ISL 2021-22:ഖബ്രയും ലെസ്കോവിച്ചും തിരിച്ചെത്തി, എടികെക്കെതിരായ ബ്ലാസ്റ്റേഴ്സ് ഇലവനായി

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനെതിരെ സീസമില്‍ ആദ്യമായി കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്‍റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്.

ISL 2021-22: Kerala Blasters vs ATK Mohun Bagan: Starting Line-up, Khabra and Leskovic return for Kerala Blasters

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെതിരായ (Kerala Blasters vs ATK Mohun Bagan)നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റ (Kerala Blasters) ആദ്യ ഇലവനായി. പ്രതിരോധനിരക്ക് കരുത്തു പകരാന്‍ സസ്‌പെന്‍ഷനിലായിരുന്ന ലെസ്‌കോവിച്ചും(Marko Leskovic) ഹര്‍മന്‍ജോത് ഖബ്രയും(Harmanjot Khabra) ആദ്യ ഇലവനില്‍ തിരിച്ചെത്തി. അഡ്രിയാന്‍ ലൂണയാണ് നായകന്‍.

ആല്‍വാരോ വാസ്ക്വസും പേരേര ഡയസും മുന്നേറ്റനിരയിലുണ്ട്. സഹല്‍ അബ്ദുള്‍ സമദ്, പ്യൂട്ടിയ, ജീക്സണ്‍ സിംഗ്, സന്ദീപ്, ബിജോയ്, ലെസ്കോവിച്ച്, ഖബ്ര, ഗില്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്. പരിക്കുമാറി തിരിച്ചെത്തിയ കെ പി രാഹുല്‍ ഇന്നത്തെ മത്സരത്തിലും പകരക്കാരുടെ ബെ‍ഞ്ചിലാണ്.

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കാനെതിരെ സീസണില്‍ ആദ്യമായി കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്‍റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് കൊല്‍ക്കത്തകാര്‍ മഞ്ഞപ്പടെയ തകര്‍ത്തു. ഇന്ന് ജയിച്ചാല്‍ ഇതിനുള്ള മധുരപ്രതികാരം കൂടിയാവും.  ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരം ജയിച്ചാണ് ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടാനിറങ്ങുന്നത്. അതേസമയം ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍. സീസണില്‍ ഏറ്റവും കുറവ് തോല്‍വിയും ബഗാനാണ്. രണ്ട് തവണ മാത്രമാണ് അവര്‍ അടിയറവ് പറഞ്ഞത്. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ബഗാന്‍ ജയിച്ചു.

പോയന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍. ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും. ഇന്ന്  ജയിച്ചാല്‍ ബഗാന് ഒന്നാമതെത്താം. ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്‍റാണ് ബഗാന്. ബ്ലാസ്‌റ്റേ്‌സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്‍റുണ്ട്. 16 മത്സരങ്ങളില്‍  29 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios