ISL 2021-22: ഗോള്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഒഗ്ബെച്ചെ, ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ്
ഒഗ്ബെച്ചെ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ജോവ വിക്ടറാണ് ഹൈദരാബാദിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ജോര്‍ജെ മെന്‍ഡോസയും ദേവേന്ദ്ര മുരുഗോങ്കറുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 25-ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. 35-ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഗോളില്‍ ഗോവ സമനില പിടിച്ചു. എന്നാല്‍ ആദ്യ പകതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ഒഗ്ബെച്ചെ വീണ്ടും ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു.
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) കേരളാ ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈം ഗോളില്‍ സമനിലയില്‍ തളച്ച് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ എടികെ മോഹന്‍ ബഗാന് ആ സ്ഥാനത്ത് മണിക്കൂറുകളുടെ ആയുസേ ഉണ്ടായുള്ളു. ശനിയാഴ്ച നടന്ന രണ്ടാം പോരാട്ടത്തില്‍ ബര്‍തൊലോമ്യു ഒഗ്ബെച്ചെ(Bartholomew Ogbeche) ഐഎസ്എല്‍ ഗോള്‍ വേട്ടയില്‍ റെക്കോര്‍ഡിട്ട ആവേശപ്പോരാട്ടത്തില്‍ എഫ് സി ഗോവയെ(FC Goa) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ആദ്യ പകുതിയില്‍ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു.
ഒഗ്ബെച്ചെ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ജോവ വിക്ടറാണ് ഹൈദരാബാദിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ജോര്‍ജെ മെന്‍ഡോസയും ദേവേന്ദ്ര മുരുഗോങ്കറുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 25-ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് മുന്നിലെത്തിയത്. 35-ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഗോളില്‍ ഗോവ സമനില പിടിച്ചു. എന്നാല്‍ ആദ്യ പകതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ഒഗ്ബെച്ചെ വീണ്ടും ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ജോവ വിക്ടര്‍ ഹൈദരാബാദിന്‍റെ ലീഡ‍് രണ്ടാക്കി ഉയര്‍ത്തി. രണ്ട് മിനിറ്റിനകം ദേവേന്ദ്ര മുരുഗോങ്കറുടെ ഗോളിലൂടെ ഗോവ ഒരു ഗോള്‍ മടക്കി സമനിലക്കായി പൊരുതിയെങ്കിലും ഹൈദരാബാദ് പ്രതിരോധം വഴങ്ങിയില്ല. ഗോളടിച്ചത് കൂടുതല്‍ ഹൈദരാബാദാണെങ്കിലും ഗോളിലേക്ക് കൂടുതല്‍ തവണ ലക്ഷ്യം വെച്ചത് ഗോവയായിരുന്നു. ഏഴ് തവണ ഗോവ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചപ്പോള്‍ ഹൈദരാബാദ് നാലു തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ചു. ഇതില്‍ മൂന്നെണ്ണം ലക്ഷ്യം കാണുകയും ചെയ്തു.
ഇരട്ട ഗോള്‍ നേടിയതോടെ ഐഎസ്എല്‍ ഗോള്‍ വേട്ടയില്‍ 51 ഗോളുകളുമായി ബര്‍തൊലോമ്യു ഒഗ്ബെച്ചെ സുനില്‍ ഛേത്രിയെ മറികടന്ന് ഐഎസ്എല്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ജയത്തോടെ 17 കളികളില്‍ 32 പോയന്‍റുമായി ഹെദരാബാദ് എഫ് സി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍ 16 കളികളില്‍ 30 പോയന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 15 കളികളില്‍ 28 പോയന്‍റുള്ള ജംഷഡ്പൂര്‍ മൂന്നാമതും 16 കളികളില്‍ 27 പോയന്‍റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്.