കഴിഞ്ഞ ദശകത്തില്‍ ലോകം മാറ്റിമറിച്ച 10 സ്മാര്‍ട്ട്ഫോണുകള്‍
2010 കാലഘട്ടത്തില്‍ ഒരു ജിബി റാം ശേഷിയുള്ള ഫോണ്‍ തന്നെ ഒരു ആഡംബരമായിരുന്നു. എന്നാല്‍ 2020 ലേക്ക് എത്തുമ്പോള്‍ 6 ജിബി റാം ശേഷിയുള്ള ഫോണ്‍ ഇടത്തരം വിലയില്‍ ഒരു അത്ഭുതമേ അല്ലാതായിരിക്കുന്നു.
2010 ല്‍ നിന്നും 2020 ലേക്ക് എത്തുമ്പോള്‍ ലോകത്തിലെ സാങ്കേതിക രംഗം അഭൂതപൂര്‍വ്വമായ മാറ്റത്തിനാണ് സാക്ഷിയായത്. ടെക്നോളജി കൂടുതല്‍ എളുപ്പത്തില്‍ എല്ലാവരുടെ കൈയ്യില്‍ എത്തുന്ന രീതിയില്‍ സ്മാര്‍ട്ട്ഫോണ്‍ ടെക്നോളജി മാറി. ചെറിയ വിലയിലും സ്മാര്‍ട്ടായ ഉപയോഗത്തിന് ഉതകുന്ന ഫീച്ചറുകള്‍ നിറഞ്ഞ ഫോണുകള്‍ വിപണിയില്‍ ലഭിക്കാന്‍ തുടങ്ങി. എതെങ്കിലും ഒരു ഫോണ്‍ വേണം, കോള്‍ ചെയ്യാന്‍ സാധിക്കണം, എസ്എംഎസ് അയക്കാന്‍ സാധിക്കണം എന്ന ആവശ്യത്തില്‍ നിന്നും ഇന്ന് ഒരു ഉപയോക്താവ് ഫോണ്‍ വാങ്ങുമ്പോള്‍ റാം ശേഷിയും, ചിപ്പും, ക്യാമറയും ബ്രാന്‍റും ഒക്കെ നോക്കുവാന്‍ ആരംഭിച്ചു.
2010 കാലഘട്ടത്തില്‍ ഒരു ജിബി റാം ശേഷിയുള്ള ഫോണ്‍ തന്നെ ഒരു ആഡംബരമായിരുന്നു. എന്നാല്‍ 2020 ലേക്ക് എത്തുമ്പോള്‍ 6 ജിബി റാം ശേഷിയുള്ള ഫോണ്‍ ഇടത്തരം വിലയില്‍ ഒരു അത്ഭുതമേ അല്ലാതായിരിക്കുന്നു. ഇത് കൂടാതെ ഡ്യൂവല്‍ കാമറ ഇല്ലാത്ത ഫോണുകള്‍ അപൂര്‍വ്വമാകുന്ന അവസ്ഥയിലേക്ക് എത്തി. വലിയ ക്യാമറകള്‍ക്ക് പകരം അമേച്വര്‍ യൂസേര്‍സിന് സ്മാര്‍ട്ട്ഫോണ്‍ മതിയെന്ന അവസ്ഥയായിരിക്കുന്നു.
ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വലിയ മാറ്റങ്ങള്‍ വന്നു. സര്‍വ്വവ്യാപിയായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം മാറി. പല കമ്പനികളുടെ സ്റ്റോക്ക് ആന്‍ഡ്രോയ്ഡിന് പകരം അവയെ കസ്റ്റമറൈസ് ചെയ്ത് അതിന്‍റെ അനുഭവം കൂട്ടി. വിന്‍ഡോസ് പോലുള്ള ഒഎസുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായി. നാലിഞ്ച് എന്ന നിലയില്‍ നിന്നും ആറിഞ്ചിലേക്ക് ഫോണുകളുടെ സ്ക്രീന്‍ വര്‍ദ്ധിച്ച് ഇപ്പോള്‍ അത് രണ്ട് സ്ക്രീനുകള്‍ ഉള്ള ഫോണുകളില്‍ എത്തി നില്‍ക്കുന്നു. ഇത്തരം വലിയ മാറ്റങ്ങള്‍ വന്ന കഴിഞ്ഞ ദശാബ്ദത്തിലെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ട്വിസ്റ്റുകളായ ഫോണുകളെ പരിചയപ്പെടാം.
1. മോട്ടോ ജി
മോട്ടറോള കമ്പനിയുടെ ബ്രാന്‍റില്‍ ഇറങ്ങിയ ഈ ഫോണിനെ ആദ്യം പറയാന്‍ കാരണമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ 2 ജിബി റാം ഉള്ള ബേസിക്ക് സ്മാര്‍ട്ട്ഫോണുകള്‍ക്ക് 15,000 രൂപയ്ക്ക് മുകളില്‍ വില കൊടുക്കേണ്ടിയിരുന്ന കാലത്ത് ആ വിലയെ സാധാരണക്കാരന് പ്രപ്യമാക്കിയ ഫോണാണ് മോട്ടോ ജി സീരിസ്. ഇതിനൊപ്പം ഇ സീരിസും ഈ ദൗത്യം ഏറ്റെടുത്തു. ഇതിനെ പിന്‍പറ്റിയാണ് പിന്നീട് ഷവോമി അടക്കം വിവിധ ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ വില കുറവ് ഫീച്ചര്‍ അധികം എന്ന വിപ്ലവത്തിന് തുടക്കമിട്ടത്.
2. ഐഫോണ്‍ 4
ഐഫോണ്‍ എന്നത് ഒരു പ്രീമിയം പ്രോഡക്ടായി ഇന്നും കരുതുന്നവരാണ് കൂടുതല്‍. എന്നാല്‍ ഐഫോണിന് ഇന്ന് കാണുന്ന ആ പ്രിമീയം ലുക്ക് നല്‍കിയത് 2010 ല്‍ ഇറങ്ങിയ ഐഫോണ്‍ 4 ആണ്. റെറ്റിന ഡിസ്പ്ലേ അടക്കം ഐഫോണിന്‍റെ പിന്‍കാലം, ഒപ്പം ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഒരു ദശകത്തിലെ വിപ്ലവത്തിന് തുടക്കമിട്ടത് ഐഫോണ്‍ 4 ആണെന്ന് പറയാം.
3. നെക്സസ് ഫോണ്‍ വണ്‍ 2
2010 ല്‍ ഗൂഗിള്‍ ഇറക്കിയ നെക്സസ് ഫോണ്‍ ശരിക്കും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ശേഷി ശരിക്കും വിനിയോഗിച്ച ആദ്യ ഫോണ്‍ ആയിരുന്നു. വിവിധ മൊബൈല്‍ നിര്‍മ്മാതക്കളുടെ സഹകരണത്തോടെ ഗൂഗിള്‍ നടപ്പിലാക്കിയ നെക്സസ് ശരിക്കും ആന്‍ഡ്രോയ്ഡിന്‍റെ കരുത്ത് ടെക് ലോകത്ത് വ്യക്തമാക്കി. ഇത് പിന്നീട് ആന്‍ഡ്രോയ്ഡിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായി. പിന്നീട് നെക്സസ് പിന്‍വലിച്ച് ഗൂഗിള്‍ പിക്സല്‍ ഫോണുകളിലേക്ക് മാറിയെങ്കിലും, നെക്സസിന്‍റെ തട്ട് ഇന്നും താഴ്ന്ന് തന്നെ കിടക്കുന്നു.
4. സാംസങ്ങ് ഗ്യാലക്സി എസ് 2
ആപ്പിള്‍ ഐഫോണിന് ഏറ്റവും വലിയ എതിരാളിയാണ് സാംസങ്ങ് ഗ്യാലക്സി എസ് സീരിസ്. ഈ ഫ്ലാഗ്ഷിപ്പ് സീരിസിലെ ആദ്യത്തെ ഫോണ്‍ എത്തിയത് 2011 ലാണ്. ശരിക്കും പിന്നീട് ഒരോ വര്‍ഷവും സാംസങ്ങ് തങ്ങളുടെ എസ് സീരിസ് ഫോണുകളെ കൂടുതല്‍ മികവോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ സാംസങ്ങിന്‍റെ ബഡ്ജറ്റ് ഫോണുകളും വിപണിയില്‍ വലിയ മാറ്റം ഉണ്ടാക്കി. ഈ ഫോണുകളാണ് വളരെക്കാലം ഇന്ത്യയില്‍ അടക്കം മാര്‍ക്കറ്റ് പിടിക്കാന്‍ സാംസങ്ങിനെ സഹായിച്ചത്. ഒപ്പം സാംസങ്ങ് നോട്ട് സീരിസും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഒരു പടക്കുതിര തന്നെയായിരുന്നു.
5. സോണി എക്സ്പീരിയ Z
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത്, പ്രത്യേകിച്ച് ഫ്ലാഗ്ഷിപ്പ് രംഗത്ത് 2010 കാലഘട്ടത്തില്‍ തന്നെ സാന്നിധ്യം അറിയിച്ചവരാണ് സോണി. സോണിയുടെ എക്സ്പീരിയ Z ഇത്തരത്തില്‍ ആദ്യകാലത്തെ ഒരു വിപ്ലവമായിരുന്നു. പൊടിയും വെള്ളവും കൊള്ളാത്ത അതീവ ശ്രദ്ധ വേണ്ടിയിരുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ആദ്യമായി വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്‍റാക്കി മാറ്റിയത് എക്സ്പീരിയ സീരിസ് ഫോണുകള്‍ മുതലാണ്. എന്നാല്‍ 2020 ആകുമ്പോള്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണിനെക്കാള്‍ സോണി വിവിധ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കായുള്ള ക്യാമറ സെന്‍സറിലേക്കും മറ്റുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
6. എച്ച്ടിസി വണ്‍
സാംസങ്ങ്, ആപ്പിള്‍ എന്നിവയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഒരു വിദൂര സ്വപ്നമായവര്‍ക്ക് 2013 ല്‍ മിഡ്ബഡ്ജറ്റില്‍ ഫോണുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായതാണ് എച്ച്ടിസി. എച്ച്ടിസി വണ്‍ ഇത്തരത്തില്‍ ഐഫോണ്‍ ഇതര യൂണിബോഡി ഫോണ്‍ ആയിരുന്നു. ഇത് പിന്നീട് മറ്റ് നിര്‍മ്മാതാക്കള്‍ പിന്‍തുടര്‍ന്നതോടെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ എച്ച്ടിസിക്ക് സാധിച്ചില്ല. പക്ഷെ അവര്‍ വെട്ടിതുറന്നത് പുതിയ പാതയായിരുന്നു.
7.ഓപ്പോ എന്‍ 1
ചൈനീസ് ബ്രാന്‍റുകള്‍ വിപണിയില്‍ എത്തി അവ ക്യാമറയിലേക്ക് ഫോക്കസ് ചെയ്തതോടെയാണ് വലിയ മാറ്റം വരുന്നത്. ക്യാമറ ഫോണ്‍ എന്ന പേരില്‍ ഓപ്പോ തുടക്കമിട്ടത് പിന്നീട് മറ്റു ബ്രാന്‍റുകളും ഈ പാത പിന്‍തുടര്‍ന്നു.
8. വണ്‍പ്ലസ് വണ്‍
പല ബ്രാന്‍റുകള്‍ ആപ്പിള്‍ സാംസങ്ങ് പോലുള്ള വന്‍ ബ്രാന്‍റുകളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളെ എതിര്‍ക്കാന്‍ എത്തിയെങ്കിലും അതില്‍ ഒരു സംസ്കാരം തന്നെ ഉണ്ടാക്കി വിജയം വരിച്ചത് വണ്‍പ്ലസ് വണ്ണിന്‍റെ 2014 ലെ വരവോടെയാണ്. പ്രിമീയം സെഗ്മെന്‍റില്‍ ഇന്ത്യയില്‍ അടക്കം ഒന്നാം സ്ഥാനത്ത് എത്താന്‍ ഇവര്‍ക്ക് സാധിച്ചു. വലിയ പ്രത്യേകതകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നില്ല എന്നതാണ് വണ്‍പ്ലസ് മുന്നോട്ടുവച്ച ആശയം.
9. ഐഫോണ്‍ 6 പ്ലസ്
ഐഫോണ്‍ 4ന് ശേഷം ഡിസൈനിംഗിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും വലിയ മാറ്റം വന്ന മോഡലാണ് ഐഫോണ്‍ 6 പ്ലസ്. സ്ക്രീന്‍ വലിപ്പവും വര്‍ദ്ധിച്ചു. പിന്നീട് വന്ന ഐഫോണ്‍ മോഡലുകളിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഐഫോണ്‍ 6 പ്ലസിലെ പലകാര്യങ്ങളും പിന്നീട് വിവിധ രീതിയില്‍ മറ്റ് ബ്രാന്‍റുകളില്‍ ബെഞ്ച് മാര്‍ക്ക് ആയിട്ടുണ്ട്.
10.ഷവോമി 1എസ്
ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ അരങ്ങേറ്റം കുറിച്ച ഫോണ്‍. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന രംഗത്ത് പ്രത്യേകിച്ച് ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പുതിയ ഏടായിരുന്നു ഷവോമിയുടെ കടന്നുവരവ്. കുറഞ്ഞവിലയില്‍ കൂടിയ പ്രത്യേകതകളാണ് ഷവോമി മുന്നോട്ട് വച്ചത്. ഇതിന്‍റെ തുടക്കമായിരുന്നു ഇന്ത്യയിലെ ആദ്യ ഫോണ്‍.