മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു; റയലിന് ലെവാന്‍റെയുടെ ഷോക്ക്
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്സനല്‍ വമ്പന്‍ പോരാട്ടം ഒപ്പത്തിനൊപ്പം.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഷെഫീൽഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് സിറ്റി തോൽപ്പിച്ചു. ഒമ്പതാം മിനിറ്റില്‍ ഗബ്രിയേൽ ജെസ്യൂസ് ആണ് വിജയഗോള്‍ നേടിയത്. സീസണിൽ സിറ്റിയുടെ 13-ാം ജയമാണിത്. 20 കളിയിൽ സിറ്റിക്ക് 44 പോയിന്‍റുണ്ട്. ബുധനാഴ്ച ബേൺലിക്കെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്സനല്‍ വമ്പന്‍ പോരാട്ടം ഒപ്പത്തിനൊപ്പം. ഇരു ടീമിനും ഗോള്‍ നേടാനായില്ല. 21 കളിയില്‍ 41 പോയിന്‍റുമായി യുണൈറ്റഡ് രണ്ടാമതും 31 പോയിന്‍റുള്ള ആഴ്‌സനല്‍ ഒമ്പതാം സ്ഥാനത്തുമാണ്.
റയലിന് ഷോക്ക്
സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. ലെവാന്‍റെ റയലിനെ അട്ടിമറിച്ചു. 13-ാം മിനിറ്റില്‍ മുന്നിലെത്തിയിട്ടും രണ്ട് ഗോള്‍ വഴങ്ങിയാണ് റയലിന്‍റെ തോൽവി. 13-ാം മിനിറ്റില്‍ അസെന്‍സിയോ ആണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാൽ 32-ാം മിനിറ്റില്‍ മോറെയിലസും, 78-ാം മിനിറ്റിൽ റോജര്‍ മാര്‍ട്ടിയും നേടിയ ഗോളില്‍ ലെവാന്‍റെ ജയം സ്വന്തമാക്കി.
ഒമ്പതാം മിനിറ്റ് മുതൽ 10 പേരുമായാണ് റയൽ കളിച്ചത്. 64 ആം മിനിറ്റിൽ കോര്‍ട്വാ പെനാൽറ്റി രക്ഷപ്പെടുത്തിയിട്ടും റയലിന് തോൽവി ഒഴിവാക്കാനായില്ല. ലീഗില്‍ തോൽവി അറിയാതെ ഒമ്പത് മത്സരത്തിന് ശേഷമാണ് റയലിന് അടിതെറ്റുന്നത്. ഇതോടെ അത്‌ലറ്റിക്കോയുമായി ഏഴ് പോയിന്‍റ് പിന്നിൽ റയൽ തുടരും
എ സി മിലാന്‍ മുന്നോട്ട്
ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ എ സി മിലാന്‍ ജൈത്രയാത്ര തുടരുന്നു. ബോളോഗ്നയെ ഒന്നിനെതിരെ രണ്ട് ഗോളിന് എ സി മിലാന്‍ തോൽപ്പിച്ചു. 26-ാം മിനിറ്റില്‍ ആന്‍റേ റെബിച്ചിലൂടെ എ സി മിലാന്‍ മുന്നിലെത്തി. 55-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സീ ലീഡുയര്‍ത്തി. 81-ാം മിനിറ്റില്‍ ആന്ദ്രേയ പോലി ഒരു ഗോള്‍ മടക്കിയെങ്കിലും സീസണിലെ 14-ാം ജയം എ സി മിലാന് നഷ്ടമായില്ല. 20 കളിയിൽ 46 പോയിന്‍റുള്ള എ സി മിലാന്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരും.
നോര്‍ത്ത് ഈസ്റ്റിന്‍റെ ജമൈക്കന്‍ കരുത്ത്; ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരം