മുട്ട ചീത്തയായോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ ചില ടിപ്സ്...
ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ വയ്ക്കാം. ഇതുതന്നെ ഫ്രിഡ്ജിലാണെങ്കില്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും.
നമ്മള്‍ നിത്യവും വീട്ടില്‍ ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട എന്ന് വേണമെങ്കില്‍ പറയാം. അത്രമാത്രം ആളുകള്‍ ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. ചിലരുണ്ട്, മുട്ട കഴിക്കാത്തവര്‍. അവരെ ഒഴിവാക്കി നിര്‍ത്തിയാല്‍ ബാക്കി ആളുകളില്‍ മഹാഭൂരിപക്ഷം പേരും ദിവസവും തന്നെ മുട്ട കഴിക്കാറുള്ളവരായിരിക്കും.
ഏറ്റവും വിലക്കുറവില്‍ നമുക്ക് ഇത്രമാത്രം പ്രോട്ടീനും മറ്റ് പോഷകങ്ങളും നല്‍കാനാകുന്ന ഭക്ഷണം കൂടിയാണ് മുട്ട. വിലക്കുറവാണെന്നത് മാത്രമല്ല- എളുപ്പത്തില്‍ പാകം ചെയ്യാമെന്നതും മുട്ടയുടെ ഉപയോഗം വ്യാപകമാക്കുന്നു. മുട്ട പുഴുങ്ങിയും, ഓംലെറ്റാക്കിയും, കറിയാക്കിയും, ബുള്‍സൈ ആക്കിയും, ടോസ്റ്റ് ആക്കിയുമെല്ലാം ആണ് പതിവായി നാം കഴിക്കാറ്.
മറ്റ് പല വിഭവങ്ങളിലേക്കും ചേരുവയായും മുട്ട ചേര്‍ക്കാറുണ്ട്. അത് വേറെ കാര്യം.
എന്തായാലും മുട്ട പതിവായി ഉപയോഗിക്കുന്ന ഭക്ഷണസാധനമായതിനാല്‍ തന്നെ മിക്കവരും ഇത് ഒന്നിച്ച് വാങ്ങി വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. ഇങ്ങനെ സൂക്ഷിക്കുമ്പോള്‍ മുട്ട ചീത്തയായിപ്പോകാം എന്ന ധാരണയും പലര്‍ക്കുമില്ല. ചില കടകളില്‍ നിന്ന് വാങ്ങിക്കുന്ന മുട്ടയില്‍ അതിന്‍റെ എക്സ്പെയറി ഡേറ്റ് എഴുതിയിട്ടുണ്ടാകും. എന്നാല്‍ അധികവും ഇങ്ങനെയല്ലാതെ ലൂസായിട്ടാണ് കടകളില്‍ നിന്ന് മുട്ട വാങ്ങിക്കാൻ കിട്ടാറ്.
അങ്ങനെ വരുമ്പോള്‍ നമ്മള്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കണം. ഒരാഴ്ച വരെയൊക്കെ നനവോ ഈര്‍പ്പമോ ഇല്ലാത്ത സ്ഥലത്ത് മുട്ട കേടാകാതെ വയ്ക്കാം. ഇതുതന്നെ ഫ്രിഡ്ജിലാണെങ്കില്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും.
ഇനി അഥവാ കേടായ മുട്ട ഉപയോഗിച്ചാലോ? കേടായ മുട്ട ഉപയോഗിച്ചെന്ന് കരുതി എന്ത് സംഭവിക്കാൻ എന്ന് ചിന്തിക്കുന്നവരുണ്ട്. അത് അല്‍പം പ്രശ്നമുള്ള ചിന്തയാണ്.
മുട്ടയില്‍ പല പോഷകങ്ങളുമുണ്ടല്ലോ. ഇവയെല്ലാം ദിവസം ചെല്ലുംതോറും കഴിവ് കുറഞ്ഞ് മങ്ങിക്കൊണ്ടിരിക്കും. ഇതിന് അനുസരിച്ച് മുട്ടയില്‍ രോഗാണുക്കള്‍ ആരോഗ്യം പ്രാപിച്ച് വന്നുകൊണ്ടിരിക്കും. ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെത്തിയാല്‍ ഭക്ഷ്യവിഷബാധ അടക്കം പല പ്രയാസങ്ങളും ഉണ്ടാകാം. ഭക്ഷ്യവിഷബാധ എത്രമാത്രം ഗൗരവമാകാവുന്ന അവസ്ഥയാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇനി മുട്ട ചീത്തയായോ അല്ലയോ എന്നെങ്ങനെ തിരിച്ചറിയും എന്ന ആശയക്കുഴപ്പം. ഇത് പരിഹരിക്കാനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്നാമതായി, മുട്ട വെള്ളം നിറച്ച പാത്രത്തില്‍ മുക്കിവയ്ക്കുക. മുട്ട വെള്ളത്തില്‍ നന്നായി താഴുന്നുണ്ടെങ്കില്‍ ഫ്രഷ് ആണെന്ന് മനസിലാക്കാം. അല്‍പം പൊങ്ങിയിരുന്നാല്‍ അത്ര ഫ്രഷ് അല്ലെന്ന് സാരം. എങ്കിലും കഴിക്കാം. എന്നാല്‍ മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുവെങ്കില്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
രണ്ടാമതായി, മുട്ട പൊട്ടിക്കുമ്പോള്‍ അതിനകത്ത് ചുവന്ന നിറത്തില്‍ പാടുകളോ കലക്കമോ ഉണ്ടോയെന്നത് നോക്കണം. ഉണ്ട് എങ്കില്‍ ആ മുട്ട ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മുട്ടയ്ക്ക് അകത്ത് കെമിക്കല്‍ റിയാക്ഷൻ നടന്നുവെന്നതിന്‍റെ സൂചനയാണ് ഈ ചുവപ്പ്.
മൂന്നാമതായി, മുട്ട പൊട്ടിക്കുമ്പോള്‍ ഇതിന്‍റെ ഗന്ധത്തില്‍ വന്ന വ്യത്യാസത്തിലൂടെയും മുട്ടയുടെ പഴക്കം മനസിലാക്കാം. മുട്ടയ്ക്ക് പൊതുവില്‍ ഒരു ഗന്ധമുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അല്‍പം രൂക്ഷമായ ഗന്ധം വരുന്നുവെങ്കിലും ആ മുട്ട ഉപേക്ഷിക്കണം.
നാലാമതായി, മുട്ട പൊട്ടിക്കും മുമ്പെ തന്നെ കുലുക്കി നോക്കാം. മുട്ട കുലുക്കുമ്പോള്‍ അകത്ത് ദ്രാവകം പരന്നൊഴുകുന്ന പ്രതീതിയാണ് ശബ്ദം നല്‍കുന്നതെങ്കില്‍ മുട്ട ചീത്തയായി എന്ന് അനുമാനിക്കാം. ഫ്രഷ് ആണെങ്കില്‍ മുട്ട കുലുക്കുമ്പോള്‍ കനത്തില്‍ ഉള്ള് പൊട്ടാതെ തന്നെ അത് നീങ്ങുന്നതായി മനസിലാക്കാൻ സാധിക്കും.
Also Read:- മസാല ദോശയൊക്കെ ഇവിടെ വരെ എത്തിയോ?; രസകരമായ ഫുഡ് വ്ളോഗ് കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-