ISL 2021-22: കട്ടിമണി കടുകട്ടി, ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് സെമിയില്‍
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണിയുടെ മിന്നും സേവുകളാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) കേരളാ ബ്ലാസ്റ്റേഴ്സിനെ(Kerala Blasters) ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി സെമി ഫൈനിലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ബര്‍തൊലോമ്യു ഒഗ്ബെച്ചെയും(Bartholomew Ogbeche) രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ്(Javier Siverio) ഹൈദരാബാദിന്‍റെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിന്‍സി ബരേറ്റോ(Vincy Barretto) ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഇന്നത്തെ തോല്‍വിയോടെ ചെന്നൈയിനും മുംബൈ സിറ്റി എഫ് സിക്കും ഗോവക്കുമെതിരായ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി.
ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണിയുടെ മിന്നും സേവുകളാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 18 കളികളില്‍ 35 പോയന്‍റുള്ള ഹൈദരാബാദ് സെമി സ്ഥാനം ഉറപ്പിച്ചപ്പോള്‍ 18 കളികളില്‍ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.
ആദ്യ പകുതിയില്‍ ആക്രമണങ്ങളില്‍ ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. അത് ഗോളാക്കി മാറ്റിയത് 28-ാം മിനിറ്റില്‍ ഒഗ്ബെച്ചെയായിരുന്നു. രോഹിത് ധനുവിന്‍റെ പാസില്‍ നിന്നായിരുന്നു ഒഗ്ബെച്ചെ സീസണിലെ പതിനേഴാം ഗോള്‍ നേടിയത്. ആദ്യ പകുതി തീരും മുമ്പെ സമനില ഗോള്‍ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചതായിരുന്നു.
ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണറില്‍ തലവെച്ച ഹര്‍മന്‍ജ്യോത് ഖുബ്രയുടെ ഹെഡ്ഡല്‍ ലക്ഷികാന്ത് കട്ടിമണി തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച ചെഞ്ചോ തൊടുത്ത ഇടംകാലന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ഗോളി ലക്ഷ്മികാന്ത് കട്ടിമണി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പക്ഷെ മുതലാക്കാന്‍ ചെഞ്ചോക്കായില്ല.
പിന്നീടുള്ള നിമിഷങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങളൊരുക്കി ബ്ലാസ്റ്റേഴ്സ് ഏത് നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാറും ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണിയും മഞ്ഞപ്പടക്ക് മുന്നില്‍ മതില്‍ കെട്ടി. 52ാം മിനില്‍ കോര്‍ണറില്‍ നിന്ന് ഖബ്രയുടെ ഹെഡ്ഡര്‍ വീണ്ടും ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. 55-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വസിന്‍റെ ഷോട്ടും രക്ഷപ്പെടുത്തി കട്ടിമണി ഹൈദരാബാദിന്‍റെ രക്ഷകനായി.
തൊട്ടുപിന്നാലെ നടന്ന പ്രത്യാക്രമണത്തിലല്‍ രണ്ട് മിന്നല്‍ സേവുകളുമായി ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്ശുകാന്‍ ഗില്‍ ബ്ലാസ്റ്റേഴ്സിന്‍റെയും രക്ഷക്കെത്തി. 73ാം മിനിറ്റില്‍ കോര്‍ണറില്‍ വാസ്ക്വസ് തൊടുത്ത ഷോട്ടും കട്ടിമണി രക്ഷപ്പെടുത്തി.
നിശ്ചിത സമയം തീരുന്നതിന് തൊട്ടു മുമ്പ് 87-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിഖില്‍ പൂജാരിയുടെ പാസില്‍ നിന്ന് ലക്ഷ്യം കണ്ട ജാവിയേര്‍ സിവേറിയെ വിജയം ഉറപ്പിച്ച് ഹൈദരാബാദിന്‍റെ രണ്ടാം ഗോളും നേടി. എന്നാല്‍ ഒറു ഗോളെങ്കിലും തിരിച്ചടിക്കണമെന്ന വാശിയില്‍ ആക്രമിച്ച ബ്ലാസ്റ്റേഴ്സിന് ഇഞ്ചുറി ടൈമില്‍ വിന്‍സി ബരേറ്റോയിലൂടെ ഒറു ഗോള്‍ മടക്കി തോല്‍വിഭാരം കുറച്ചു. ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഹൈദരാബാദിന് ഈ ജയം.