ഇനി ആവോളം കഴിക്കാം പൊറോട്ട, ജിഎസ്ടി 18 ൽ നിന്ന് 5 ലേക്ക്; നിയമ യുദ്ധത്തിൽ വിജയിച്ച് മലബാർ പൊറോട്ട കമ്പനി
പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക
കൊച്ചി: പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി മാത്രമെ ഈടാക്കാവൂ എന്ന് ഹൈക്കോടതി. ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്‍റെ ഉത്തരവ്.
ഇതോടെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക. കേരളാ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് ഉത്തരവ് പ്രകാരമായിരുന്നു പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയത്. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരെയാണ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചത്.
നേരത്തെ കമ്പനി അധികൃതർ എ എ ആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും വീണ്ടും പാകം ചെയ്യേണ്ടതിനാൽ റൊട്ടിയുടെ ഗണത്തിൽ പെടുത്താൻ ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം