ന് വിദഗ്ദരും പറയുന്നു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍.
ബെംഗളൂരു നഗരത്തിലെ രോഗബാധിതരായ ഓരോരുത്തരും കുറഞ്ഞത് എട്ട് പേരോളം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ക്കെന്ന നിലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) കീഴിലുള്ള 'ജീവന്‍ രക്ഷ' വിഭാഗം നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ബെംഗളൂരുവില്‍ ഓരോ ചതുരശ്ര കിലോമീറ്ററിലും 300 കൊവിഡ് വീതമുണ്ടെന്നും പഠനം പറയുന്നു. നരഗത്തില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതാണ് രോഗം വ്യാപനം കൂടാന്‍ കാരണം.
ശനിയാഴ്ച നഗരത്തില്‍ 17,342 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 പേര്‍ മരിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഇന്ത്യയുടെ ഐടി ഹബ്ബ് എന്നറിയപ്പെടുന്നത് ബെംഗളൂരു നഗരമാണ്.
കേരളമടക്കം രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനത്ത് നിന്നുള്ള മികച്ച ഐടി വിദഗ്ദരുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ബെംഗളൂരു. രാജ്യത്തെയും വിദേശത്തെയും നിരവധി കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളും കൊവിഡ് ബാധിത മേഖലകളാണ്. ആദ്യ വ്യാപന സമയത്ത് തന്നെ നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നിരുന്നു.
ഇപ്പോഴും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അതിനിടെ ഒരു ദിവസം മാത്രം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ ശ്മശാനങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടായി. ബെംഗളൂരു അര്‍ബനില്‍ ഒരു ദിവസം മാത്രം 77 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ഇതുവരെയായി 5,800 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇതേ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ മൃതദേഹ സംസ്കരിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ഏഴ് ശ്മാശാനങ്ങളിൽ ഇനി കൊവിഡ് മൃതദേഹങ്ങൾ മാത്രം സംസ്കരിക്കും.
മൃതദേഹങ്ങള്‍ കൊവിഡ് ചട്ടങ്ങൾ അനുസരിച്ച് മറവ് ചെയ്യുന്നെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു. ഇതിനായി പ്രത്യേക ഉത്തരവ് പുറത്തിറക്കി.
കൊവിഡ് ബാധിച്ച രോഗികളുടെ മരണം പ്രതിദിനം 200 കടന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി.
പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്കരിക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയത്.
ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ എന്ന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
സംസ്കരിക്കുവാനുള്ള അസംസ്കൃത സാധനങ്ങളുടെ കുറവായിരുന്നു മറ്റൊരു പ്രധാന പ്രശ്നം.
രോഗ വ്യാപനം കൂടിയതോടെ സംസ്ഥാനത്ത് കർഫ്യു നീട്ടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു
സംസ്ഥാനത്ത് വാക്സീൻ സൗജന്യമായി നൽകുന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു.
സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിക്കാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം നിലവിൽ കർണാടകം മാത്രമാണ്. ബെംഗളൂരു നഗരത്തിലെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടവും പരാജയപ്പെട്ടു. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ നഗരവും ബെംഗളൂരുവാണ്.
മരണ നിരക്ക് വര്‍ദ്ധിച്ചതോടെ നോര്‍ത്ത് ബെംഗളൂരുവില്‍ പൊതുസ്ഥലത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിക്കുമെന്ന് റവന്യു മന്ത്രി ആര് അശോക പറഞ്ഞു.
ഇവിടെ 40 മൃതദേഹങ്ങളോളും ഒരേ സമയത്ത് സംസ്കരിക്കാന്‍ സൌകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടേയ്ക്ക് മൃതദേഹം സംസ്കരിക്കാന്‍ ആവശ്യമായ മരം വനം വകുപ്പാകും നല്‍കുക.