ഇന്ത്യൻ വിപണി പിടിക്കാൻ അതിസമ്പന്നരുടെ 'യുദ്ധം'
ലോകത്ത് തന്നെ അതിവേഗം വളരുന്ന റീട്ടെയ്ൽ വിപണിയുടെ പേരാണ് ഇന്ത്യ. ആ വിപണിയിലെ മേൽക്കോയ്മയ്ക്ക് വേണ്ടി ലോകത്തിലെ ഒന്നാം നമ്പർ ധനികൻ ജെഫ് ബെസോസും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോക ധനികരിൽ ആദ്യ പത്തിലെ കരുത്തനുമായ മുകേഷ് അംബാനിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്...
ഫ്യൂച്ചർ റീട്ടെയ്ൽ- റിലയൻസ് ബന്ധത്തെ ചോദ്യം ചെയ്ത് ആമസോൺ സമർപ്പിച്ചിരിക്കുന്ന ഹർജിയുടെ അന്തിമവിധിയെ ഈ യുദ്ധത്തിലെ ജേതാവിനെ നിശ്ചയിക്കുന്നതിൽ നിർണായകമാകും. ആമസോൺ വിജയിക്കുകയാണെങ്കിൽ റീട്ടെയിൽ രംഗത്ത് അതിവേഗം ബഹുദൂരം മുന്നിലെത്താനുള്ള റിലയൻസിന്റെ ശ്രമങ്ങൾക്ക് അതേകുന്ന ആഘാതം ചെറുതായിരിക്കില്ല.
3.4 ബില്യൺ ഡോളറിന് ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങാനുള്ള റിലയൻസിന്റെ ശ്രമങ്ങൾക്കാണ് ആമസോൺ 'ചെക്ക്' വെച്ചിരിക്കുന്നത്. ടെലികോം രംഗത്ത് കുറഞ്ഞ കാലത്തിനുള്ളിൽ ഒന്നാം സ്ഥാനത്തേക്ക് ജിയോ കുതിച്ചതിന് പിന്നിൽ റിലയൻസിന്റെ ബിസിനസ് തന്ത്രങ്ങൾ എന്താണെന്ന് ഇതിനോടകം വ്യക്തമായതാണ്. അതിനാൽ തന്നെ റീട്ടെയിൽ ബിസിനസിൽ കമ്പനി വൻ കുതിപ്പ് നേടിയേക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് ആമസോണിന്റെ നീക്കം.
ജിയോ മാർട്ട് ഇ-കൊമേഴ്സ് ബിസിനസിനെ വ്യാപിപ്പിക്കാനാണ് റിലയൻസിന്റെ ശ്രമം. ഇതിനായി ആഗോള തലത്തിൽ തന്നെ വൻതോതിൽ നിക്ഷേപ സമാഹരണവും നടക്കുന്നുണ്ട്. അതിനാൽ തന്നെ ആമസോണിന് നിയമ യുദ്ധത്തിൽ തിരിച്ചടിയുണ്ടായാൽ കണ്ണ് ചിമ്മി തുറക്കുന്ന നേരത്തിനുള്ളിൽ റിലയൻസ് തങ്ങളുടെ ഇന്ത്യൻ മണ്ണിലെ സ്വാധീനം ആമസോണിനും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിനും മനസിലാക്കിക്കൊടുക്കും.
അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റീട്ടെയിൽ രംഗം 46 ശതമാനം വളർച്ച നേടും. 1.3 ലക്ഷം കോടി ഡോളർ വരുമാനം ഉണ്ടാക്കുമെന്നാണ് ഫോറസ്റ്റർ റിസർച്ചിന്റെ വിലയിരുത്തൽ. കിഷോർ ബിയാനി തുടങ്ങിയ ഫ്യൂച്ചർ ഗ്രൂപ്പിന് കൊവിഡിന് മുൻപ് തന്നെ സാമ്പത്തികമായി വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇവർക്ക് 400 നഗരങ്ങളിലായി 1,700 ഔട്‌ലെറ്റുകളുണ്ട്. അതിൽ 1300 ലും പലചരക്ക് സാധനങ്ങളാണ് വിൽക്കുന്നത്. ഈ പലചരക്ക് സാധന വിപണിയിലേക്കാണ് ജിയോ മാർട്ടിന്റെ വരവ്.
ഇന്ത്യൻ മണ്ണിൽ സ്വദേശി ആധിപത്യമോ വിദേശി ആധിപത്യമോ ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. എന്നാൽ, ആ അധിപനെ ശക്തരിൽ ശക്തരായ ബെസോസും അംബാനിയും തമ്മിലുള്ള നിയമയുദ്ധം കണ്ടെത്തും.