ISL 2021-22: മൂന്നടിയില്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂര്‍

സീസണിലെ രണ്ടാം തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജയത്തോടെ ജംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

ISL 2021-22: Jamshedpur FC beat Kerala Blasters FC 3-0

ബംബോലിം: ഐഎസ്എല്ലിലെ(ISL 2021-22) നിര്‍ണായക പോരാട്ടത്തില്‍ ജംഷ‌ഡ്പൂര്‍ എഫ് സിയ്ക്കെതിരെ(Jamshedpur FC) കേരളാ ബ്ലാസ്റ്റേഴ്സിന്(Kerala Blasters) വമ്പന്‍ തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്‌ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ പകുതിയില്‍ ജംഷഡ്‌പൂര്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഗ്രെഗ് സ്റ്റുവര്‍ട്ട് നേടിയ രണ്ട് പെനല്‍റ്റി ഗോളുകളും രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചുക്‌വു നേടിയ ഗോളുമാണ് ജംഷഡ്‌പൂരിന് ജയമൊരുക്കിയത്.

സീസണിലെ രണ്ടാം തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജയത്തോടെ ജംഷഡ്‌പൂര്‍ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. 15 മത്സരങ്ങളില്‍ 26 പോയന്‍റുള്ള ഹൈദരാബാദ് ഒന്നാമതും 14 മത്സരങ്ങളില്‍ 25 പോയന്‍റുള്ള ജംഷ‌ഡ്‌പൂര്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിനൊപ്പം 23 പോയന്‍റുള്ള ബെംഗലൂരു എഫ്‌സി ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തും എടികെ മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തുമെത്തി.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ പകുതിയുടെ അവസാന നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ടിനെ(Greg Stewart ) ബോക്സില്‍ ദെനെചന്ദ്രെ മെറ്റേയി വീഴ്ത്തിയതിനാണ് ജംഷഡ്‌പൂരിനെ അനുകൂലമായി റഫറി ആദ്യ പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത സ്റ്റുവര്‍ട്ട് അനായാസം പന്ത് വലയിലാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിലെ വിവാദ പെനല്‍റ്റിയിലൂടെ റഫറി ജംഷഡ്‌പൂരിന് രണ്ടാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഓടിയെത്തിയ ബോറിസ് സിംഗിനെ മാര്‍ക്കോ ലെസ്കോവിച്ച് ഫൗള്‍ ചെയ്തതിനായിരുന്നു രണ്ടാം പെനല്‍റ്റി. ഫൗളിന് ശേഷം കുറച്ചു ദൂരം ഓടിയശേഷമാണ് ബോറിസ് സിംഗ് ബോക്സില്‍ വീണത്. റീപ്ലേയില്‍ ലെസ്കോവിച്ച് ഫൗള്‍ ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ റഫറി പെനല്‍റ്റി വിധിച്ചതോടെ ബ്ലാസ്റ്റേഴ്സ് തളര്‍ന്നു.

കിക്കെടുത്ത ഗ്രെഗ് സ്റ്റുവര്‍ട്ടിന് പിഴച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ രണ്ട് ഗോളിന് പിന്നിലായിപ്പോയതോടെ തളര്‍ന്ന ബ്ലാസ്റ്റേഴ്സിന് മേല്‍ 53-ാം മിനിറ്റില്‍ ഡാനിയേല്‍ ചുക്‌വു മൂന്നടി മുന്നിലെത്തിച്ചു. ബോറിസ് സിംഗെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ചുക്‌വുിന്‍റെ ഗോള്‍. മൂന്ന് ഗോളിന് പിന്നിലായതോടെ പ്രത്യാക്രമണത്തിന് മുതിരാതെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനായി പിന്നീട് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.

പിന്നീട് പലതവണ ജംഷഡ്‌പൂര്‍ ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ തുണച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലെ വിന്‍സി ബരേറ്റോയെ പിന്‍വലിച്ച് കെ പ്രശാന്തിനെയും അവസാനം സഹല്‍ അബ്ദുള്‍ സമദിനെ പിന്‍വലിച്ച് റൂയിവാ ഹോര്‍മിപാമിനെയും മാര്‍ക്കോ ലെസ്കോവിച്ചിന് പകരം ചെഞ്ചോയെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയെങ്കിലും ജംഷഡ്‌പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷും ജംഷഡ്‌പൂരിന്‍റെ പ്രതിരോധവും ബ്ലാസ്റ്റേഴ്സിന് ആശ്വാസഗോള്‍ പോലും നിഷേധിച്ചു.

തോല്‍വിയോടെ സീസണില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോര്‍ഡിനായി ബ്ലാസ്റ്റേഴ്സ് അടുത്തമത്സരത്തിനായി കാത്തിരിക്കണം. സീസണില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് റെക്കോര്‍ഡ് മറികടക്കാനും ബ്ലാസ്റ്റേഴ്സ് കാത്തിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios