ISL 2021-22: മഴവില്ലഴകില്‍ ലൂണയുടെ ഗോള്‍, ജംഷഡ്‌പൂരിനെതിരെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍
കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദ് അവസാന നിമിഷം പരിക്കുമൂലം പുറത്തുപോവേണ്ടിവന്നതിന്‍റെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോള്‍ ആരാധകര്‍.
തിലക് മൈദാന്‍: ഐഎസ്എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ(Jamshedpur FC) കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ രണ്ട് ഗോളിന്‍റെ ആകെ ലീഡുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദ് അവസാന നിമിഷം പരിക്കുമൂലം പുറത്തുപോവേണ്ടിവന്നതിന്‍റെ നിരാശയിലായിരുന്നു കളി തുടങ്ങിയപ്പോള്‍ ആരാധകര്‍. എന്നാല്‍ ആരാധകരുടെ നിരാശയെല്ലാം മായ്ച്ചു കളയുന്ന പ്രകടനമാണ് വുകോമനോവിച്ചിന്‍റെ ശിഷ്യന്‍മാര്‍ ഗ്രൗണ്ടില്‍ പുറത്തെടുത്തത്. ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്സ്.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. പെരേര ഡയസിന്‍റെ പാസില്‍ നിന്ന് ഗോളിലേക്ക് ലഭിച്ച സുവര്‍ണാവസരം ആല്‍വാരോ വാസ്ക്വസ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ടമാക്കിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടത്. പത്താം മിനിറ്റില്‍ പേരേര ഡയസിന്‍റെ ഷോട്ട് ജംഷഡ്പൂരിന്‍റെ പോസ്റ്റില്‍ തട്ടി മടങ്ങിയതിന് പിന്നാലെ ലഭിച്ച റീബൗണ്ടില്‍ വാസ്ക്വസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി.
ഇന്ന് ബ്ലാസ്റ്റേഴ്സിന്‍റെ ദിവസമല്ലെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാല്‍ നഷ്ടമാക്കിയ അവസരങ്ങളെയും നിര്‍ഭാഗ്യങ്ങളെയും മായ്ച്ചു കളഞ്ഞ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ മനോഹര ഗോള്‍വരെയെ ആരാധകരുടെ നിരാശക്ക് ആയുസുണ്ടായുള്ളു. രണ്ട് ഡിഫന്‍ഡര്‍മാരുടെ വെട്ടിച്ച് അവരുടെ കാലുകള്‍ക്കിടയിലൂടെ ബോക്നിന് പുറത്തു നിന്ന് വലതുമൂലയിലേക്ക് ലൂണ തൊടുത്ത വലംകാലനടി ജംഷഡ്പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്‍റെ മൂലയില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ആരാധകര്‍ ആവേശത്തേരിലേറി. പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ജംഷ്ഡ്പൂര്‍ ഗോള്‍മുഖം വിറപ്പിച്ചു.
എന്നാല്‍ 36-ാം മിനിറ്റില്‍ ബോക്നിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ഡാനിയേല്‍ ചീമ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു. ആദ്യം ഗോള്‍ അനുവദിച്ച റഫറി അത് ഓഫ് സൈഡാണെന്ന് കണ്ട് തിരുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
ആദ്യപാദ സെമി കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പരിക്കുമൂലം ടീമിലില്ലാതിരുന്നത് ആരാധരെ നിരാശരാക്കി.
ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ (Alvaro Vazquez) അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് ജയിച്ചിരുന്നു.