കലാഷ്‌നിക്കോവിൽ നിന്നുള്ള ഏറ്റവും പുതിയ യന്ത്രത്തോക്ക്, എകെ 19 എന്ന നാറ്റോ കംപാറ്റിബിൾ അസോൾട്ട് റൈഫിൾ
കലാഷ്നിക്കോവ് തോക്കുകൾ പല സൈന്യങ്ങളുടെയും ഭാഗമാകാതിരുന്നത് അവിടെ നിലവിലുള്ള 5.56 х 45 എംഎം അമ്മുനിഷൻ ഉപയോഗിക്കാൻ സാധിക്കില്ലെന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ്
ഇത് എകെ 19. നാറ്റോയുടെ 5.56 х 45 എംഎം വെടിയുണ്ടകൾ നിറയ്ക്കാൻ പറ്റിയ കലാഷ്‌നിക്കോവിന്റെ ഏറ്റവും പുതിയ യന്ത്രത്തോക്കാണ് എകെ 19. മോസ്‌കോയിൽ വെച്ച് നടന്ന Army-2020 എന്ന അന്താരാഷ്ട്ര ആയുധ പ്രദർശനത്തിൽ ഈ അസോൾട്ട് മെഷീൻ ഗൺ. ജർമൻ മേക്ക് ആയ HK416, ബെൽജിയൻ FN SCAR തുടങ്ങിയ നാറ്റോ കംപാറ്റിബിൾ അസോൾട്ട് റൈഫിൾ ബ്രാൻഡുകൾ കൊടികുത്തി വാഴുന്ന സൗദി, ഗൾഫ് മാർക്കറ്റുകൾ പിടിച്ചടക്കാൻ വേണ്ടിയുള്ള കലാഷ്‌നിക്കോവിന്റെ ഒടുക്കത്തെ കളിയായിട്ടാണ് ഈ നാറ്റോ കംപാറ്റിബിൾ റൈഫിളിനെ ലോകം കാണുന്നത്.
എന്തൊക്കെയാണ് എകെ 19 ന്റെ പ്രത്യേകതകൾ
2019 മുതൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ എകെ 12 -ന്റെ ഒരു നാറ്റോ വകഭേദമായി എകെ 19 -നെ കണക്കാക്കാം. 5.56 х 45 എംഎം റൗണ്ട്സ് എന്നത് ലോകത്തിലെ പല രാജ്യങ്ങളിലുമുള്ള സേനകളുടെ ഇഷ്ട അമ്മുനിഷൻ സ്പെസിഫിക്കേഷനാണ്. അതിലേക്ക് ഇപ്പോൾ കലാഷ്‌നിക്കോവ് വരുന്നു എന്നത്, ഈ മാർക്കറ്റിന്റെ സമവാക്യങ്ങളെ തകിടം മറിക്കാൻ പോന്ന ഒരു നയമാറ്റമാണ്. പല യൂറോപ്യൻ അമേരിക്കൻ തോക്കുകളേക്കാൾ സാങ്കേതികമായി ഏറെ മുന്നിലായിരുന്നിട്ടും, കലാഷ്‌നിക്കോവ് തോക്കുകൾ പല സൈന്യങ്ങളുടെയും ഭാഗമാകാതിരുന്നത് അവിടെ നിലവിലുള്ള 5.56 х 45 എംഎം അമ്മുനിഷൻ ഉപയോഗിക്കാൻ സാധിക്കില്ലെന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ്. ഇനിയിപ്പോൾ ആ ഒരു പ്രശ്നം നിലവിലില്ല എന്നതുകൊണ്ട് പലരാജ്യങ്ങളുടെയും പ്രതിരോധ കരാറുകൾക്കുവേണ്ടി ബിഡ് ചെയ്യാൻ ഇനി കലാഷ്‌നിക്കോവിനും സാധിക്കും.
ടെക്നിക്കൽ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ എകെ 12 -ൽ നിന്ന് ഒരുപാടൊന്നും വ്യത്യസ്തമല്ല എകെ 19. രണ്ടിന്റെയും റേഞ്ച് 250-300m
ആണ്. അധികം ഭാരമില്ലാത്ത, മടക്കി എടുക്കാൻ പോന്ന ഒരു പാത്തിയാണ് ഈ തോക്കിനുള്ളത്. റീക്കോയിൽ കുറക്കാനുള്ള പരിശ്രമങ്ങളും ഈ തോക്കിൽ കലാഷ്‌നിക്കോവ് നടത്തിയിട്ടുണ്ട്. ബാരലിനോട് ഒരു സൈലൻസറും മസ്ൽ(muzzle) ബ്രേക്കിനുള്ള സംവിധാനങ്ങളുള്ള ഒരു കോമ്പൻസേറ്ററും ഉണ്ട്.
മേൽപ്പറഞ്ഞ ജർമൻ, ബെൽജിയൻ മോഡലുകളെക്കാൾ വിശ്വസിച്ച് ഉപയോഗിയ്ക്കാൻ പോന്ന ഒന്നാണ് എകെ 12. വളരെ കടുപ്പമുള്ള യുദ്ധ സാഹചര്യങ്ങളിലും, കടുത്ത തണുപ്പിലും ഒക്കെ ഒരു പ്രയാസവും കൂടാതെ, തികഞ്ഞ കൃത്യതയോടെ ഏറെ നേരത്തേക്ക് വെടിയുതിർക്കാൻ എകെ 12 -നു സാധിക്കും.