ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ സൂപ്പർ സ്റ്റാറായി ഇലോൺ മസ്ക്: ജെഫ് ബെസോസും അംബാനിയും സമ്പത്ത് വാരിക്കൂട്ടി !
ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 ൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി ആഗോള സമ്പന്ന പട്ടികയിൽ എട്ടാം സ്ഥാനം നേടി. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി കഴിഞ്ഞ ഒരു വർഷത്തിനിടെ 24 ശതമാനം ഉയർന്ന് 83 ബില്യൺ ഡോളറിലെത്തി. 6.09 ലക്ഷം കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി.
ഓഹരി വിപണിയിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ കുതിപ്പും വലിയതോതിൽ വിദേശ നിക്ഷേപം റിലയൻസിലേക്ക് എത്തിക്കാനായതുമാണ് മുകേഷ് അംബാനിക്ക് ഗുണമായത്.
2.34 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ഗൗതം അദാനിയും കുടുംബവും 48ാം സ്ഥാനത്താണ്. 1.94 ലക്ഷം കോടി ഡോളറുമായി ശിവ് നടാറും കുടുംബവും 58ാം സ്ഥാനത്താണ്. ലക്ഷ്മി എൻ മിത്തൽ 1.40 ലക്ഷം കോടി ഡോളർ ആസ്തിയുമായി 104ാം സ്ഥാനത്താണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല 113ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന് 1.35 ലക്ഷം കോടി ഡോളർ ആസ്തിയുണ്ട്.
ഇന്ത്യക്കിപ്പോൾ 209 അതിസമ്പന്നരാണ് ഉള്ളത്. ഇതിൽ 177 പേർ ഇന്ത്യയിൽ തന്നെയാണ് താമസം. അമേരിക്കയിൽ 689 പേർ അതിസമ്പന്നരാണ്. അമേരിക്ക പുതുതായി 69 പേരെ പട്ടികയിൽ ചേർത്തപ്പോൾ ഇന്ത്യയിൽ നിന്ന് 50 പേർ ഉൾപ്പെട്ടു.
ജയ് ചൗധരി, വിനോദ് ശാന്തിലാൽ അദാനി എന്നിവരുടെ ആസ്തികളിൽ യഥാക്രമം 271 ശതമാനത്തിന്റെയും 128 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. ചൗധരിക്ക് 96000 കോടിയുടെയും വിനോദിന് 72000 കോടിയുടെയും ആസ്തിയാണ് ഉള്ളത്. ഇലോൺ മസ്ക്കാണ് പട്ടികയിൽ ഒന്നാമത്. 197 ബില്യൺ ഡോളറാണ് ആസ്തി.
ഇലോൺ മസ്കിന്റെ കുതിപ്പ്
ടെസ്ലയുടെ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടി. അദ്ദേഹത്തിന്റെ സമ്പത്ത് 328 ശതമാനം ഉയർന്ന് 197 ബില്യൺ ഡോളറിലെത്തി. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം തന്റെ സ്വത്തിൽ 151 ബില്യൺ ഡോളർ കൂട്ടിച്ചേർത്തു. ഇ-കാറുകൾ വിപണിയിൽ മികച്ച പ്രകടനം നടത്തിയതാണ് മസ്കിന്റെ മുന്നേറ്റത്തിന് കാരണം. ഹുറുൺ പട്ടികയിൽ, മൂന്ന് വ്യക്തികൾ ഒരു വർഷത്തിൽ 50 ബില്യൺ യുഎസ് ഡോളറിലധികം തന്റെ സ്വത്തിനോടൊപ്പം അധികമായി ചേർക്കാനായി.
പട്ടികയിൽ ഇലോൺ മസ്ക്കിന് തൊട്ടുപിന്നിലുളള ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് 50 ബില്യൺ ഡോളറാണ് തന്റെ സ്വത്തിനോട് കൂട്ടിച്ചേർത്തത്. പിണ്ടുവോഡുവോയിലെ കോളിൻ ഹുവാങ്ങാണ് ഈ കൊവിഡ് പ്രതിസന്ധികൾക്കിടയിലും സ്വത്ത് വർധിപ്പിച്ച് മറ്റൊരു അതിസമ്പന്നൻ. 50 ബില്യൺ ഡോളറാണ് അദ്ദേഹവും തന്റെ ആസ്തിക്കൊപ്പം പോയ വർഷം ചേർത്തതെന്ന് റിപ്പോർട്ട് പറയുന്നു. ഈ മൂന്ന് പേരുമാണ് ആഗോള തലത്തിൽ ഒരു വർഷത്തിനിടെ ഏറ്റവും അധികം സ്വത്ത് വർധിപ്പിച്ച് വ്യക്തികൾ.
പട്ടികയിൽ 161 പേർ കഴിഞ്ഞ വർഷം അഞ്ച് ബില്യൺ ഡോളറോ അതിൽ കൂടുതലോ സ്വത്ത് ചേർത്തു. ചൈനയിൽ നിന്ന് 84 പേരും അമേരിക്കയിൽ നിന്ന് 38 പേരും ഇന്ത്യയിൽ നിന്ന് അഞ്ച് പേരും ഇത്തരത്തിൽ ആസ്തികൾ വൻ തോതിൽ വർധിപ്പിച്ചു.