ഉപയോഗിച്ച എണ്ണ പിന്നെയും ഉപയോഗിക്കുന്നത് കൊളസ്ട്രോളിന് കാരണമാകുമോ? അറിയേണ്ട ചിലത്...

മിക്കവരും ഇന്ന് അധികവും പുറത്തുനിന്നുള്ള ഭക്ഷണത്തെ തന്നെയാണ് ആശ്രയിക്കാറ്. ഈ ശീലം ആരോഗ്യത്തിന് മുകളിലുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്

reuse of cooking oils may lead to cholesterol hyp

നമ്മള്‍ എന്തുതരത്തിലുള്ള ഭക്ഷണങ്ങളാണോ കഴിക്കുന്നത്, അത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ വലിയ അളവില്‍ സ്വാധീനിക്കുന്നു. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണരീതിയാകണം നാം പിന്തുടരേണ്ടത്. എന്നാല്‍ പലപ്പോഴും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയെടുക്കാൻ നമ്മളില്‍ അധികപേര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. 

മിക്കവരും ഇന്ന് അധികവും പുറത്തുനിന്നുള്ള ഭക്ഷണത്തെ തന്നെയാണ് ആശ്രയിക്കാറ്. ഈ ശീലം ആരോഗ്യത്തിന് മുകളിലുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഉപയോഗിച്ച എണ്ണ തന്നെ പിന്നെയും ചൂടാക്കി ഉപയോഗിക്കരുത് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് ശരീരത്തിന് ദോഷമാണെന്നും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എങ്ങനെയാണ് ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നമ്മെ ബാധിക്കുകയെന്നാണ് ഇനി വിശദമാക്കുന്നത്. അധികവും ഹോട്ടലുകളിലും ബേക്കറികളിലുമാണ് ഇത്തരത്തില്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യമുള്ളത്. 

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍...

ഉപയോഗിച്ച എണ്ണ പിന്നെയും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് തീര്‍ച്ചയായും വെല്ലുവിളി തന്നെയാണ്. അത് പല രീതിയിലുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ ആരോഗ്യാവസ്ഥയും പ്രായവുമെല്ലാം ഇതില്‍ ഘടകമായും വരാം. 

പ്രത്യേകിച്ച് ഉപയോഗിച്ച എണ്ണം പിന്നെയും ചൂടാക്കി ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പ്രായമായവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, നേരത്തെ തന്നെ കൊളസ്ട്രോള്‍ - തുടങ്ങിയ ജീവിതശൈലീരോഗമുള്ളവര്‍ എന്നിവരാകുമ്പോള്‍ സങ്കീര്‍ണതകള്‍ വര്‍ധിക്കുന്നു. 

കൊളസ്ട്രോള്‍ മാത്രമല്ല- ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉപയോഗിച്ച എണ്ണ പിന്നെയും ചൂടാക്കി ഉപയോഗിക്കുന്ന ശീലം മൂലമുണ്ടാകാം. പല വട്ടം ചൂടാക്കുമ്പോള്‍ എണ്ണയിലുള്ള ട്രാൻസ് ഫാറ്റ്സ് ഏറെ വര്‍ധിക്കുന്നു. ഇതാണ് പ്രധാനമായും ഹൃദയത്തിന് പ്രശ്നമായി വരുന്നത്. കൊളസ്ട്രോള്‍ തന്നെ ഹൃദയത്തെ മോശമായി ബാധിക്കുന്നതിലേക്ക് ക്രമേണ നയിക്കുന്നു. ഇതും ഒരു 'റിസ്ക്' തന്നെയാണ്.

ഉപയോഗിച്ച എണ്ണ പിന്നെയും ഉപയോഗിക്കുന്നത് വഴി വയറിനും പ്രശ്നം പറ്റാം. ഇത് അധികവും പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് സംഭവിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉപയോഗിച്ച എണ്ണ സൂക്ഷിച്ച ശേഷം വീണ്ടുമുപയോഗിക്കുമ്പോഴാണ് ഇതിനുള്ള സാധ്യതയുണ്ടാകുന്നത്.  

ചെയ്യേണ്ട കാര്യങ്ങള്‍...

ഉപയോഗിച്ച എണ്ണ, പ്രത്യേകിച്ച് ഡീപ് ഫ്രൈയിംഗിനും മറ്റും ഉപയോഗിച്ചത് പിന്നീട് ഉപയോഗിക്കാതിരിക്കലാണ് ഏറ്റവും നല്ലത്. ഡീപ് ഫ്രൈയിംഗിന് നേരത്തെ ഉപയോഗിച്ച എണ്ണ പരമാവധി ഒരിക്കല്‍ കൂടി ഇതേ കാര്യത്തിന് ഉപയോഗിക്കാം. എന്നാലീ എണ്ണ മെഴുക്കുപുരട്ടിയോ, തോരനോ പോലുള്ള വിഭവങ്ങളുണ്ടാക്കാനോ മറ്റ് കറികളിലേക്ക് താളിച്ചെടുക്കുന്നതിനോ ഒന്നും ഉപയോഗിക്കാതിരിക്കുക. 

എന്നാല്‍ ചപ്പാത്തിയോ മറ്റോ തയ്യാറാക്കുമ്പോള്‍ തൊട്ടുകൊടുക്കാനായി ഒരിക്കലുപയോഗിച്ച എണ്ണയെടുക്കാം. കാരണം ഇത് വീണ്ടും ഏറെ ചൂടാകുന്ന സാഹചര്യമുണ്ടാകില്ലല്ലോ. ഒരിക്കലുപയോഗിച്ച എണ്ണ തന്നെ അരിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം വേണം വീണ്ടുമുപയോഗിക്കാൻ. ഇത് അധികകാലം എടുത്ത് വച്ച ശേഷം ഉപയോഗിക്കുകയുമരുത്. 

എണ്ണയ്ക്ക് മുകളില്‍ പാട പോലെ കാണുകയാണെങ്കിലോ, ഗന്ധത്തിലോ നിറത്തിലോ അസാധാരണമായ മാറ്റങ്ങളുണ്ടെങ്കിലോ ഉപയോഗിച്ച എണ്ണ പിന്നെയും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ.

Also Read:- നേന്ത്രപ്പഴം കഴിക്കുന്നത് 'എനര്‍ജി' കൂട്ടുമോ? ഇതാ ഉന്മേഷം കൂട്ടാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios