ചോറില്‍ വെള്ളം കൂടിയാല്‍ ഇത് പരിഹരിക്കാൻ എന്ത് ചെയ്യാം?; ഇതാ ചില ടിപ്സ്...
ചോറ് തയ്യാറാക്കുമ്പോള്‍ ചില ദിവസങ്ങളിലെങ്കിലും അശ്രദ്ധ കൊണ്ട് ചോറില്‍ വെള്ളം ഏറുകയോ ചോറ് ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലെത്തുകയോ ചെയ്യാം. അരിയിടുമ്പോള്‍ തന്നെ വെള്ളം അധികമാകുന്നതോ, അരി നല്ലരീതിയില്‍ കഴുകാത്തതിനാല്‍ സ്റ്റാര്‍ച്ച് നീങ്ങിപ്പോകാത്തതോ, വേവ് കൂടിപ്പോകുന്നതോ എല്ലാമാകാം ഇതിനെല്ലാം കാരണമാകുന്നത്.
ചോറ് കഴിക്കുന്ന കാര്യത്തില്‍ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ ഇന്ന് കൂടുതലാണെങ്കില്‍ പോലും ചോറ് തന്നെയാണ് നമ്മുടെ ഒരു പ്രധാന ആഹാരമെന്ന് നിസംശയം പറയാം. അതിനാല്‍ തന്നെ പാചകം പതിവായിട്ടുള്ള വീടുകളിലെല്ലാം തന്നെ ചോറ് പാകം ചെയ്യുന്നതും പതിവായിരിക്കും.
ഇത്തരത്തില്‍ ചോറ് തയ്യാറാക്കുമ്പോള്‍ ചില ദിവസങ്ങളിലെങ്കിലും അശ്രദ്ധ കൊണ്ട് ചോറില്‍ വെള്ളം ഏറുകയോ ചോറ് ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലെത്തുകയോ ചെയ്യാം. അരിയിടുമ്പോള്‍ തന്നെ വെള്ളം അധികമാകുന്നതോ, അരി നല്ലരീതിയില്‍ കഴുകാത്തതിനാല്‍ സ്റ്റാര്‍ച്ച് നീങ്ങിപ്പോകാത്തതോ, വേവ് കൂടിപ്പോകുന്നതോ എല്ലാമാകാം ഇതിനെല്ലാം കാരണമാകുന്നത്.
എന്തായാലും ഇങ്ങനെ സംഭവിച്ചാല്‍ ചോറ് അധികമായി വെള്ളം മാറ്റി, ഒട്ടിപ്പിടിക്കാത്ത അവസ്ഥയിലേക്ക് എങ്ങനെ എത്തിക്കാമെന്നതിന് അഞ്ച് ടിപ്സാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആദ്യമായി ചെയ്യാവുന്നത് ചോറ് നല്ലരീതിയില്‍ അരിപ്പയോ മറ്റോ വച്ച് ഊറ്റി, ഇതിലെ അധികവെള്ളം മാറ്റണം. ശേഷം വീണ്ടും ഈ ചോറെടുത്ത് വേവിച്ച പാത്രത്തില്‍ തന്നെയാക്കി ഒന്നുകൂടി ചൂടാക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ അധികമായി വെള്ളമുള്ളത് വറ്റിപ്പോകാം. പക്ഷേ വേവ് കൂടിയ ചോറ് ആണെങ്കില്‍ ഇങ്ങനെ ചെയ്യരുത്.
രണ്ട്...
വേവേറിപ്പോവുകയോ ചോറ് ഒട്ടിപ്പിടിക്കുന്ന അവസ്ഥയിലെത്തുകയോ ചെയ്താല്‍ ചോറ് പരന്നൊരു പാത്രത്തില്‍ പരത്തിയിട്ട് ഇത് 20- 30 മിനുറ്റ് നേരത്തേക്ക് ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ചോറെടുത്ത് ഓവനിലോ മറ്റോ ചൂടാക്കി ഉപയോഗിക്കാം.
മൂന്ന്...
ചോറില്‍ നനവ് കൂടിയാലോ ഒട്ടിപ്പിടിക്കുന്ന അവസ്ഥയില്‍ ആയാലോ ചോറ് ബേക്കിംഗ് ട്രേയില്‍ ബേക്കിംഗ് പേപ്പര്‍ വച്ച് പരത്തിയിട്ട് 180 ഡിഗ്രി സെല്‍ഷ്യസില്‍ നാലോ അഞ്ചോ മിനുറ്റ് ചൂടാക്കുക. ഇതും അധികമുള്ള നനവ് മാറ്റാൻ സഹായിക്കും.
നാല്....
ഓവനില്‍ അടപ്പ് കൂടാതെ ചോറ് പാത്രത്തിലാക്കി ഉയര്‍ന്ന താപനിലയില്‍ രണ്ടോ മൂന്നോ മിനുറ്റ് വച്ച് എടുക്കുന്നതും നനവിന്‍റെ അംശം മാറ്റാൻ സഹായിക്കും.
അഞ്ച്...
ചോറില്‍ നനവേറിയാല്‍ ബ്രഡ് സ്ലൈസുകളുപയോഗിച്ചും ഈ നനവിനെ മാറ്റിയെടുക്കാം. ചോറിട്ട പാത്രത്തില്‍ ചോറിന് മുകളിലായി ബ്രഡ് സ്ലൈസുകള്‍ നികന്ന് വയ്ക്കുക. ശേഷം ഏറ്റവും കുറഞ്ഞ തീയില്‍ ഏതാനും നിമിഷത്തേക്ക് അടുപ്പില്‍ വയ്ക്കുക. ഇത് കഴിയുമ്പോള്‍ ബ്രഡ് സ്ലൈസുകള്‍ ചോറിലെ നനവ് വലിച്ചെടുത്തത് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-