മധ്യനിരയിലെ മജീഷ്യന്‍, വല തുളച്ച മിന്നലുമായി അനിരുദ്ധ് ഥാപ്പ ഹീറോ ഓഫ് ദ് മാച്ച്
ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ ഇസ്‌മയെ മറികടന്നായിരുന്നു ഥാപ്പയുടെ നേട്ടം.
വാസ്‌കോ: ഐഎസ്‌എൽ ഏഴാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വിജത്തുടക്കം സമ്മാനിച്ചത് അനിരുദ്ധ് ഥാപ്പയുടെ മിന്നും പ്രകടനമാണ്. ചെന്നൈയിൻ ഒന്നിനെതിരെ രണ്ട് ഗോളിന് ജെംഷഡ്‌പൂരിനെ തോല്‍പിച്ചപ്പോള്‍ ആദ്യ ഗോള്‍ ഥാപ്പയുടെ വകയായിരുന്നു. ആദ്യ മത്സരം തന്നെ ഗംഭീരമാക്കിയ ഥാപ്പയായിരുന്നു കളിയിലെ താരം. ഒരു ഗോളും അസിസ്റ്റുമായി തിളങ്ങിയ സഹതാരം ഇസ്‌മയെ മറികടന്നായിരുന്നു ഥാപ്പയുടെ നേട്ടം.
ആദ്യമിനിറ്റ് പൂർത്തിയാവും മുൻപായിരുന്നു അനിരുദ്ധ് ഥാപ്പയുടെ ഒന്നാന്തരം ഷോട്ട്. വലതുവിങ്ങില്‍ നിന്ന് ഇസ്‌മ നിലംതൊട്ട് പായിച്ച ക്രോസില്‍ ഥാപ്പയുടെ വലത് ബൂട്ട് മിന്നല്‍ വേഗം ആര്‍ജിച്ചു. ഐഎസ്എൽ ഏഴാം സീസണിൽ ഇന്ത്യൻ താരത്തിന്റെ ആദ്യഗോളിനായുള്ള കാത്തിരിപ്പിന് ഇതോടെ അവസാനമായി. സീസണിലെ അഞ്ചാം മത്സരത്തിലാണ് ഇന്ത്യൻ താരം ഗോൾപട്ടികയിൽ ഇടംപിടിച്ചത്. ഗോളിന് പുറമെ മധ്യനിരയില്‍ ചടുല നീക്കങ്ങളുമായും 22കാരനായ ഥാപ്പ നിറഞ്ഞുനിന്നു.
ഐഎസ്‌എൽ ചരിത്രത്തില്‍ നാലാം തവണയാണ് ചെന്നൈയിൻ താരം സീസണിൽ ആദ്യഗോൾ എന്ന നേട്ടം സ്വന്തമാക്കുന്നത്. 2014ൽ ബൽവന്ദ് സിംഗും, 2015ൽ ജെജെ ലാൽപെഖുലയും 2016ൽ ജയേഷ് റാണയുമാണ് ഗോൾപട്ടികയിൽ ആദ്യം ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ. ഇവരെല്ലാം ചെന്നൈയിൻ എഫ്‌സിയുടെ താരങ്ങളായിരുന്നു.
ജെംഷഡ്‌പൂരിന് മേല്‍ വീശിയടിച്ച് ഇസ്‌മയും ഥാപ്പയും; ചെന്നൈയിന് ജയത്തുടക്കം