World Chocolate Day 2023 : നിങ്ങൾ ചോക്ലേറ്റ് പ്രിയരാണോ ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്
ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചോക്ലേറ്റ് പ്രിയരാണ് നമ്മളിൽ അധികം പേരും. നാളെ ലോക ചോക്ലേറ്റ് ദിനമാണ്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് ഏറെ മുന്നിലാണ് . ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു. മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.
ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാം, ഡാർക്ക് ചോക്ലേറ്റ്, കൊക്കോ എന്നിവ കഴിക്കുന്നത് കൊറോണറി രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2017 ലെ ഒരു പഠനം കണ്ടെത്തി.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ നടത്തിയ പഠനത്തിൽ ഈ കോമ്പിനേഷൻ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനുകളുടെ (എൽഡിഎൽ) എണ്ണം ഗണ്യമായി കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്. മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റിന് ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎൽ വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും കുറയ്ക്കാൻ സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാനും തലച്ചോറിനെ പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. 2012-ൽ, നോട്ടിംഗ്ഹാം സർവകലാശാലയിലെ ഗവേഷകർ, ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലെ ചില പ്രധാന ഭാഗങ്ങളിലേക്ക് രക്തയോട്ടം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകൾ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഡാർക്ക് ചോക്ലേറ്റിൽ കലോറി അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഭക്ഷണത്തിന് ശേഷം ഡാർക്ക് ചോക്ലേറ്റ് ഡെസേർട്ടായി കഴിച്ചാൽ അത് ശരീരഭാരം കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് മറ്റൊരു പഠനം പറയുന്നു.
Read more ദിവസവും നിലക്കടല കഴിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം