ഡീഗോ മറഡോണയുടെ ശസ്‌ത്രക്രിയ വിജയകരമെന്ന് ഡോക്‌ടര്‍; ആശുപത്രി പരിസരത്ത് തടിച്ചുകൂടി ആരാധകര്‍
ദിവസങ്ങളായി ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ചിരുന്ന മറഡോണയെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ദിവസങ്ങളായി ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ചിരുന്ന മറഡോണയെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മുന്‍താരത്തിന്‍റെ ആരോഗ്യനിലയില്‍ ഭയക്കാനില്ലെന്നും ശസ്‌ത്രക്രിയ വിജയകരമാണെന്നും ഡോക്‌ടര്‍ വ്യക്തമാക്കി.
അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അര്‍ജന്‍റീനന്‍ ഇതിഹാസ താരത്തിന്‍റെ ചികില്‍സ. മറഡോണയുടെ അടിയന്തിര ശസ്‌ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് താരത്തിന്‍റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും തടിച്ചുകൂടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വിളര്‍ച്ചയും നിര്‍ജലീകരണവും വിഷാദവും താരത്തെ അലട്ടുന്നുണ്ട്. ഒരാഴ്‌ചയായി ഭക്ഷണം കഴിക്കാന്‍ താരം വിമുഖത കാട്ടിയിരുന്നു. ഇതിനൊപ്പം നിരവധി ജീവിതശൈലി രോഗങ്ങള്‍ മറഡോണയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലട്ടുന്നുണ്ട്. രണ്ട് തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു. 2019ല്‍ വയറ്റില്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നും മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ വെള്ളിയാഴ്‌ച മറഡോണയ്‌ക്ക് 60 വയസ് തികഞ്ഞിരുന്നു.
ചാമ്പ്യന്‍സ് ലീഗ്: റയല്‍ വിജയവഴിയില്‍, വമ്പന്‍ ജയവുമായി ലിവറും സിറ്റിയും ബയേണും