ഫുഡ് വീഡിയോകള്‍ കാണുമ്പോള്‍ കൊതി വരാറുണ്ടോ? ഇതിന് പിന്നിലൊരു കാരണമുണ്ട്...
ഭക്ഷണം കണ്ടുകഴിയുമ്പോള്‍, അത് നേരിട്ടോ ചിത്രങ്ങളോ വീഡിയോകളോ എല്ലാമാണെങ്കിലും നമ്മുടെ തലച്ചോര്‍ അത് 108 മില്ലിസെക്കൻഡുകള്‍ കൊണ്ട് തന്നെ തിരിച്ചറിയുമെന്നാണ് ഈ പഠനം പറയുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്ന വീഡിയോകളില്‍ മിക്കവയും ഫുഡ് വീഡിയോകളായിരിക്കും. ഏതെങ്കിലും വിഭവങ്ങളുടെ റെസിപി പരിചയപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പുത്തൻ ട്രെൻഡുകളോ എല്ലാമായിരിക്കും ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളുടെ ഉള്ളടക്കം.
അത് എന്തുതന്നെ ആയാലും ഭക്ഷണം കണ്ടുകഴിയുമ്പോള്‍ മിക്കവരിലും അതിനോടൊരു കൊതി തോന്നാറുണ്ട്, അല്ലേ? ഇത് നമ്മുടെ വിശപ്പ്, ഇഷ്ടവിഭവങ്ങള്‍- ഇഷ്ടമില്ലാത്ത വിഭവങ്ങള്‍, വൈകാരികാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങളെ കൂടി ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുക.
എങ്കിലും ഫുഡ് വീഡിയോകള്‍ നമ്മളില്‍ കൊതി ജനിപ്പിക്കാറുണ്ടെന്നത് സത്യമാണ്. എന്തുകൊണ്ടാണ് പക്ഷേ ഇങ്ങനെ സംഭവിക്കുന്നത്? ഇതിനുള്ള കാരണം വിശദീകരിക്കുകയാണ് ഏറ്റവും പുതിയൊരു പഠനം.
ഭക്ഷണം കണ്ടുകഴിയുമ്പോള്‍, അത് നേരിട്ടോ ചിത്രങ്ങളോ വീഡിയോകളോ എല്ലാമാണെങ്കിലും നമ്മുടെ തലച്ചോര്‍ അത് 108 മില്ലിസെക്കൻഡുകള്‍ കൊണ്ട് തന്നെ തിരിച്ചറിയുമെന്നാണ് ഈ പഠനം പറയുന്നത്. 'ന്യൂ സയിന്‍റിസ്റ്റ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ഇത്രയും വേഗതയില്‍ എങ്ങനെയാണ് തലച്ചോര്‍ ഭക്ഷണത്തെ തിരിച്ചറിയുന്നത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ വിശദീകരണങ്ങള്‍ നല്‍കാൻ ശാസ്ത്രലോകത്തിന് കഴിയുന്നില്ല. ഒരുപക്ഷേ പണ്ട് വേട്ടയാടിയും മറ്റും ഭക്ഷണം കണ്ടെത്തിയിരുന്ന കാലത്ത് മനുഷ്യന് ഏറ്റവുമാദ്യം ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സെൻസ് കാഴ്ചയായിരുന്നതിനാലാകാം ഭക്ഷണത്തിന്‍റെ ഗന്ധത്തെക്കാള്‍ കാഴ്ച നമ്മളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.
ഭക്ഷണം കാണുമ്പോള്‍ മനുഷ്യന്‍റെ തലച്ചോറില്‍ നടക്കുന്ന ഇലക്ട്രിക്കല്‍ പ്രവര്‍ത്തനം 'ഇലക്ട്രോ എൻസെഫലോഗ്രാം' വച്ച് മോണിട്ടര്‍ ചെയ്താണത്രേ ഗവേഷകര്‍ ഇതെല്ലാം കണ്ടെത്തിയത്.
ഫുഡ് വീഡിയോകള്‍ കാണുമ്പോഴോ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വിഭവങ്ങള്‍ കാണുമ്പോഴോ എല്ലാം പെട്ടെന്ന് തന്നെ കൊതിയനുഭവപ്പെടുന്നത് എന്തുകൊണ്ടെന്നതിന് ഇപ്പോഴൊരു കാരണം വ്യക്തമായല്ലോ...
Also Read:- ദിവസവും ബദാം മില്‍ക്ക് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-