മുലയൂട്ടുന്ന അമ്മമാർക്ക് കോഫി കുടിക്കാമോ?
ഗർഭാവസ്ഥയില്‍ ചായ, കോഫി എന്നിവയുടെ ഉപയോഗം കുറയ്ക്കാനോ പൂര്‍ണ്ണമായി ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇനി മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോഫി കുടിക്കാമോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
ഗർഭാവസ്ഥയില്‍ ചായ, കോഫി എന്നിവയുടെ ഉപയോഗം കുറയ്ക്കാനോ പൂര്‍ണ്ണമായി ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കാരണം കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ വളര്‍ച്ചയെ ബാധിച്ചേക്കാം. അതുകൊണ്ട് അമ്മയാകാന്‍ പോകുന്നുവെന്ന് അറിയുമ്പോള്‍ മുതല്‍ കോഫി കുടിക്കുന്ന ശീലമങ്ങ് നിര്‍ത്തിയേക്കണം എന്നാണ് പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ കോഫി കുടിക്കാന്‍ കൊതി തോന്നുന്നതിന് അമ്മമാരെ കുറ്റം പറയാന്‍ കഴിയില്ല. വളരെയധികം ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ് കോഫി. ഇനി മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോഫി കുടിക്കാമോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോഫി കുടിക്കാം. പക്ഷേ അതിനൊരു അളവുണ്ട്. ഒരു ദിവസം 300 മില്ലിഗ്രാം കഫൈന്‍ മാത്രമേ ആകാവൂ. അതായത് ഒരു കപ്പില്‍ കൂടുതല്‍ കോഫി കുടിക്കരുത് എന്നുസാരം.
എനര്‍ജി പാനീയങ്ങള്‍, സോഡ, ചോക്ലേറ്റ് എന്നിവയില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒഴിവാക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞ് പാല്‍ കുടിക്കാന്‍ മടി കാണിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡയറ്റില്‍ നിന്ന് കഫൈന്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.